കെവിന്‍റെ കൊലപാതകം: കോട്ടയത്ത് ചൊവ്വാഴ്ച ഹർത്താൽ; എസ്.പിയെ മാറ്റി
text_fieldsഗാന്ധിനഗർ: കോട്ടയത്ത് നിന്ന് ഭാര്യാ വീട്ടുകാർ തട്ടിക്കൊണ്ടു പോയ നവവരനെ കണ്ടെത്തുന്നത് വൈകിപ്പിച്ച സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. കെവിന്‍റെ ഭാര്യ നീനുവിന്‍റെ പരാതി അന്വേഷിക്കുന്നതിന്‍റെ മേൽനോട്ട വഹിക്കുന്നതിൽ വീഴ്ച വരുത്തിയ എസ്.പിയെ മാറ്റി. കോട്ടയം എസ്.പി. മുഹമ്മദ് റഫീഖിനെയാണ് തൽസ്ഥാനത്ത് നിന്ന് നീക്കിയത്. ഹരിശങ്കറെ പുതിയ എസ്.പിയായി നിയമിച്ചു.
കെവിന്‍റെ ഭാര്യ നീനുവിന്‍റെ പരാതി അന്വേഷിക്കുന്ന കാര്യത്തിൽ വീഴ്ച വരുത്തിയ ഗാന്ധിനഗർ എസ്.ഐ. എം.എസ്. ഷിബുവിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. കെവിനെ തട്ടികൊണ്ട് പോയെന്ന പരാതി ലഭിച്ചിട്ടും നടപടിയെടുക്കാൻ എസ്.െഎ തയാറായില്ലെന്ന് ഡി.വൈ.എസ്.പിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
സംഭവത്തിൽ പ്രതിഷേധിച്ച് കോട്ടയം ജില്ലയിൽ ചൊവ്വാഴ്ച യു.ഡി.എഫും ബി.ജെ.പിയും ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്.
അതിനിടെ, അന്വേഷണം വൈകിപ്പിച്ച ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് അടക്കമുള്ള സംഘടനകൾ പ്രതിഷേധ മാർച്ച് നടത്തി. സ്റ്റേഷന് മുമ്പിൽ കോട്ടയം എം.എൽ.എ തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ നേതൃത്വത്തിൽ കുത്തിയിരിപ്പ് സമരം ആരംഭിച്ചു.
കോട്ടയത്തെ സി.പി.എം നേതാക്കൾക്ക് കെവിനെ തട്ടിക്കൊണ്ടു പോയതിൽ പങ്കുണ്ടെന്ന് തിരുവഞ്ചൂർ ആരോപിച്ചു. കൊലപാതക കേസ് എ.ഡി.ജി.പി (ക്രൈംസ്) അന്വേഷിക്കണമെന്ന് തിരുവഞ്ചൂർ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും കേരളാ കോൺഗ്രസ് എം നേതാവ് കെ.എം. മാണിയും സമരത്തിൽ പങ്കെടുത്തു. മുൻ എം.എൽ.എ ജോസഫ് വാഴക്കൻ, മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുരേഷ്, ഡി.സി.സി പ്രസിഡന്‍റ് ജോഷി ഫിലിപ്പ് എന്നിവരും പങ്കെടുക്കുന്നുണ്ട്.
പ്രതിഷേധത്തിനിടെ ഗാന്ധിനഗർ സ്റ്റേഷനിൽ കോട്ടയം എസ്.പി എത്തിയത് സംഘർഷത്തിന് ഇടയാക്കി. യൂത്ത്കോൺഗ്രസ് പ്രവർത്തകർ എസ്.പിയെ കൊടി കൊണ്ട് അടിച്ചു. സ്ഥലത്തെത്തിയ ഐ.ജി വിജയ് സാക്കറെയും തിരുവഞ്ചൂർ രാധാകൃഷ്ണനും തമ്മിൽ വാക്കുതർക്കം ഉണ്ടായി.
അതിനിടെ, രമേശ് ചെന്നിത്തല കെവിന്‍റെ വീട് സന്ദർശിച്ചു. കോട്ടയം നട്ടാശ്ശേരി എസ്.എച്ച് മൗണ്ടിലെ വീട്ടിലെത്തിയ ചെന്നിത്തല കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.
കോൺഗ്രസിനെ കൂടാതെ ബി.ജെ.പി, എ.ഐ.വൈ.എഫ്, സി.എസ്.ഡി.എസ് എന്നിവരുടെ പ്രവർത്തകരും പൊലീസ് സ്റ്റേഷന് മുമ്പിൽ കുത്തിയിരിപ്പ് സമരം നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.