പണിയില്ലാത്തവരിൽ മലയാളികൾ 12ാമത്
text_fieldsകൊച്ചി: തൊഴിലില്ലായ്മയിൽ കേരളം 12ാം സ്ഥാനത്ത്. ആഗസ്റ്റിൽ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ശരാശരി 6.6 ശതമാനമായപ്പോൾ സംസ്ഥാനത്ത് 11 ശതമാനമായി. ലോക്ഡൗൺ നിലനിന്ന മേയിൽ 17.9 ശതമാനമായിരുന്ന കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് ജൂലൈയിൽ 7.1 ആയി കുറഞ്ഞിരുന്നു. അതാണ് വീണ്ടും കുത്തനെ കൂടിയത്. സെൻറർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി കണക്കുകളിൽ പറയുന്നു.
കർണാടകയാണ് ആഗസ്റ്റിൽ രാജ്യത്ത് കൂടുതൽ തൊഴിൽ നൽകിയത്. അവിടെ തൊഴിലില്ലായ്മ നിരക്ക് 0.5 ശതമാനം മാത്രം. ഒഡിഷ, ഗുജറാത്ത്, തമിഴ്നാട്, മേഘാലയ, അസം സംസ്ഥാനങ്ങളിലും തൊഴിലില്ലായ്മ നിരക്ക് രാജ്യശരാശരിയിലും കുറഞ്ഞു. അതേസമയം, ഹരിയാനയിൽ ആഗസ്റ്റിൽ 33.5 ശതമാനമായി.
ത്രിപുരയിൽ 27.9, ഗോവയിൽ 16.2, പശ്ചിമബംഗാളിൽ 14.9 എന്നിങ്ങനെയാണ് കണക്ക്. പഞ്ചാബ് കേരളത്തിന് ഒപ്പമാണ്. ഈവർഷം ജനുവരി മുതൽ ഏപ്രിൽവരെയുള്ള പഠനത്തിൽ കേരളത്തിൽ ബിരുദവും അതിനു മുകളിലും വിദ്യാഭ്യാസമുള്ള 21.51 ശതമാനം പേർക്കും തൊഴിലില്ലെന്ന് കണ്ടെത്തി. 10 മുതൽ 12ാം ക്ലാസുവരെ വിദ്യാഭ്യാസമുള്ള 9.4 ശതമാനം പേർക്കും ആറുമുതൽ ഒമ്പതാം ക്ലാസുവരെ പഠിച്ച 3.2 ശതമാനം പേർക്കും പണിയില്ല. നഗര മേഖലയിൽ തൊഴിലില്ലായ്മ 13.7 ശതമാനവും ഗ്രാമീണ മേഖലയിൽ 8.1 ശതമാനവുമാണ്.
25 മുതൽ 29വരെ പ്രായമുള്ള 11.17 ശതമാനം പുരുഷന്മാർക്കും തൊഴിൽ കണ്ടെത്താനായിട്ടില്ല. സ്ത്രീകളിലാണ് തൊഴിൽരഹിതർ ഏറെ. 25 -29 പ്രായപരിധിയിലെ സ്ത്രീകളിൽ 49.99 ശതമാനവും തൊഴിലിനായി കാത്തിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.