പൊലീസ് അസോസിയേഷൻ വിവാദം: ഡി.ജി.പി ഭാരവാഹികളെ അതൃപ്തി അറിയിച്ചു
text_fieldsതിരുവനന്തപുരം: പൊലീസ് അസോസിയേഷൻ സമ്മേളനങ്ങളിലെ വിവാദങ്ങളുമായി ബന്ധപ്പെട്ട് ഡി.ജി.പി ലോക്നാഥ് െബഹ്റ അസോസിയേഷൻ ഭാരവാഹികളെ അതൃപ്തി അറിയിച്ചു. ഇൻറലിജൻസ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് അസോസിയേഷൻ ഭാരവാഹികളെ നേരിട്ട് ഫോണിൽ വിളിച്ച് അതൃപ്തി അറിയിച്ചത്. തുടർന്ന് സംഘടനയുടെ പ്രവർത്തനം സംബന്ധിച്ച് നിലവിലെ ചട്ടങ്ങളും സർക്കുലറുകളും കോഡ്രീകരിച്ചുകൊണ്ടുള്ള നോട്ടീസും സംഘടനാ നേതാക്കൾക്ക് ഇ-മെയിൽവഴി കൈമാറി.
അസോസിയേഷെൻ ലോഗോയുടെ നിറം മാറ്റിയതിലും സമ്മേളന പ്രതിനിധികൾ ചുവപ്പ് ഷർട്ട് ധരിച്ചെത്തിയതിലും രക്തസാക്ഷി അനുസ്മരണം വിവാദമാക്കിയതിലും ഇൻറലിജൻസ് റിപ്പോർട്ട് മാധ്യമങ്ങൾക്ക് മുന്നിൽ തള്ളിപ്പറഞ്ഞതിലുമുള്ള അമർഷം അദ്ദേഹം നേതാക്കളെ അറിയിച്ചു. ലോഗോയില്‍ മാറ്റം വരുത്തണമെങ്കില്‍ നിയമാവലി ആദ്യം മാറ്റണമായിരുന്നു. അത് ചെയ്യാതെ ഇൻറലിജൻസ് റിപ്പോർട്ട് തള്ളിപ്പറയുന്ന രീതിയിൽ മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികരണം നടത്തിയത് ശരിയായില്ല.
രാഷ്ട്രീയേതര സംഘടനയായി പ്രവര്‍ത്തിക്കാനാണ് പൊലീസ് അസോസിയേഷനുകള്‍ക്ക് അംഗീകാരം നല്കി ഇറക്കിയ ഉത്തരവില്‍ പറയുന്നത്. അതു പാലിക്കപ്പെട്ടില്ല. പൊതുജനത്തിന് മാതൃകയാകേണ്ട സേനയിൽതന്നെ ചട്ടലംഘനവും നിയമലംഘനവും നടക്കുന്നത് സർക്കാറിന് ദോഷമുണ്ടാക്കുമെന്നും അദ്ദേഹം ധരിപ്പിച്ചു. വിവിധ ജില്ലകളിൽ നടന്ന പൊലീസ് സമ്മേളനങ്ങളെക്കുറിച്ച റേഞ്ച് ഐ.ജിമാരുടെ അന്വേഷ റിപ്പോർട്ട് കിട്ടിയശേഷമേ നേതാക്കളിൽനിന്ന് വിശദീകരണം തേടുന്നതടക്കം നടപടികളിലേക്ക് കടക്കൂ. രണ്ടു ദിവസത്തിനുള്ളിൽ ഐ.ജിമാർ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.