കേരളത്തിന്‍റെ കോവിഡ് പ്രതിരോധം: കേന്ദ്ര സംഘത്തിന് സംതൃപ്തി -മന്ത്രി വീണ ജോർജ്
text_fieldsതിരുവനന്തപുരം: കേരളത്തിന്‍റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്ര സംഘം സംതൃപ്തി രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങൾ, ആശുപത്രികളിലെ ചികിത്സ എന്നിവയെല്ലാമാണ് സംഘം പരിശോധിച്ചത്. സംസ്ഥാനത്തെ വാക്സിനേഷൻ നടപടികളിലും സംഘം സംതൃപ്തരാണ്.
കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സംഘത്തെ ധരിപ്പിച്ചു. സംസ്ഥാനത്തിന് കൂടുതൽ വാക്സിൻ ആവശ്യമാണെന്ന് അവരെ അറിയിച്ചു. ഇക്കാര്യം കേന്ദ്രത്തെ അറിയിക്കണമെന്ന നിർദേശവും നൽകിയിട്ടുണ്ട്.
ഏകദേശം മൂന്ന് ലക്ഷം ഡോസ് വാക്സിൻ ഒരു ദിവസം എടുക്കാനുള്ള സൗകര്യം സംസ്ഥാനത്തുണ്ട്. ജൂലൈയിൽ 90 ലക്ഷം വാക്സിൻ അധികം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ജനസംഖ്യ വെച്ച് നോക്കുേമ്പാൾ ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും കോവിഡ് വന്നവരുടെ നിരക്ക് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ കുറവാണ്. എന്നാൽ, രോഗം വരാൻ സാധ്യതയുള്ളവർ ഇവിടെ കൂടുതലാണ്. അതിനാൽ വാക്സിനേഷൻ ശക്തിപ്പെടുത്തണം. ഈ നിർദേശത്തോട് കേന്ദ്ര സംഘം യോജിച്ചിട്ടുണ്ട്. രണ്ടാം തരംഗം മറികടക്കാത്തതിനാൽ സംസ്ഥാനത്തെ നിയന്ത്രണങ്ങൾ തുടരണമെന്നാണ് തീരുമാനമെന്നും മന്ത്രി വീണ ജോർജ് പറഞ്ഞു.
സംഘം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളാണ് സന്ദർശിച്ചത്. ജില്ല കലക്ടറുമാരുമായും ആരോഗ്യവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായും സംഘം കൂടിക്കാഴ്ച നടത്തി. ജനറൽ ആശുപത്രികളും മെഡിക്കൽ കോളജുകളും സന്ദർശിച്ച് ചികിത്സ പ്രവർത്തനങ്ങൾ വിലയിരുത്തി.
ഡോ. രുചി ജെയിൻ, ഡോ. വിനോദ് കുമാർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. കോവിഡ് വ്യാപനം കുറയാത്ത ആറു സംസ്ഥാനങ്ങളിലേക്കാണ് കേന്ദ്രം ഉന്നതതല സംഘങ്ങളെ അയച്ചത്. കേരളത്തെ കൂടാതെ അരുണാചൽ പ്രദേശ്, ത്രിപുര, ഒഡീഷ, ഛത്തീസ്ഗഢ്, മണിപ്പൂർ എന്നിവിടങ്ങളിലാണ് വിവിധ സംഘങ്ങൾ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.