മണ്ണെണ്ണ വില ഇരുട്ടടി; മത്സ്യത്തൊഴിലാളികൾ ദുരിതക്കടലിൽ
text_fieldsകണ്ണൂർ: ഇന്ധനവില വർധനയിൽ രക്ഷയില്ലാതെ കടലിെൻറ മക്കളും. പെട്രോളിനും ഡീസലിനുമൊപ്പം മണ്ണെണ്ണക്കും വില വർധിച്ചതോടെ മത്സ്യബന്ധന തൊഴിലാളികളും ബുദ്ധിമുട്ടിലാണ്. ഒറ്റയടിക്ക് എട്ടു രൂപയാണ് മണ്ണെണ്ണക്ക് കൂട്ടിയത്. ഇതോടെ ചില്ലറവിൽപനയിൽ ഒരു ലിറ്റർ മണ്ണെണ്ണയുടെ വില 55 രൂപയായി ഉയര്ന്നു.
കാലാവസ്ഥ വ്യതിയാനം മൂലം തീരങ്ങളിൽ ആവശ്യത്തിന് മത്സ്യലഭ്യതയില്ലാതെ പട്ടിണിയുടെ വക്കിൽ കഴിയുേമ്പാഴാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഇരുട്ടടിയായി മണ്ണെണ്ണവില കൂട്ടിയത്. ഒറ്റയടിക്ക് ഇത്രയും വില കൂട്ടുന്നത് ആദ്യമാണ്. മത്സ്യഫെഡ്, റേഷൻ വഴിയാണ് മത്സ്യത്തൊഴിലാളികൾക്ക് പ്രധാനമായും മണ്ണെണ്ണ ലഭിക്കുന്നത്.
ബോട്ടുകളും യന്ത്രം ഘടിപ്പിച്ച വള്ളങ്ങളുമായി ജില്ലയിൽ 800 പെർമിറ്റുകളാണ് നിലവിലുള്ളത്. എന്നാൽ, പെർമിറ്റില്ലാത്തവ ഇതിെൻറ ഇരട്ടിയോളം വരും. പുറത്തുനിന്ന് ഉയർന്ന വിലക്ക് ഇന്ധനം നിറച്ചാണ് ഇവ ഓടുന്നത്. ഒരാഴ്ചകൊണ്ട് 130 നോട്ടിക്കൽ മൈൽ ദൂരം താണ്ടുന്ന യാത്രകൾക്ക് ശരാശരി 300 ലിറ്റർ വരെ എണ്ണയാണ് ആവശ്യമായുള്ളത്. കണ്ണൂർ ആയിക്കരയിലെ മിക്ക ബോട്ടുകളും 120 മുതൽ 130 വരെ നോട്ടിക്കൽ മൈൽ പോകുന്നവയാണ്. ലക്ഷദ്വീപിന് അടുത്തുവരെ പോയി മീൻ പിടിച്ചു മടങ്ങുന്നവയാണിവ. മണ്ണെണ്ണവില വർധിപ്പിച്ചതോടെ മത്സ്യത്തൊഴിലാളികൾ പ്രതിസന്ധിയിലാണ്.
നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റത്തിനൊപ്പം തൊഴിലിടങ്ങളിലെ പ്രതിസന്ധിയും പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ദുരിതത്തിലാക്കുകയാണ്. ഓരോ വർഷവും സബ്സിഡി വെട്ടിച്ചുരുക്കുന്ന പതിവിനു പുറമെയാണ് വിലക്കയറ്റവും.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയോളമാണ് മണ്ണെണ്ണവില വർധിച്ചത്. ജൂണിൽ 41 രൂപയായിരുന്നു വില. മാർച്ചുവരെ വൈദ്യുതീകരിക്കാത്ത കാർഡുകൾക്ക് നാലു ലിറ്ററും മറ്റുള്ളവർക്ക് അരലിറ്ററുമാണ് പ്രതിമാസം നൽകിയിരുന്നത്. പുതിയ സാമ്പത്തികവർഷാരംഭത്തോടെ ഇതിൽ 30 ശതമാനമാണ് വെട്ടിക്കുറച്ചത്. നിലവിൽ 95 രൂപക്കാണ് മത്സ്യഫെഡിൽനിന്ന് എണ്ണ ലഭിക്കുന്നതെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. 107 രൂപയായി വർധിച്ചശേഷമാണ് 95ലേക്കെത്തിയത്. 140 ലിറ്റർ വരെ റേഷനായി ലഭിക്കും.
ചില മാസങ്ങളിലിത് 75 ലിറ്ററായി ചുരുങ്ങും. സർക്കാർ തലത്തിൽ ലഭിക്കുന്നതിനു പുറമെ ബാക്കി എണ്ണ വലിയ വിലക്ക് പുറത്തുനിന്ന് വാങ്ങിക്കേണ്ട അവസ്ഥയാണ്. 25 രൂപയാണ് സബ്സിഡി. മണ്ണെണ്ണ വിലക്കനുസരിച്ച് സബ്സിഡി നിരക്ക് ഉയർത്തണമെന്നത് ഏറെനാളത്തെ ആവശ്യമാണ്. മൊത്തം തുക നൽകി എണ്ണ വാങ്ങിയശേഷം പിന്നീടാണ് സബ്സിഡി തുക മത്സ്യത്തൊഴിലാളികളുടെ അക്കൗണ്ടിെലത്തുക.
ഇന്ധനവില വർധിച്ചതോടെ യന്ത്രം ഘടിപ്പിച്ച ബോട്ടുകളെയും വള്ളങ്ങളെയും ഒഴിവാക്കി സാധാരണ തോണികൾ ഉപയോഗിക്കേണ്ട ദുരവസ്ഥയിലാണ് കടലിെൻറ മക്കൾ. എന്നാൽ, ഇത്തരം തോണികളിൽ കുറഞ്ഞദൂരം മാത്രമേ പോകാനാവൂ. വമ്പന്മാരോട് പൊരുതിയാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ കടലിൽ മീൻപിടിക്കാൻ പോകുന്നത്. ഇന്ധനവില ഉത്തരത്തിൽ ഉയർത്തിയാൽ തീരം പട്ടിണിയിലാകുമെന്നുറപ്പാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.