കെവിൻ വധക്കേസ്: പൊലീസുകാരുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തള്ളി
text_fieldsകൊച്ചി: കോട്ടയത്തെ കെവിൻ വധക്കേസിലെ പ്രതികളിൽ നിന്ന് കൈക്കൂലി വാങ്ങിയ കേസിലെ പ്രതികളായ പൊലീസുകാരുടെ ജാമ്യം റദ്ദാക്കണമെന്ന സർക്കാറിെൻറ ഹരജി ഹൈകോടതി തള്ളി. ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ബിജു, ഡ്രൈവര്‍ അജയകുമാര്‍ എന്നിവര്‍ക്ക് ഏറ്റുമാനൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്ന ഹരജിയാണ് തള്ളിയത്. കീഴ്‌കോടതി നടപടിയിൽ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയ ഹൈകോടതി പ്രതികളെ ചോദ്യം ചെയ്യണമെങ്കിൽ നോട്ടീസ് നൽകി അന്വേഷണസംഘത്തിന് വിളിച്ചു വരുത്താമെന്ന് നിർദേശിച്ചു. പ്രതികൾ കസ്റ്റഡിയിൽ തുടരേണ്ട സാഹചര്യമില്ലെന്നും വിലയിരുത്തി.
കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന കേസിലെ പ്രധാന പ്രതിയും കെവിൻ വിവാഹം കഴിച്ച പെൺകുട്ടിയുടെ സഹോദരനുമായ ഷാനു അടക്കമുള്ളവരെ തട്ടിക്കൊണ്ടുപോകൽ നടക്കുന്നതിനുമുമ്പ‌് കോട്ടയത്ത‌് വാഹനപരിശോധനക്കിടെ പൊലീസ‌് തടഞ്ഞിരുന്നു. പ്രതികളായ പൊലീസുകാർ ഇവരിൽനിന്ന് 2000 രൂപ കൈക്കൂലി വാങ്ങിയ ശേഷം വിടുകയായിരുന്നെന്നാണ‌് കേസ‌്.
ഇവരെ അറസ്റ്റ് ചെയ്തശേഷം ജാമ്യം നൽകുന്നതിനെ എതിർത്തും കൂടുതൽ അന്വേഷണത്തിന് കസ്റ്റഡിയിൽ ആവശ്യപ്പെട്ടുമാണ് അന്വേഷണസംഘം ജൂൺ രണ്ടിന് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയത്. എന്നാൽ, ജാമ്യം നിഷേധിക്കാൻ കുറ്റകൃത്യത്തിന് മതിയായ തെളിവില്ലെന്ന് വ്യക്തമാക്കി ഇരുവർക്കും ജാമ്യം അനുവദിക്കുകയായിരുന്നു. കസ്റ്റഡി അപേക്ഷയും തള്ളി. ജാമ്യം അനുവദിച്ച നടപടി വിവാദത്തിലായതോടെയാണ് ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി സർക്കാർ ഹൈകോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.