കാസർകോട് ഐ.എസ് കേസിൽ 15 പ്രതികൾ, ജയിലിൽ യാസ്മിൻ മാത്രം; ഏഴുപേർ കൊല്ലപ്പെട്ടു
text_fieldsതൃക്കരിപ്പൂർ: 2017 ജനുവരി ഏഴിനാണ് കേരളത്തിലെ ആദ്യ ഐ.എസ് കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചത്. ഉടുമ്പുന്തല സ്വദേശി അബ്ദുൽ റാഷിദ് അബ്ദുല്ല ഒന്നാം പ്രതിയായാണ് ചാർജ് ഷീറ്റ് സമർപ്പിച്ചത്. കേസിൽ പൊലീസ് പിടികൂടിയ രണ്ടാം പ്രതി യാസ്മിൻ മുഹമ്മദിനെ കഴിഞ്ഞയാഴ്ച കോടതി ഏഴുവർഷം തടവിന് ശിക്ഷിച്ചിരുന്നു. ജീവിച്ചിരിപ്പുള്ളതായി കരുതുന്ന പ്രതികൾ ക്രമത്തിൽ: ആയിഷ എന്ന സോണിയ സെബാസ്റ്റ്യൻ, മുഹമ്മദ് സാജിദ് കുതിരുമ്മൽ, ഷംസിയ കുറിയ, അഷ്ഫാഖ് മജീദ് കല്ലുകെട്ടിയപുരയിൽ, ഡോ. ഇജാസ്, റഫീല. ഇവർക്കെതിരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ല.
പ്രതികളിൽനിന്ന് പിടിച്ചെടുത്ത ഫോണും സിം കാർഡുകളും ഫോറൻസിക് പരിശോധന നടത്തിയപ്പോൾ നിരോധിത ഐ.എസ് പ്രചാരണ വിഡിയോകൾ കണ്ടെത്തിയതായി കുറ്റപത്രത്തിൽ പറഞ്ഞിരുന്നു. 2016 ജൂലൈ 10ന് ഉടുമ്പുന്തല സ്വദേശി ടി.പി. അബ്ദുല്ല പൊലീസിൽ നൽകിയ പരാതിയുടെ അന്വേഷണമാണ് കേസിെൻറ അടിസ്ഥാനം. ഒന്നരമാസം മുമ്പ് മുംബൈയിലേക്ക് പുറപ്പെട്ട മകൻ അബ്ദുൽനാഷിദ്, ഭാര്യ, കുട്ടി എന്നിവരെ കാണാനില്ലെന്നായിരുന്നു പരാതി. അടുത്തദിവസങ്ങളിൽ സമാന സ്വഭാവത്തിലുള്ള എട്ടു തിരോധാന കേസുകൾ ചന്തേര പൊലീസ് രജിസ്റ്റർ ചെയ്തിരുന്നു.
പിന്നീട് കാസർകോട് പൊലീസ് ചീഫിെൻറ നിർദേശപ്രകാരം അന്വേഷണം ഏറ്റെടുത്ത ഡിവൈ.എസ്.പി സുനിൽബാബുവാണ് കേസുകൾ സംയോജിപ്പിച്ച് മുന്നോട്ടുനീക്കിയത്. കേസുകൾ ഹോസ്ദുർഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽനിന്ന് സെഷൻസ് കോടതിയിലേക്ക് മാറ്റുകയും യു.എ.പി.എ ചുമത്തുകയും ചെയ്തു. ഐ.എസിൽ ചേരുക എന്ന ഉദ്ദേശ്യത്തോടെയാണ് കൊല്ലത്ത് ജോലിചെയ്യുകയായിരുന്ന യാസ്മിൻ തെൻറ വിവാഹബന്ധം വേർപെടുത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. പിന്നീടാണ് പടന്നയിലെ ഡോ. ഇജാസിെൻറ വീട്ടിൽ എത്തുന്നത്. യാസ്മിെൻറ കുട്ടിക്ക് പാസ്പോർട്ട് എടുക്കാൻ ബിഹാറിലെ പട്നയിൽ റാഷിദിനൊപ്പം ചെന്നിരുന്നു. കുട്ടിയുടെ പിതാവ് സയ്യിദ് അഹമ്മദിെൻറ അനുവാദം ഇല്ലാതെയാണ് പാസ്പോർട്ട് എടുത്തത്.
ശ്രീലങ്കയിൽ കൊളംബോ അൽ-ഖുമ പഠനകേന്ദ്രത്തിൽനിന്ന് തീവ്ര ആശയഗതിക്കാരായ പ്രതികളെ പറഞ്ഞുവിട്ടകാര്യം കുറ്റപത്രത്തിൽ വിവരിക്കുന്നു. അഫ്ഗാനിസ്ഥാനിൽ നാങ്കർഹാർ പ്രവിശ്യയിലാണ് കാണാതായവർ കഴിയുന്നതെന്നും പറയുന്നു. പ്രതികൾ ഇന്ത്യ വിട്ട രീതി സംബന്ധിച്ച് സൂചനകളില്ല. എന്നാൽ, മുംബൈ, ഹൈദരാബാദ്, ബംഗളൂരു വിമാനത്താവളങ്ങളിൽ പ്രതികൾ എത്തിയ രേഖകൾ കുറ്റപത്രത്തോടൊപ്പം ഹാജരാക്കിയിട്ടുണ്ട്. ബന്ധുക്കൾക്ക് ടെലിഗ്രാം ആപ് വഴി ലഭിച്ച സന്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികൾ ഒരേസ്ഥലത്ത് ഉള്ളതായി അനുമാനിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.