കെവിൻ വധം: ഗാന്ധിനഗർ എ.എസ്.ഐ. ബിജുവിന് സസ്പെൻഷൻ
text_fieldsകോട്ടയം: മാന്നാനത്ത് നിന്ന് തട്ടിക്കൊണ്ടു പോയ കെവിനെ കണ്ടെത്തുന്നതിൽ വീഴ്ച വരുത്തിയ ഗാന്ധിനഗർ എ.എസ്.ഐ. ബിജുവിനെ സസ്പെൻഡ് ചെയ്തു. രാത്രി പട്രോളിങ്ങിന് എ.എസ്.ഐക്കൊപ്പം ഉണ്ടായിരുന്ന പൊലീസ് ജീപ്പ് ഡ്രൈവറെയും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഒരു കൊലപാതകം തടയുന്നതിൽ മന വീഴ്ച വരുത്തിയ സംഭവത്തിലാണ് ഐ.ജി വിജയ് സാഖറെ നടപടി സ്വീകരിച്ചത്.
ശനിയാഴ്ച രാത്രി ഗാന്ധിനഗർ പരിധിയിൽ പട്രോളിങ്ങിന് ഉണ്ടായിരുന്നത് എ.എസ്.ഐ ബിജുവാണ്. ബിജുവും സംഘവും ഷാനു സഞ്ചരിച്ച വാഹനം തടഞ്ഞു നിർത്തി പരിശോധിച്ചിരുന്നു. കൂടാതെ, ഒന്നരമണിക്കൂർ അക്രമിസംഘത്തെ ചോദ്യം ചെയ്യുകയും അവരുടെ പാസ്പോർട്ട് അടക്കമുള്ള തിരിച്ചറിയൽ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു. കൈക്കൂലി വാങ്ങി അർധരാത്രിയിൽ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയവരെ വിട്ടയച്ചതെന്നാണ് ഐ.ജിയുടെ കണ്ടെത്തൽ.
അതേസമയം, കേസിലെ മുഖ്യ പ്രതികളെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഏറ്റുമാനൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ഐ.ജി വിജയ് സാഖറെ കോട്ടയം പൊലീസ് ക്ലബിൽ എത്തിയിട്ടുണ്ട്. ചൊവ്വാഴ്ച അറസ്റ്റിലായ നീനുവിന്‍റെ അച്ഛൻ ചാക്കോ, സഹോദരൻ ഷാനു ചാക്കോ എന്നിവരെ വിശദ ചോദ്യം ചെയ്യലിന് അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടി സ്വീകരിക്കും.
റിമാൻഡിൽ കഴിയുന്ന മൂന്നു പ്രതികളെ 10 ദിവസം കസ്റ്റഡിയിൽ ലഭിക്കുന്നതിന് പൊലീസ് കോടതിയെ സമീപിച്ചിട്ടുണ്ട്. എസ്.പിയുടെ സാന്നിധ്യത്തിലാണ് പ്രതികളുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തുന്നത്.
അതിനിടെ, ഒരു എസ്.പിയുടെ വാഹനം കൈമാറിയതുമായി ബന്ധപ്പെട്ട കേസിൽ ആരോപണ വിധേയനായ ഗാന്ധിനഗർ എസ്.ഐ. ബിജുവിനെ കുറിച്ചുള്ള വിവരങ്ങൾ കോട്ടയം എസ്.പി ശേഖരിക്കുന്നതായി റിപ്പോർട്ടുണ്ട്. കേസിന്‍റെ ഫയലുകൾ കോട്ടയം എസ്.പി ഹരിശങ്കർ പരിശോധിക്കാൻ ആരംഭിച്ചതായും വിവരമുണ്ട്. നമ്പർ മാറ്റി വാഹനം കൈമാറിയ സംഭവത്തിൽ വാഹന ഉടമ കബളിപ്പിക്കൽ ചൂണ്ടിക്കാട്ടി പരാതി നൽകിയിരുന്നു.
കൈകൂലി വാങ്ങി ഈ കേസ് എസ്.ഐ ഷിബു അട്ടിമറിക്കുകയായിരുന്നു. തുടർന്ന് ഡി.ജി.പിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ആസ്ഥാനത്തെ എസ്.പി അന്വേഷണം നടത്തി ഡി.ജി.പിക്ക് റിപ്പോർട്ട് നൽകി. റിപ്പോർട്ടിലെ ശിപാർശ പ്രകാരം നടപടി സ്വീകരിക്കാൻ മുൻ കോട്ടയം എസ്.പിക്ക് കൈമാറിയെങ്കിലും ബാഹ്യ സമ്മർദത്തിൽ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നാണ് ലഭിക്കുന്ന വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.