കേരളോത്സവം പ്രഹസനമാകുന്നോ?
text_fieldsമൂലമറ്റം: യുവജനങ്ങളുടെ കലാപരവും സാംസ്കാരികവും കായികവുമായ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന കേരളോത്സവം പരിപാടി പ്രഹസനമായി മാറുന്നതായി പരാതി. സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളേയും വിവിധ വകുപ്പുകളേയും സഹകരിപ്പിച്ചാണ് വർഷംതോറും കേരളോത്സവം സംഘടിപ്പിച്ചു വരുന്നത്.
സംസ്ഥാനതലത്തിൽ വിജയികളായവരെ ദേശീയ യുവോത്സവത്തിലെ വിവിധ മത്സര ഇനങ്ങളിൽ പങ്കെടുപ്പിക്കുന്നതിനും ദേശീയ തലത്തിൽ മികച്ച വിജയം കൈവരിക്കുന്നതിനും കഴിഞ്ഞ കാലങ്ങളിൽ സാധിച്ചിട്ടുണ്ട്. എന്നാൽ, കുറച്ച് വർഷങ്ങളായി വലിയ പങ്കാളിത്തക്കുറവാണ് പഞ്ചായത്തുകളിൽ അനുഭവപ്പെടുന്നത്. കലാ-കായിക ഇനങ്ങളിലായി നൂറോളം മത്സര ഇനങ്ങൾ ഉണ്ടെങ്കിലും വിരലെണ്ണാവുന്ന ഇനങ്ങളിൽ മാത്രമാണ് മത്സരാർഥികൾ ഉള്ളത്. അതിൽ അധികവും ജനപ്രതിനിധികളുടെ നിർബന്ധത്താൽ പങ്കെടുക്കുന്നവയാണ്.
യുവജന ക്ഷേമ ബോർഡിന്റെ ചിട്ടയായ പ്രവർത്തനം ഇല്ലാത്തതും അതിലേക്കായി സർക്കാർ ശ്രദ്ധ ചെലുത്താത്തതും വിനയാണ്. കലാമത്സരങ്ങൾ, സാംസ്കാരിക മത്സരങ്ങൾ, കായിക മത്സരങ്ങൾ എന്നിങ്ങനെ വൈവിധ്യമാർന്ന ഇനങ്ങൾ വിപുലമായി മുൻകാലങ്ങളിൽ സംഘടിപ്പിച്ചിരുന്നു. ഓരോ വർഷവും സർക്കുലർ ഇറക്കുമ്പോൾ കൂടുതൽ മികവോടെയും വർധിച്ച ബഹുജനപങ്കാളിത്തത്തോടെയും കേരളോത്സവം സംഘടിപ്പിക്കണമെന്ന് തീരുമാനിക്കും. എന്നാൽ, ചുരുങ്ങിയ ദിവസങ്ങളിൽ തട്ടിക്കൂട്ടിയാണ് പരിപാടി നടക്കുക. നവംബറിൽ ഗ്രാമ പഞ്ചായത്ത് തലം പൂർത്തീകരിക്കണമെന്നാണ് സർക്കുലർ. ഒരു പഞ്ചായത്തിൽ പോലും നവംബറിൽ പൂർത്തീകരിക്കാൻ കഴിയില്ല.
ഡിസംബറിൽ ബ്ലോക്ക്/ മുനിസിപ്പൽ/കോർപറേഷൻ തലത്തിൽ പൂർത്തീകരിക്കണമെന്നാണ് നിർദേശം. അതും പാലിക്കപ്പെടാൻ സാധിക്കില്ല.
പഞ്ചായത്ത് തലത്തിൽ കാഷ് പ്രൈസ് ഇല്ല
വർഷങ്ങൾക്ക് മുമ്പ് മത്സരങ്ങളിൽ വിജയിക്കുന്നവർക്ക് സർട്ടിഫിക്കറ്റിനും ട്രോഫിക്കും പുറമെ കാഷ് പ്രൈസും നൽകി വന്നിരുന്നു. ഇപ്പോൾ ഗ്രാമപഞ്ചായത്ത് തലത്തിൽ അതില്ല. തനത് ഫണ്ടിൽ നിന്നും കാഷ് പ്രൈസ് നൽകി വന്നിരുന്നത് ഓഡിറ്റ് വിഭാഗം എതിർത്തു. ഇതോടെ കാഷ് പ്രൈസ് ഇല്ലാതായി. ചില പഞ്ചായത്തുകൾ മാത്രം സ്പോൺസർഷിപ്പിലൂടെ ഫണ്ട് കണ്ടെത്തി കാഷ് പ്രൈസ് നൽകി വരുന്നുണ്ട്. യുവജനക്ഷേമ ബോർഡ് നൽകി വരുന്ന സർട്ടിഫിക്കറ്റിന് നിലവാരമില്ല എന്നതും വിനയാണ്.
പഞ്ചായത്ത്തല പ്രവർത്തനമില്ല
യുവജനങ്ങളെ പരിപോഷിപ്പിക്കാൻ ഓരോ പഞ്ചായത്തിലും യൂത്ത് കോഡിനേറ്റർ എന്ന തസ്തിക ഉണ്ടെങ്കിലും മിക്കതും ഒഴിഞ്ഞ് കിടക്കുകയാണ്. ആദ്യം ഓരോ പഞ്ചായത്തിലേക്കും ഓരോരുത്തരെ വീതമാണ് നിയമിച്ചിരുന്നത്. പിന്നീടത് ഒരു ബ്ലോക്കിന് കീഴിൽ രണ്ട് പേർ എന്ന നിലയിലേക്ക് ചുരുക്കി. എന്നാലിപ്പോൾ അതും ഇല്ലാത്ത അവസ്ഥയാണ്. ജില്ലയിൽ അനവധി പഞ്ചായത്തുകളിലാണ് കോഡിനേറ്റർമാർ ഇല്ലാത്ത അവസ്ഥ ഉള്ളത്. യുവജനക്ഷേമ ബോർഡാണ് കോഡിനേറ്റർമാരെ നിയമിക്കേണ്ടത്.
യൂത്ത് കോഡിനേറ്റർമാരുടെ ഒഴിവ് മൂലം പഞ്ചായത്ത് തലത്തിൽ ഒരു പ്രവർത്തനവും നടക്കാത്ത അവസ്ഥയാണ്. ക്ലബുകൾക്ക് മുൻകാലങ്ങളിൽ സ്പോട്സ് കിറ്റ് ഉൾപ്പടെ ലഭിക്കുമായിരുന്നു. തോടെ ക്ലബുകളുടെ പ്രവർത്തനവും അവതാളത്തിലായി. ചെറിയ വരുമാനം മാത്രമാണ് കോഓഡിനേറ്റർമാർക്ക് നൽകി വന്നിരുന്നത്. ഇത് ലഭിക്കുന്നതാകട്ടെ ഒന്നോ രണ്ടോ വർഷം കൂടുമ്പോൾ മാത്രവും. സർക്കാരിൻ്റെ സാമ്പത്തിക ഞെരുക്കമാകാം നിയമനം ഒഴിവാക്കാൻ കാരണമെന്ന് കരുതുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.