‘കേരളീയം’ മീഡിയ സെന്ററിന് തുടക്കം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തിന്റെ മികച്ച മാതൃകകളെയും ആർജിച്ച നേട്ടങ്ങളെയും ലോകത്തിനുമുന്നിൽ അവതരിപ്പിക്കുന്ന കേരളത്തിന്റെ മഹോത്സവം ‘കേരളീയം 2023’ന്റെ മീഡിയ സെന്റർ കനകക്കുന്ന് കൊട്ടാരത്തിൽ പ്രവർത്തനം തുടങ്ങി. ഗായിക കെ.എസ്. ചിത്ര ഉദ്ഘാടനം ചെയ്തു.
ലോകം നിറഞ്ഞുനിൽക്കുന്ന മലയാളിയെ ആഘോഷിക്കാൻ കേരളീയം പരിപാടി നടത്താൻ തീരുമാനിച്ച സംസ്ഥാന സർക്കാറിനെ അഭിനന്ദിക്കുന്നതായി ചിത്ര പറഞ്ഞു. ഗായിക എന്ന നിലയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പോയിട്ടുണ്ട്.
അവിടെയെല്ലാം മലയാളിക്ക് ലഭിക്കുന്ന ആദരവും അംഗീകാരവും അടുത്തറിയാനും സാധിച്ചു. നമ്മുടെ കഴിവിനും ആത്മാർഥതക്കും ലഭിക്കുന്ന ആദരവാണത്. കേരളീയം ഗംഭീര വിജയമാകട്ടെയെന്നും ചിത്ര ആശംസിച്ചു.
‘കേരളം കേരളം കേളികൊട്ടുയരുന്ന കേരളം’എന്ന ഗാനം ആലപിച്ച് ഉദ്ഘാടനച്ചടങ്ങിനെ ഗായിക ആസ്വാദ്യകരമാക്കി. കേരളത്തിന്റെ നേട്ടങ്ങൾ ലോകത്തിനുമുന്നിൽ എത്തിച്ച് കേരളീയത്തെ ചരിത്രസംഭവമാക്കുന്നതിനുള്ള പരിശ്രമങ്ങളാണ് നടക്കുന്നതെന്ന് ചടങ്ങിൽ ആമുഖപ്രഭാഷണം നടത്തിയ മന്ത്രി ജി.ആർ. അനിൽ പറഞ്ഞു.
എ.എ. റഹിം എം.പി, എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, വി.കെ. പ്രശാന്ത്, ഐ.ബി. സതീഷ്, മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു, സ്വാഗതസംഘം ജനറൽ കൺവീനർ എസ്. ഹരികിഷോർ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ ടി.വി. സുഭാഷ് എന്നിവർ സംബന്ധിച്ചു.
നവംബർ ഒന്നു മുതൽ ഏഴു വരെയാണ് കേരളീയം പരിപാടി തിരുവനന്തപുരത്ത് വിവിധ വേദികളിലായി നടക്കുന്നത്. കേരളീയം പരിപാടിക്ക് പരമാവധി പ്രചാരണം ഉറപ്പാക്കുന്നതിനാണ് മീഡിയ സെന്റർ നേരത്തേതന്നെ പ്രവർത്തനം തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.