മണ്ണെണ്ണയേയും വിടില്ല; വില കൂട്ടി
text_fieldsപാലക്കാട്: പെട്രോൾ, ഡീസൽ വില വർധനക്ക് പിറകെ മണ്ണെണ്ണയുടെ വിലയുമുയർന്നതോടെ റേഷൻകട വഴി വിതരണം ചെയ്യുന്ന മണ്ണെണ്ണയുടെ വില വർധിപ്പിച്ചു. 44 രൂപയാണ് ജൂൺ മുതൽ ഒരു ലിറ്റർ മണ്ണെണ്ണയുടെ വില.
മേയ് മാസത്തിൽ 100 ലിറ്റർ മണ്ണെണ്ണക്ക് ഇന്ത്യൻ ഓയിൽ കോർപറേഷനിലെ എക്സ് ഡിപ്പോ നിരക്ക് 32,837 രൂപയായിരുന്നു. ജൂണിൽ 2451 രൂപ വർധിപ്പിച്ച് 35,288 ആക്കി ഉയർത്തി. ഇതാണ് വില വർധനക്ക് കാരണം. ജനുവരിയില്‍ ഒരു ലിറ്ററിന് 30 രൂപയായിരുന്നു.
ഫെബ്രുവരിയില്‍ രണ്ട് ഘട്ടമായി ഉണ്ടായ വിലവര്‍ധനയില്‍ മണ്ണെണ്ണ വില 37 രൂപയിലെത്തിയിരുന്നു. മാർച്ചിൽ 40 രൂപയായി വർധിച്ചു. മണ്ണെണ്ണ വിഹിതം കേന്ദ്രം വെട്ടിക്കുറച്ചതോടെ നീല, വെള്ള കാര്‍ഡുടമകള്‍ക്ക് ഫെബ്രുവരിയില്‍ റേഷന്‍ മണ്ണെണ്ണ ലഭിച്ചില്ല. തുടർന്ന് നീല, വെള്ള കാർഡുകൾക്ക് മൂന്ന് മാസത്തേക്ക് അരലിറ്റർ മാത്രം എന്ന അവസ്ഥയിലേക്ക് മാറി.
മുൻഗണന വിഭാഗത്തിൽപെട്ട ചുവപ്പ്, മഞ്ഞ കാർഡുകൾക്ക് മൂന്ന് മാസത്തേക്ക് ഒരു ലിറ്ററും വൈദ്യുതീകരിക്കാത്ത വീടുള്ള എൻ.ഇ കാർഡിന് മൂന്ന് മാസത്തേക്ക് എട്ട് ലിറ്ററും മണ്ണെണ്ണ ലഭിക്കും. റേഷൻ മണ്ണെണ്ണക്ക് കേന്ദ്ര സർക്കാർ സബ്സിഡി അനുവദിക്കാത്തതിനാൽ രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയിൽ വില അനുസരിച്ചാണ് വില നിലവാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.