പുഷ്പങ്ങൾ മാത്രമല്ല മുള്ളുകളും ഉണ്ടാകും, അതിനൊന്നും പ്രശ്നമില്ല -ലോകായുക്ത നോട്ടീസിനെ കുറിച്ച് കെ.കെ. ശൈലജ
text_fieldsകുവൈത്ത് സിറ്റി: പി.പി.ഇ കിറ്റുകള്‍ വാങ്ങിയ കെ.എം.എസ്.സി.എല്‍ ഇടപാട് സുതാര്യമാണെന്നും ഇത്തരം പ്രവൃത്തികൾക്ക് പുഷ്പങ്ങൾ മാത്രമല്ല മുള്ളുകളും ഉണ്ടാകുമെന്നും മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ. അതിനൊന്നും പ്രശ്നമില്ലെന്നും അവർ പറഞ്ഞു. ഉയർന്ന വിലയ്ക്ക് ആരോഗ്യ ഉപകരണങ്ങൾ വാങ്ങി അഴിമതി നടത്തിയെന്ന പരാതിയിൽ ലോകായുക്ത നോട്ടീസ് അയച്ചതിനെക്കുറിച്ച് കുവൈത്തിൽ പ്രതികരിക്കുകയായിരുന്നു ശൈലജ.
'പി.പി.ഇ കിറ്റ് ലഭ്യമാകാതിരുന്ന സമയത്താണ് 1,500 രൂപക്ക് 50,000 കിറ്റുകൾക്ക് ഓര്‍ഡര്‍ നല്‍കിയത്. അതിൽ 15,000 എണ്ണം കിട്ടി. അപ്പോഴേക്കും മാർക്കറ്റിൽ വിലകുറഞ്ഞു. അതോടെ 35,000 ത്തിന്റെ ഓർഡർ കാൻസൽ ചെയ്തു. ഇതാണ് 1,500 രൂപക്ക് പി.പി.ഇ കിറ്റുകള്‍ വാങ്ങി എന്ന് പ്രതിപക്ഷം ആരോപിക്കുന്നത്' -കുവൈത്തിൽ കല സംഘടിപ്പിച്ച 'മാനവീയം' പരിപാടിയിൽ സംസാരിക്കവെ അവർ പറഞ്ഞു.
വിപണി വിലയേക്കാൾ ഉയർന്ന വിലയ്ക്ക് ആരോഗ്യ ഉപകരണങ്ങൾ വാങ്ങിയെന്ന യൂത്ത് കോൺഗ്രസ് നേതാവ് വീണ എസ്. നായരുടെ പരാതിയിലാണ് കെ.കെ. ശൈലജക്ക് എതിരായ ലോകായുക്ത നടപടി. മുൻമന്ത്രി കെ.കെ. ശൈലജ, മുൻ ആരോഗ്യ സെക്രട്ടറി, കെ.എം.എസ്.സി.എൽ ഉദ്യോഗസ്ഥർ എന്നിവർക്കടക്കമാണ് പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായി നോട്ടീസ് നൽകിയത്. കേസിലെ 14 എതിർകക്ഷികളോടും ഡിസംബർ എട്ടിന് ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്.
വിപണിയിൽ 450 രൂപയുള്ള പി.പി.ഇ കിറ്റ് 1,500 രൂപക്ക് വാങ്ങിയെന്നതടക്കം ഗുരുതര ആരോപണങ്ങളാണ് കെ.എം.എസ്.സി.എല്ലിലെതിരെ നേരത്തെ ഉയർന്നിരുന്നത്. കോവിഡ് കാലത്ത് വിപണിവിലയുടെ മൂന്നിരട്ടി വിലയ്ക്ക് സ്വകാര്യ കമ്പനിയിൽനിന്നടക്കം പി.പി.ഇ കിറ്റ് വാങ്ങിയത് സംബന്ധിച്ച ഫയൽ അന്നത്തെ ആരോഗ്യമന്ത്രിയടക്കം കണ്ടിരുന്നെന്ന രേഖകളും പുറത്തുവന്നിരുന്നു. വ്യക്തിഗത സുരക്ഷ ഉപകരണങ്ങൾക്ക് ക്ഷാമം നേരിടാമെന്നത് മുന്നിൽകണ്ടാണ് വാങ്ങിയതെന്നും ഇക്കാര്യത്തിൽ ക്രമക്കേട് നടന്നിട്ടില്ലെന്നും സർക്കാർ നിയമസഭക്കകത്തും പുറത്തും വാദിക്കുന്നതിനിടെയാണ് ലോകായുക്ത നടപടി. മുൻമന്ത്രിയെന്ന നിലയിൽ കെ.കെ. ശൈലജ നോട്ടീസിന് മറുപടി നൽകണം.
2020 മാര്‍ച്ച് 29ന് സ്വകാര്യ കമ്പനിയിൽനിന്ന് പി.പി.ഇ കിറ്റുകള്‍ വാങ്ങിയത് 446.25 രൂപക്കായിരുന്നു. 24 മണിക്കൂര്‍ പിന്നിട്ട് മാർച്ച് 30ന് മറ്റൊരു കമ്പനിക്ക് ഓഡര്‍ നൽകുമ്പോൾ ഒരു പി.പി.ഇ കിറ്റിന്‍റെ വില 1550 രൂപയായി മാറി. ഇത്തരത്തിൽ മൂന്നിരട്ടി വിലയ്ക്ക് വാങ്ങിയത് 50000 പി.പി.ഇ കിറ്റുകളാണ്. ഏഴ് കോടി രൂപയുടേതായിരുന്നു വാങ്ങൽ. ഇതുസംബന്ധിച്ചതടക്കം സർക്കാറിന്‍റെ അംഗീകാരത്തിനായി സമർപ്പിച്ച ഫയലിൽ 2020 ഏപ്രില്‍ 16ന് ആരോഗ്യമന്ത്രിയും ധനമന്ത്രിയും ഒപ്പുവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.