പ്രവാസി പ്രശ്നങ്ങൾക്ക് പരിഹാരം വേണം; കേന്ദ്രത്തിന് കേരളത്തിൻെറ കത്ത്
text_fieldsതിരുവനന്തപുരം: ഗൾഫ് രാജ്യങ്ങളിലേക്ക് പോകേണ്ട പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശൃംഗ്ലക്ക് കേരളം കത്തയച്ചു.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഖത്തറും ബഹ്റൈനും ഒഴികെയുള്ള ജി.സി.സി രാജ്യങ്ങൾ ഇന്ത്യക്കാർക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ നേപ്പാൾ, ശ്രീലങ്ക പോലുള്ള രാജ്യങ്ങൾ വഴി ബഹ്റൈനിലും ഖത്തറിലും വലിയതോതിൽ പ്രവാസി കേരളീയർ എത്തുന്നു. തുടർന്ന് സൗദി അറേബ്യയിൽ പോകണമെങ്കിൽ രണ്ടാഴ്ച സമ്പർക്കവിലക്കിൽ കഴിയണമെന്ന അവസ്ഥയുമുണ്ട്. ലോകാരോഗ്യ സംഘടനയുടെ അംഗീകാരമില്ലാത്തതിനാൽ കോവാക്സിൻ രണ്ട് ഡോസ് ലഭിച്ചവർക്ക് തിരിച്ചുവരാനുള്ള അനുമതി ജി.സി.സി രാജ്യങ്ങൾ നൽകാത്ത പ്രശ്നമുണ്ട്.
വിദേശത്തുനിന്ന് ഫൈസർ, സിനോഫാം തുടങ്ങിയ വാക്സിനുകളുടെ ആദ്യത്തെ ഡോസ് സ്വീകരിച്ചശേഷം നാട്ടിലെത്തിയ നിരവധി ആളുകളുണ്ട്. അവർക്ക് രണ്ടാമത്തെ ഡോസ് ഇന്ത്യയിൽ ലഭിക്കാൻ നിർവാഹമില്ലാത്തതിനാൽ ഗൾഫ് രാജ്യങ്ങൾ പ്രവേശനാനുമതി നിഷേധിക്കുന്ന സാഹചര്യവുമുണ്ട്. ഇക്കാര്യങ്ങൾ ഗൾഫ് രാജ്യങ്ങളിലെ സർക്കാറുകളുമായി ചർച്ച ചെയ്ത് പ്രവാസികൾക്ക് എത്രയും പെട്ടെന്ന് തൊഴിൽസ്ഥലങ്ങളിൽ തിരിച്ചെത്താനുള്ള അവസരം ഒരുക്കണമെന്ന് ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.