അംബാനിയുടെ കമ്പനിയിലെ കെ.എഫ്.സി നിക്ഷേപം: അഴിമതി സംബന്ധിച്ച് സമഗ്രാന്വേഷണം വേണം- എസ്.ഡി.പി.ഐ
text_fieldsതിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ (കെ.എഫ്.സി) അനില്‍ അംബാനിയുടെ കമ്പനിയില്‍ നിക്ഷേപം നടത്തിയതിനെത്തുടര്‍ന്ന് കോടികളുടെ നഷ്ടം സംഭവിച്ചതുമായി ബന്ധപ്പെട്ട അഴിമതിയെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് എസ്.ഡി.പി.ഐ. മുങ്ങിത്താഴ്ന്നുകൊണ്ടിരുന്ന കമ്പനിയില്‍ എന്തു പഠനത്തിന്റെ അടിസ്ഥാനത്തിലാണ് നിക്ഷേപം നടത്തിയതെന്നു മുഖ്യമന്ത്രിയും അന്നത്തെ ധനമന്ത്രിയും വ്യക്തമാക്കണം.
സാമ്പത്തിക ഞെരുക്കത്തിന്റെ പേരില്‍ ജനങ്ങളുടെ ക്ഷേമ പെന്‍ഷനുകളും ചികില്‍സാ ആനുകുല്യങ്ങളും പോലും തടഞ്ഞുവെക്കുകയും നികുതിയും വൈദ്യുതി ചാര്‍ജും ഉള്‍പ്പെടെ വര്‍ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുകയും ചെയ്യുന്ന ഇടതു സര്‍ക്കാരാണ് പൊതുഖജനാവിലെ പണം കോര്‍പറേറ്റുകള്‍ക്ക് യാതൊരു കൂടിയാലോചനയുമില്ലാതെ വാരിക്കോരി നല്‍കുന്നത്. ഇത് പച്ചയായ അഴിമതിയും കോര്‍പറേറ്റ് ദാസ്യവുമാണ്. ഇതു സംബന്ധിച്ച് നിയമസഭയില്‍ വന്ന ചോദ്യങ്ങള്‍ക്കു പോലും മറുപടി പറയാതെ സര്‍ക്കാര്‍ ഒളിച്ചുകളി നടത്തിയതിന്റെ അകംപൊരുള്‍ ഇപ്പോള്‍ വ്യക്തമായിയിരിക്കുകയാണ്.
കെ.എഫ്.സിയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പോലും നിക്ഷേപം സംബന്ധിച്ച് പരാമര്‍ശമില്ലാതിരുന്നത് സര്‍ക്കാര്‍-ഉദ്യോഗസ്ഥ തലത്തിലുള്ള രഹസ്യ കച്ചവടമാണ് തുറന്നുകാട്ടുന്നത്. കെ.എഫ്.സി ചെയര്‍മാന്‍ പോലും അറിയാതെ ധനമന്ത്രി കെ.എഫ്.സിയുടെ പണം നിക്ഷേപിച്ചതെങ്ങിനെയെന്ന് മുഖ്യമന്ത്രിയും സര്‍ക്കാരും മറുപടി പറയണം. മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ഇത്തരത്തില്‍ സര്‍വമേഖലയിലും രഹസ്യ ഇടപാടുകളും അഴിമതിയും കൊടികുത്തി വാഴുകയാണ്. ഇതുവഴിയുണ്ടാകുന്ന അമിത ഭാരം പാവപ്പെട്ട ജനങ്ങളുടെ ചുമലില്‍ കെട്ടിവെക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കെഎഫ്‌സി നിക്ഷേപം സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ ശക്തമായ നിയമ നടപടിയുണ്ടാവണം. കൂടാതെ പൊതുഖജനാവിലെ നഷ്ടം ഉത്തരവാദികളായവരില്‍ നിന്ന് ഈടാക്കണമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.