സംരംഭം തുടങ്ങാൻ അഞ്ച് ശതമാനം പലിശക്ക് രണ്ട് കോടി വരെ കെ.എഫ്.സി. വായ്പ
text_fieldsകോഴിക്കോട് : അഞ്ച് ശതമാനം പലിശ നിരക്കിൽ രണ്ട് കോടി വരെ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെ.എഫ്.സി) വായ്പ. മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി (സി.എം.ഇ.ഡി.പി) യുടെ ഉയർന്ന വായ്പാപരിധി രണ്ടു കോടി രൂപയാക്കി ഉയർത്തി. ഇതിലൂടെ സംസ്ഥാനത്തെ സൂക്ഷ്മ ചെറുകിട ഇടത്തര മേഖലാ സംരംഭങ്ങൾക്ക് അഞ്ച് ശതമാനം പലിശ നിരക്കിൽ രണ്ട് കോടി രൂപ വരെ വായ്പ ലഭിക്കും. 2022-23 സംസ്ഥാന ബഡ്ജറ്റിലെ പ്രഖ്യാപനമാണ് ഈ നടപടിയിലൂടെ യാഥാർഥ്യമാകുന്നത്.
സർക്കാരിൻറെ മൂന്ന് ശതമാനവും കെ.എഫ്.സി.യുടെ രണ്ട് ശതമാനവും സബ്സിഡി വഴിയാണ് അഞ്ച് പലിശ നിരക്കിൽ വായ്പ നൽകുന്നത്. മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയിൽ കോർപ്പറേഷൻ ഇതുവരെ 2122 യൂണിറ്റുകൾക്ക് വായ്പ നൽകിയിട്ടുണ്ട്. ഒരു വർഷം 500 സംരംഭങ്ങൾ എന്ന നിരക്കിൽ അഞ്ച് വർഷത്തിനുള്ളിൽ 2500 സംരംഭങ്ങൾക്ക് വായ്പ നൽകുക എന്നതായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം. ഇതിനായി കോർപ്പറേഷൻ പ്രതിവർഷം 500 കോടി രൂപ നീക്കിവയ്ക്കും.
എം.എസ്.എം.ഇ രജിസ്ട്രേഷനുള്ള വ്യാവസായിക യൂനിറ്റുകളും യൂനിറ്റിന്റെ മുഖ്യ സംരംഭകന്റെ ഉയർന്ന പ്രായം 50 വയസും എന്നതാണ് ഈ പദ്ധതിയിൽ സംരംഭകരുടെ യോഗ്യത. എന്നാൽ എസ്.ടി- എസ്.ടി സംരംഭകർ, വനിതാ സംരംഭകർ, പ്രവാസി മലയാളികൾ എന്നിവരുടെ പ്രായപരിധി 55 വയസ് ആണ്. കൂടാതെ പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനും നിലവിലുള്ളവ നവീകരിക്കുന്നതിനും വായ്പകൾ ലഭിക്കും.
പദ്ധതി തുകയുടെ 90 ശതമാനം വരെയും വായ്പ ലഭിക്കും. രണ്ടു കോടിയിൽ കൂടുതൽ ഉള്ള വായ്പകളിൽ, രണ്ടു കോടി രൂപ വരെ അഞച് ശതമാനം പലിശ നിരക്കിലും ബാക്കി വായ്പാ തുക സാധാരണ പലിശ നിരക്കിലുമാണ് വായ്പ ലഭ്യമാകുന്നത്. 10 വർഷം വരെ തിരിച്ചടവ് കാലാവധി ലഭ്യമാണെങ്കിലും പലിശയുടെ ആനുകൂല്യം ആദ്യ അഞ്ച് വർഷത്തേക്ക് മാത്രമായിരിക്കും.
ബിസിനസ് ക്യാമ്പയിന്റെ ഭാഗമായി പുതിയ എം.എസ്.എം.ഇ കൾക്കുള്ള പ്രോസസിംഗ് ഫീസിൽ 50ല ശതമാനം ഇളവും നൽകും. അന്താരാഷ്ട്ര എം.എസ്.എം.ഇ ദിനത്തോടനുബന്ധിച്ച് ഉയർന്ന ക്രെഡിറ്റ് റേറ്റിംഗുള്ള ഇടപാടുകാർക്ക് 0.25 ശതമാനം അധിക പലിശ ഇളവും നല്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.