കേരളീയം: സദസ്സ് നിറയ്ക്കാൻ ജീവനക്കാരും വിദ്യാർഥികളും
text_fieldsതിരുവനന്തപുരം: കേരളീയം വേദികളിൽ സദസ്സ് നിറയ്ക്കാൻ സർക്കാർ ജീവനക്കാരും കോളജ് വിദ്യാർഥികളും. സെക്രട്ടേറിയറ്റ് അടക്കം തലസ്ഥാനത്തെ സർക്കാർ ഓഫിസുകളിൽനിന്നാണ് ജീവനക്കാരെ എത്തിക്കുന്നത്. ഓഫിസ് പ്രവർത്തനം തടസ്സപ്പെടാത്തവിധം കേരളീയത്തിൽ പങ്കാളികളാകാനാണ് നിർദേശം. എന്നാൽ, സർക്കാർ പരിപാടിയായതിനാൽ ഓഫിസ് സമയത്തായാലും പങ്കെടുത്താൽ നടപടിയുണ്ടാകില്ലെന്നതിനാൽ ജീവനക്കാർ ഒന്നായി കേരളീയത്തിന് ഇറങ്ങുകയാണ്. എക്സിബിഷൻ സ്റ്റാളുകളിലും ഭക്ഷ്യമേളകളിലുമാണ് അധികപേരും. ജീവനക്കാർ കസേര വിട്ടിറങ്ങിയത് ഓഫിസുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നു.
സാഹചര്യം കൈവിടുമെന്ന് കണ്ടതോടെ ജീവനക്കാർ ഒന്നായി കേരളീയത്തിന് ഇറങ്ങുന്നത് തടഞ്ഞും പങ്കാളിത്തം സെമിനാറുകൾക്ക് മാത്രമായി പരിമിതപ്പെടുത്തിയും പൊതുഭരണവകുപ്പിന് ഉത്തരവിറക്കേണ്ടി വന്നു. നഗരപരിധിയിലുള്ള സർക്കാർ ഓഫിസുകളിലെ താൽപര്യമുള്ള ജീവനക്കാർക്ക് കേരളീയത്തിൽ പങ്കെടുക്കാമെന്നായിരുന്നു നേരത്തേയുള്ള സർക്കുലർ. പങ്കാളിത്തം സെമിനാറുകൾക്ക് മാത്രമാക്കി പരിമിതപ്പെടുത്തിയാണ് വ്യാഴാഴ്ച പൊതുഭരണവകുപ്പ് ഉത്തരവ് ഭേദഗതി വരുത്തിയത്. ഭരണപരമായ സൗകര്യത്തിനുവേണ്ടിയാണ് പരിമിതപ്പെടുത്തലെന്നാണ് വിശദീകരണം.
സെമിനാറുകൾക്ക് ആളെക്കൂട്ടാൻ സർക്കാർ സ്ഥാപനങ്ങൾക്ക് ടാർഗറ്റ് നൽകിയാണ് ക്രമീകരണം. എത്തിക്കേണ്ട ആളുകളുടെ എണ്ണം അറിയിക്കുന്നതിനൊപ്പം അവരുടെ പേരും ഫോൺ നമ്പറും മുൻകൂട്ടി സർക്കാറിനു സമർപ്പിക്കണമെന്ന് നേരത്തേ നിർദേശം നൽകിയിരുന്നു. സാംസ്കാരിക വകുപ്പിനു കീഴിലെ കേന്ദ്രങ്ങളാണ് കൂടുതൽ പേരെ എത്തിക്കേണ്ടത്. നിയമസഭ ഹാൾ, ടഗോർ ഹാൾ, ജിമ്മി ജോർജ് സ്റ്റേഡിയം, മാസ്കറ്റ് ഹോട്ടൽ, സെൻട്രൽ സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് ഓരോ ദിവസവും അഞ്ച് സെമിനാർ വീതം നടക്കുന്നത്. വ്യാഴാഴ്ച ഇരിപ്പിടങ്ങളിൽ നല്ല ശതമാനവും സർക്കാർ ജീവനക്കാരായിരുന്നു. ശേഷിക്കുന്നത് വിദ്യാർഥികളും. പൊതുജന പങ്കാളിത്തം സെമിനാറുകളിൽ പ്രതീക്ഷിച്ചത്രയില്ല. ഗൗരവമേറിയ വിഷയങ്ങളാണെങ്കിലും പൊതുസംവാദങ്ങളുടെ സ്വഭാവത്തിലല്ല സെമിനാറുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.