എത്ര ശ്രമിച്ചിട്ടും 10ൽ താഴെ എത്തുന്നില്ല; ആശങ്കയായി കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്
text_fieldsതിരുവനന്തപുരം: സർക്കാരിനും ആരോഗ്യപ്രവർത്തകർക്കും മുന്നിൽ ഇപ്പോഴും വലിയ ആശങ്കയായി തുടരുകയാണ് കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. അയൽസംസ്ഥാനങ്ങളായ കർണാടകയിലും തമിഴ്നാട്ടിലും 1.8ഉം 2.5ഉം ആയി താഴ്ന്നെങ്കിലും സംസ്ഥാനത്ത് ഇത് 10ൽ കുറയാതെ നിൽക്കുന്നതാണ് ആശങ്കക്ക് അടിസ്ഥാനം.
ദേശീയ ശരാശരി 2.4 ആയരിക്കുമ്പോൾ സംസ്ഥാനത്തെ ഏഴ് ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.2 ആണ്. ലോക് ഡൗണിന് പുറമെ താഴെത്തട്ടിൽ വളരെ കർശനമായ നിയന്ത്രണങ്ങൾ കൂടി ഏർപ്പെടുത്തിയില്ലെങ്കിൽ കോവിഡ് കേസുകൾ കുറയില്ലെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
സംസ്ഥാനത്ത് കോവിഡ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത ജില്ലയായി എറണാകുളം തുടരുന്നുവെന്നതും ആരോഗ്യ വിദഗ്ധരിൽ ആശങ്കയുണ്ടാക്കുന്നു.
കോവിഡിനെ നിയന്ത്രിക്കാനായി സംസ്ഥാനം സ്വീകരിച്ചുവരുന്ന നടപടികൾ ഉദ്ദേശിച്ച ഫലം കാണുന്നില്ലെന്നാണ് ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ചൂണ്ടിക്കാണിക്കുന്നതെന്ന് ഡോ. എസ്.എസ് ലാൽ പറഞ്ഞു. ചിലയിടങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറച്ചുകാണിക്കാനായി ബോധപൂർവമായ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കളമശ്ശേരി മെഡിക്കൽ കോളജിലും തിരുവനന്തപുരം ജനറൽ ആശുപത്രിയിലും സന്ദർശനം നടത്തിയ കേന്ദ്രസംഘം സംസ്ഥാനത്തിന്‍റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തി. രോഗികൾക്ക് നൽകുന്ന ചികിത്സ, അടിസ്ഥാന സൗകര്യങ്ങൾ, വാക്സിനേഷൻ പ്രക്രിയ എന്നിവയിൽ സംഘം സംതൃപ്തി രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു.
എന്നാൽ സംസ്ഥാനത്ത് മെയ് മാസത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞതിനുശേഷം രണ്ടാഴ്ചകളായി കോവിഡ് കേസുകൽ തുടർച്ചയായി കൂടിവരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. ബുധാനഴ്ച സംസ്ഥാനത്ത് 15,600 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ആഴചത്തേതിനേക്കാൾ 14 ശതമാനം കൂടുതലായിരുന്നു ഇത്. 148 കോവിഡ് മരണങ്ങളാണ് അന്ന് സ്ഥിരീകരിച്ചത്.
15,000 മുതൽ 20,000 കോവിഡ് കേസുകൾ ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന നിലയിലേക്ക് കേരളം മാറുമെന്നാണ് ആരോഗ്യ വിദ്ഗധർ നൽകുന്ന മുന്നറിയിപ്പ്. എളുപ്പം രോഗത്തിന് വശംവദരാകുന്ന ജനതയും കുറഞ്ഞ വാക്സിനേഷൻ നിരക്കുമാണ് കേരളത്തിന് വിനയാകുന്നതെന്ന് ഡോ. പദ്മനാഭ ഷേണായി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.