കെ.എഫ്.സി അഴിമതി ഗൂഢാലോചന; റിലയൻസിനു വേണ്ടി
text_fieldsതിരുവനന്തപുരം: മുങ്ങിക്കൊണ്ടിരിക്കുന്ന റിലയൻസ് കമ്പനിക്കുവേണ്ടി നടത്തിയ ഗൂഢാലോചനയാണ് കെ.എഫ്.സി (കേരള ഫിനാൻഷ്യൽ കോർപറേഷൻ) അഴിമതിയെന്നത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്.
നിക്ഷേപം നടത്തി മൂന്നാം മാസം മുതൽ നഷ്ടത്തിലായ റിലയൻസ് കമ്പനിക്കുവേണ്ടി ആസൂത്രണം തുടങ്ങിയത് 2016ൽ. മാതൃകമ്പനിയായ റിലയൻസ് കാപിറ്റലിന്റെയും അനുബന്ധ കമ്പനിയായ റിലയൻസ് കമ്യൂണിക്കേഷന്റെയും ബാധ്യതകൾ കാരണം 2016 ഏപ്രിലിൽ അനിൽ അംബാനി തട്ടിക്കൂട്ടിയ റിലയന്‍സ് കോമേഴ്സ്യല്‍ ഫിനാന്‍സ് ലിമിറ്റഡിൽ (ആര്.സി.എഫ്.എൽ) നിക്ഷേപം നടത്തുന്നതിനുള്ള ആസൂത്രണം അതേവർഷം ജൂൺ 28ന് 250 കോടി രൂപ അധിക ധനസമാഹരണവും ക്രെഡിറ്റ് റേറ്റിങ് ഉയർത്തലും അജണ്ടയായി ചേർന്ന കെ.എഫ്.സി ബോർഡ് യോഗത്തിലെന്നാണ് സൂചന.
ഇത് സാധ്യമായില്ലെന്ന കാരണത്താൽ 2017 ജൂലൈ മൂന്നിന് ചേർന്ന ബോർഡ് യോഗം ക്രെഡിറ്റ് റേറ്റിങ് ഉയർത്താനും വിപണിയിൽനിന്ന് 500 കോടി രൂപ സമാഹരിക്കാനും എം.ഡിയെ ചുമതലപ്പെടുത്തി. ഇതിന്റെ തുടർച്ചയായി 2018 മാർച്ചിൽ റിലയൻസിൽ നിക്ഷേപം നടത്തി. എന്നാൽ, മാതൃകമ്പനിയായ റിലയന്‍സ് കാപിറ്റല്‍ ലിമിറ്റഡിന്റെയും സഹോദര സ്ഥാപനമായ റിലയന്‍സ് കമ്യൂണിക്കേഷന്‍സിന്റെയും ആര്.സി.എഫ്.എല്ലിന്റെയും റേറ്റിങ് മാറാൻ സാധ്യതയുണ്ടെന്നും സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും അതേവർഷം ജനുവരി 18ന് തന്നെ ക്രെഡിറ്റ് ഏജന്‍സി ‘കെയർ’ മുന്നറിയിപ്പ് നൽകിയിരുന്നു.
ഇത് അവഗണിച്ചാണ് 60.8 കോടി രൂപ നിക്ഷേപിച്ചത്. എന്നാൽ, 2018 ജൂണിനുശേഷം പണ വിപണിയിലുണ്ടായ പ്രതിസന്ധികളും ചില പ്രധാന നോൺ ബാങ്കിങ് ഫിനാൻഷ്യൽ കമ്പനികളുടെ (എൻ.ബി.എഫ്.സി) തകർച്ചയുമാണ് ആർ.സി.എഫ്.എല്ലിനെ ബാധിച്ചതും കെ.എഫ്.സിയുടെ നിക്ഷേപം തിരിച്ചുകിട്ടുന്നതിന് പ്രതിസന്ധിയുണ്ടാക്കിയതെന്നുമാണ് കെ.എഫ്.സി എം.ഡിയുടെ വിശദീകരണം.
വായ്പ ബാധ്യതകൾ തിരിച്ചുനൽകുന്നതിൽ ആർ.സി.എഫ്.എൽ വീഴ്ചവരുത്തിയതോടെ, റിസർവ് ബാങ്ക് ഇടപെട്ട് തയാറാക്കിയ പരിഹാര പദ്ധതിയിൽ നിക്ഷേപത്തിന്റെ 24.96 ശതമാനം തിരിച്ചുകൊടുക്കാമെന്ന വ്യവസ്ഥക്കെതിരെ കെ.എഫ്.സി മുംബൈ ഹൈകോടതിയെ സമീപിച്ചു. പിന്നാലെ, ആർ.സി.എഫ്.എല്ലിന്റെ ആസ്തി ബാധ്യതകൾ ഏറ്റെടുത്ത കമ്പനി നിക്ഷേപത്തിന്റെ 52 ശതമാനം മടക്കിനൽകാമെന്ന വ്യവസ്ഥവെച്ചു. ഇതിനെതിരെയും മുംബൈ ഹൈകോടതിയിൽ നിയമനടപടി തുടരുകയാണ് കെ.എഫ്.സി. ആക്ഷേപങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കെ.എഫ്.സി മാനേജ്മെന്റ് പറഞ്ഞു. നിക്ഷേപത്തിന്റെ ഉത്തരവാദിത്തം കെ.എഫ്.സിയുടെ മാത്രം തലയില്‍ കെട്ടിവെക്കാനാണ് സര്‍ക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.