കെ.എഫ്.സി അഴിമതി; നിയമസഭയിലും ഒളിച്ചുകളി
text_fieldsതിരുവനന്തപുരം: കേരള ഫിനാൻഷ്യൽ കോർപറേഷൻ (കെ.എഫ്.സി) അഴിമതി സംബന്ധിച്ച ചോദ്യങ്ങൾക്ക് നിയമസഭയിലും മറുപടി പറയാതെ, ധനവകുപ്പിന്റെ ഒളിച്ചുകളി. പ്രതിപക്ഷാംഗങ്ങൾ രണ്ടു തവണ ഉന്നയിച്ചിട്ടും നക്ഷത്ര ചിഹ്നമിടാത്ത ചോദ്യത്തിനുള്ള മറുപടി ലഭ്യമാക്കിയിട്ടില്ല. ജൂലൈ ഒന്നിന് പി.സി. വിഷ്ണുനാഥ്, ടി.ജെ. വിനോദ്, എം. വിൻസെന്റ്, കെ.കെ. രമ എന്നിവരുടെ 4398ാം ചോദ്യത്തിനും കെ. ബാബു (തൃപ്പൂണിത്തുറ), എ.പി. അനിൽകുമാർ, ഐ.സി. ബാലകൃഷ്ണൻ, ചാണ്ടി ഉമ്മൻ എന്നിവരുടെ 4400 ാം ചോദ്യത്തിനുമാണ് മന്ത്രി കെ.എൻ. ബാലഗോപാൽ മറുപടി നൽകാത്തത്.
അനിൽ അംബാനിയുടെ സ്ഥാപനത്തിൽ നിക്ഷേപം നടത്തിയിട്ടുണ്ടോയെന്നും ഉണ്ടെങ്കിൽ സർക്കാറിന് ലഭിച്ച വരുമാനം എത്രയെന്നുമായിരുന്നു ചോദ്യം.
അതേസമയം, ധനമന്ത്രിയും മുൻ ധനമന്ത്രിയും നൽകുന്ന വിശദീകരണം വസ്തുതവിരുദ്ധമെന്ന് തെളിയിക്കുന്ന രേഖകൾ പുറത്തുവന്നിട്ടും ഇരുവരും പ്രതികരിച്ചിട്ടില്ല. അംബാനിയുടെ റിലയന്‍സ് കോമേഴ്സ്യല്‍ ഫിനാന്‍സ് ലിമിറ്റഡിന്റെ (ആര്.സി.എൽ) നിക്ഷേപ സമയത്തുള്ള റേറ്റിങ് മാറാനുള്ള സാധ്യതാ മുന്നറിയിപ്പ് അവഗണിച്ചാണ് കെ.എഫ്.സി 60.8 കോടി രൂപ നിക്ഷേപിച്ചതെന്ന് തെളിയിക്കുന്നതാണ് രേഖകൾ.
നിക്ഷേപ സമയത്ത് റിലയന്‍സ് കോമേഴ്സ്യല്‍ ഫിനാന്‍സ് ലിമിറ്റഡിന് സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നില്ലെന്നും ക്രെഡിറ്റ് ഏജന്‍സിയായ ‘കെയര്‍’ നല്‍കിയത് എ.എ പ്ലസ് റേറ്റിങ്ങായിരുന്നെന്നുമാണ് തോമസ് ഐസക്കിന്റെയും കെ.എൻ. ബാലഗോപാലിന്റെയും വിശദീകരണം. എന്നാൽ, കെയര്‍ എ.എ റേറ്റിങ്ങിനൊപ്പം നൽകിയ മുന്നറിയിപ്പ് അവഗണിച്ചായിരുന്നു നിക്ഷേപം. റേറ്റിങ് മാറാൻ സാധ്യതയുണ്ടെന്നും സൂക്ഷ്മമായി നിരീക്ഷിക്കണമെന്നുമായിരുന്നു മുന്നറിയിപ്പ്.
ആര്.സി.എല്ലിന്റെ അനുബന്ധ കമ്പനിയായ റിലയന്‍സ് കമ്യൂണിക്കേഷന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ആ വര്‍ഷം റിലയന്‍സ് കമ്യൂണിക്കേഷന്‍സിന്റെ റേറ്റിങ് ഡിയായിരുന്നു. റിലയന്‍സ് കമ്യൂണിക്കേഷന്‍സിന്റെ ബാധ്യതകള്‍ റിലയന്‍സ് കോമേഴ്സ്യല്‍ ഫിനാന്‍സ് ലിമിറ്റഡിന് കൈമാറിയതും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു.
ഇതൊന്നും പരിഗണിക്കാതെയാണ് ബോര്‍ഡ് യോഗം ചേരുംമുമ്പ് 60.8 കോടി രൂപയുടെ നിക്ഷേപം നടത്തിയത്. 60.8 കോടി രൂപ നിക്ഷേപത്തിന് പലിശയുള്‍പ്പെടെ 109 കോടി കിട്ടേണ്ട സ്ഥാനത്ത് 2019ൽ ലിക്വിഡേഷന്റെ ഭാഗമായി 7.09 കോടി രൂപ കിട്ടിയെന്നാണ് കെ.എഫ്.സി വാർഷിക റിപ്പോർട്ട്. ഇതിലൂടെ സംസ്ഥാന ഖജനാവിന് 101 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.