കേരളത്തിൽ ആത്മഹത്യനിരക്ക് കുറയുന്നു
text_fieldsകോഴിക്കോട്: കേരളത്തിൽ ആത്മഹത്യ നിരക്ക് കുറയുന്നതായി റിപ്പോർട്ട്. നാഷനൽ ക്രൈം റെക്കോഡ് ബ്യൂറോയുടെ റിപ്പോർട്ട് പ്രകാരം മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുേമ്പാൾ കഴിഞ്ഞ രണ്ടുവർഷം കേരളം ആത്മഹത്യ നിരക്കിൽ പിറകോട്ടു പോയതായി ‘തണൽ’ ആത്മഹത്യ പ്രതിരോധ കേന്ദ്രം ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. രണ്ടു വർഷം മുമ്പുവരെ രാജ്യത്ത് ആത്മഹത്യ നിരക്കിൽ കേരളമായിരുന്നു മുന്നിൽ. 2013ൽ 24.3 ശതമാനമായിരുന്നു കേരളത്തിലെ ആത്മഹത്യ നിരക്കെങ്കിൽ 2014, 15 വർഷങ്ങളിൽ ഇത് 21.6 ശതമാനമായി കുറഞ്ഞു.
സംസ്ഥാനത്തെ മൊത്തം ആത്മഹത്യകളിൽ 36.5 ശതമാനവും കുടുംബപ്രശ്നങ്ങൾമൂലമാണ്. 24.1 ശതമാനം മാനസിക, ശാരീരിക രോഗങ്ങൾമൂലവും. കഴിഞ്ഞ 10 വർഷമായി കുടുംബ ആത്മഹത്യയിലും കേരളത്തിൽ ഗണ്യമായ കുറവുണ്ടായി. സ്ത്രീ-പുരുഷ അനുപാതത്തിൽ 75 ശതമാനം ആത്മഹത്യകളും പുരുഷന്മാർക്കിടയിലാണ്. 50 ശതമാനം ആത്മഹത്യകളും 15 വയസ്സിനും 45 വയസ്സിനും ഇടയിലുള്ളവരിലാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നതായി ഭാരവാഹികൾ വിശദീകരിച്ചു.വിദേശരാജ്യങ്ങളിൽനിന്ന് വ്യത്യസ്തമായി കേരളത്തിൽ 75 ശതമാനം ആത്മഹത്യകളും വിവാഹിതർക്കിടയിലാണ്.
മുൻ വർഷങ്ങളെ അപേക്ഷിച്ച് വിഷം കഴിച്ച് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണത്തെക്കാൾ (33 ശതമാനം) തൂങ്ങിമരണങ്ങൾ (57 ശതമാനം) കൂടിയതായും ഭാരവാഹികൾ വ്യക്തമാക്കി. ലോക ആത്മഹത്യ പ്രതിേരാധ ദിനാചരണവും തണൽ 17ാം വാർഷികാഘോഷവും ഞായറാഴ്ച രാവിലെ ഒമ്പതു മുതൽ കോഴിക്കോട് ടൗൺഹാളിൽ നടക്കും. ഡോ. പി.എൻ. സുരേഷ്കുമാർ, പി.ജി. അമൃതകുമാർ, കെ.എം. പ്രകാശിനി, പി. രാജഗോപാൽ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.