ഗ്രാമീണ മൊബൈൽ സാന്ദ്രതയിൽ കേരളത്തിന്റെ കുതിപ്പ്
text_fieldsതിരുവനന്തപുരം: മൊബൈൽ ഫോൺ കണക്ഷനുകളുടെ എണ്ണത്തിൽ കേരളത്തിലെ ഗ്രാമീണ മേഖല ദേശീയ ശരാശരിയെക്കാൾ മുന്നിലെന്ന് കണക്കുകൾ. സംസ്ഥാനത്തെ ഗ്രാമങ്ങളിൽ നൂറുപേർക്ക് 223 കണക്ഷനുണ്ടെന്നാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) റിപ്പോർട്ട്. ഇക്കാര്യത്തിലെ ദേശീയ ശരാശരി 57.71 ആണ്. ഗ്രാമ-നഗരങ്ങൾ ഉൾപ്പെടെ സംസ്ഥാനത്തിന്റെ ആകെ ഫോൺ സാന്ദ്രത 122.16 ശതമാനമാണ്. ദേശീയ ശരാശരി 84.5 ശതമാനവും.
കേരളത്തിലെ ആകെ മൊബൈൽ വരിക്കാരുടെ എണ്ണം 4.36 കോടിയാണ്. ഇതിൽ 1.95 കോടി ഗ്രാമീണ മേഖലയിലാണ്. 2.41 കോടി നഗരമേഖലകളിലും. കേരളം കഴിഞ്ഞാൽ ഗ്രാമീണ ടെലിഫോൺ സാന്ദ്രതയിൽ മുന്നിലുള്ളത് ഗോവയാണ് (219.63 ശതമാനം). പിന്നാലെ സിക്കിമും (157.40 ശതമാനം). കേരളത്തിലെ ഗ്രാമീണ മേഖലയിൽ 100 പേർക്ക് 171.40 ഇൻറർനെറ്റ് കണക്ഷനുണ്ട്. ദേശീയ ശരാശരി 39.84 ശതമാനവും.
ഫോൺ വിളിക്കാനും ഇന്റർനെറ്റ് ഉപയോഗത്തിനും രണ്ട് സിം കാർഡുകൾ ഉപയോഗിക്കുന്നവരാണ് കേരളത്തിൽ നല്ലൊരു ശതമാനവും. ഇതാണ് കണക്ഷനുകളുടെ എണ്ണം വർധിപ്പിച്ചത്. ഉപഭോക്താക്കളെ സ്വന്തമാക്കുന്നതിന് വലിയ മത്സരം നടക്കുന്ന കേരളത്തിൽ വരിക്കാരുടെ എണ്ണത്തിൽ മുന്നിൽ വോഡഫോൺ-ഐഡിയയാണ്. തൊട്ട് പിന്നാലെ ജിയോയും മൂന്നാമത് ബി.എസ്.എൻ.എല്ലും.
വരിക്കാരുടെ എണ്ണത്തിൽ ബി.എസ്.എൻ.എല്ലിന് തിരിച്ചടി നേരിട്ട വർഷം കൂടിയാണ് 2023. ബി.എസ്.എൻ.എൽ കണക്ഷനുകൾ ഒരു കോടിയിൽനിന്ന് താഴേക്ക് പോയത് ഈ വർഷമാണ്. 2019ൽ 1.09 കോടിയും 2022ൽ 1.04 കോടിയുമുണ്ടായിരുന്ന കണക്ഷനുകൾ 2023 മേയിൽ 97 ലക്ഷത്തിലേക്ക് ഇടിയുകയായിരുന്നു.
സ്വകാര്യ സേവനദാതാക്കൾ 5 ജിയിലേക്ക് കടന്നിട്ടും ബി.എസ്.എൻ.എൽ ഇപ്പോഴും 3ജിയിൽ വട്ടം കറങ്ങുന്നതാണ് വരിക്കാർ കൈവിടാനുള്ള പ്രധാന കാരണം. വിളിക്കാൻ ബി.എസ്.എൻ.എല്ലും ഡാറ്റക്ക് മറ്റ് സിമ്മുകളും ഉപയോഗിക്കുന്നവർ കേരളത്തിൽ നല്ലൊരുശതമാനമുണ്ട്.
ബി.എസ്.എൻ.എല്ലിന്റെ കുത്തകയായിരുന്ന ലാൻഡ് ഫോൺ കണക്ഷനുകളിൽ 10 വർഷത്തിനിടെ 18.61 ലക്ഷത്തിന്റെ കുറവാണുണ്ടായത്. അതിവേഗ ഇന്റർനെറ്റ് നൽകുന്ന ഫൈബർ കണക്ഷനുകൾ എത്തിയതോടെ 2020ൽ 12.99 ലക്ഷമായിരുന്ന വയർലൈൻ കണക്ഷൻ ഇപ്പോൾ 15.38 ലക്ഷമായി വർധിച്ചിട്ടുണ്ട്.
നമ്പർ മാറാതെ സേവനദാതാവിനെ മാറാം എന്ന പോർട്ടബിലിറ്റി സൗകര്യം വന്നതോടെ ആവശ്യകതയും ഉപയോഗവും ലാഭവും നോക്കി ഇക്കാര്യം പ്രയോജനപ്പെടുത്തുന്നതിലും മലയാളി പിന്നിലല്ല. ഇതുവരെ 1.19 കോടിയുടെ മൊബൈൽ പോർട്ടബിലിറ്റി അപേക്ഷകളാണ് കേരളത്തിലുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.