കേരളീയം: ജനസാഗരമായി തലസ്ഥാനം
text_fieldsതിരുവനന്തപുരം: അവധിദിനമായ ഞായറിൽ ആളുകൾ ഒഴുകിയെത്തിയതോടെ കേരളീയം വേദികളിൽ ജനസാഗരം. അഞ്ച് ദിവസം പിന്നിട്ട കേരളീയത്തിൽ ഏറ്റവും തിരക്കേറിയ ദിവസവും ഞായറാഴ്ചയായിരുന്നു. കലാവിഷ്കാരങ്ങളാണ് അഞ്ചാം ദിവസം കേരളീയത്തെ മികവുറ്റതാക്കിയത്. പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ കലാമണ്ഡലം കലാകാരന്മാർ അവതരിപ്പിച്ച ഡാൻസ് ഫ്യൂഷൻ ഉത്സവവിരുന്നായി. നടനവിസ്മയം തീർത്ത് ചൈത്ര ഉദയരാജിന്റെ ഭരതനാട്യം, ജയപ്രഭ മേനോന്റെയും സംഘത്തിന്റെയും മോഹിനിയാട്ടം എന്നിവയായിരുന്നു നിശാഗന്ധിയിൽ.
വജ്ര ജൂബിലി ഫെലോഷിപ് കലാകാരന്മാർ അവതരിപ്പിച്ച ‘കൈരളീരവം കലാസന്ധ്യ’ പുത്തരിക്കണ്ടം വേദിയെ ശ്രദ്ധേയമാക്കി. നാടകം, യോഗ, നൃത്തം, കേരളനടനം, ട്രയോ പെർഫോമൻസ്, വിൽകലാമേള, തായമ്പക, പഞ്ചാരിമേളം, സൂര്യകാന്തി ഓഡിറ്റോറിയത്തിൽ മംഗലംകളി എന്നിങ്ങനെ സമഗ്രമായ കലാവിരുന്നാണ് വിവിധ വേദികളിൽ എതിരേറ്റത്. തട്ടുദോശ മുതൽ കേരള-കൊൽക്കത്ത ഫ്യൂഷൻ വിഭവങ്ങൾ വരെ നിരന്ന രുചിവീഥിയായി മാറിയ കേരളീയത്തിലെ സ്ട്രീറ്റ് ഫുഡ്ഫെസ്റ്റിനും തിരക്കേറി.
കേരളവും പ്രവാസി സമൂഹവും, ലിംഗനീതിയും വികസനവും കേരളത്തിൽ, കേരളത്തിലെ ജലവിഭവരംഗം, കേരളത്തിലെ വിനോദസഞ്ചാര മേഖല, തൊഴിലാളികളുടെ അവകാശവും ക്ഷേമവും എന്നിങ്ങനെ അഞ്ച് വിഷയങ്ങളിലാണ് സെമിനാറുകൾ നടന്നത്. കേരളത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് സഹായകരമാകുന്ന നിരവധി നിർദേശങ്ങൾ സെമിനാറുകളിൽ ഉരുത്തിരിഞ്ഞതായി അവലോകനയോഗശേഷം മന്ത്രിമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.