മണ്ണെണ്ണ വിലവർധന സബ്സിഡി: കേരളത്തിന് പരിമിതിയെന്ന് ഭക്ഷ്യമന്ത്രി
text_fieldsതിരുവനന്തപുരം: മണ്ണെണ്ണ വിലവര്‍ധനയിലും കേരളത്തിന്‍റെ മണ്ണെണ്ണ വിഹിതം 40 ശതമാനത്തോളം വെട്ടിക്കുറച്ച നടപടിയിലും കേന്ദ്രത്തെ പ്രതിഷേധമറിയിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആര്‍. അനില്‍. മത്സ്യബന്ധന മേഖലയെ ഉള്‍പ്പെടെ ബാധിക്കുന്ന ക്രൂരമായ നടപടിയാണ് കേന്ദ്രത്തിന്‍റേത്. വില കൂട്ടിക്കൊണ്ടിരുന്നാല്‍ സംസ്ഥാനത്തിന് സബ്സിഡി അതിനനുസരിച്ചുനല്‍കാന്‍ പരിമിതിയുണ്ട്. സംസ്ഥാനത്തിനുള്ള മണ്ണെണ്ണ വിഹിതം കൂട്ടണമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രിയെയും പെട്രോളിയം മന്ത്രിയെയും ഈ മാസം ആറിന് നേരിൽ കണ്ട് ആവശ്യപ്പെടുമെന്ന് ജി.ആര്‍. അനില്‍ 'മാധ്യമ'ത്തോട് പറഞ്ഞു. റേഷൻ കടകളിലൂടെ വിതരണം ചെയ്യുന്ന മണ്ണെണ്ണക്ക് 28 രൂപ വർധിപ്പിച്ചേക്കുമെന്നാണ് സൂചന. നിലവിൽ ലിറ്ററിന് 53 രൂപയാണ്. ഇത് 81 ആക്കുമെന്നാണ് വിവരം.
ഫെബ്രുവരിയിൽ വിലയിൽ ലിറ്ററിന് ആറ് രൂപ വർധന എണ്ണക്കമ്പനികൾ വരുത്തിയെങ്കിലും കേരളത്തിൽ വില വർധിപ്പിച്ചിരുന്നില്ല.മണ്ണെണ്ണയുടെ വില അനുദിനം വർധിപ്പിക്കുന്നത് സാധാരണക്കാരോടും പരമ്പരാഗത മത്സ്യത്തൊഴിലാളികളോടുമുള്ള വെല്ലുവിളിയാണെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന 32000ത്തോളം വരുന്ന പരമ്പരാഗത മത്സ്യബന്ധന യാനങ്ങള്‍ക്ക് പ്രതിവര്‍ഷം ഏകദേശം രണ്ടു ലക്ഷം കിലോലിറ്റര്‍ മണ്ണെണ്ണയാണ് ആവശ്യമായി വരിക. എന്നാല്‍, വിവിധ കാലഘട്ടങ്ങളിലായി കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് അനുവദിക്കുന്ന മണ്ണെണ്ണയില്‍ ഗണ്യമായ കുറവ് വരുത്തിയതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്കാവശ്യമായ മണ്ണെണ്ണയുടെ 10 ശതമാനം പോലും ഇപ്പോള്‍ കുറഞ്ഞ വിലക്ക് ലഭിക്കുന്നില്ല. ഇതോടെ, പരമ്പരാഗത തൊഴിലാളികള്‍ ഉയര്‍ന്ന വില നല്‍കി മണ്ണെണ്ണ പൊതുവിപണിയില്‍ നിന്ന് വാങ്ങേണ്ട സ്ഥിതിയാണ്.
സംസ്ഥാനത്ത് കാര്‍ഷിക ആവശ്യത്തിനും ഉത്സവവേളകളിലെ മറ്റ് അനുബന്ധ ആവശ്യങ്ങള്‍ക്കും മത്സ്യബന്ധനത്തിനും കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്ന പ്രത്യേക വിഹിതമായ സബ്‌സിഡി രഹിത മണ്ണെണ്ണയുടെ വിലയും കുത്തനെ കൂട്ടിയിരിക്കുകയാണ്. നിലവില്‍ ഇത്തരത്തില്‍ അനുവദിക്കുന്ന സബ്‌സിഡി രഹിത മണ്ണെണ്ണക്ക് 82 രൂപയാണ് വില. സിവില്‍ സപ്ലൈസ് വകുപ്പ് വഴിയാണ് ഇത് അനുവദിക്കുന്നത്. മതിയായ അളവില്‍ മണ്ണെണ്ണ കേന്ദ്രം നൽകാത്തതിനാല്‍ ജനുവരി മാസത്തില്‍ അനുവദിക്കേണ്ട 129 ലിറ്ററിന് പകരമായി പെര്‍മിറ്റ് ഒന്നിന് 89 ലിറ്റര്‍ മണ്ണെണ്ണ മാത്രമാണ് അനുവദിക്കാന്‍ കഴിഞ്ഞിട്ടുള്ളത്. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഇത് അനുവദിച്ചിട്ടുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.