കെ.എഫ്.സി അഴിമതി; റിലയൻസ് മുന്നറിയിപ്പും അവഗണിച്ചു
text_fieldsതിരുവനന്തപുരം: 60.80 കോടി രൂപയുടെ നിക്ഷേപം സുരക്ഷിതമല്ലെന്ന റിലയൻസ് മുന്നറിയിപ്പും കെ.എഫ്.സി അവഗണിച്ചു. റിലയൻസ് സ്ഥാപനങ്ങൾ 50,000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയിലായ സമയത്ത് നിക്ഷേപത്തിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെയും (ആർ.ബി.ഐ) സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി)യുടെയും അംഗീകാരമില്ലെന്ന കാര്യവും റിലയൻസ് രേഖാമൂലം വെളിപ്പെടുത്തിയിട്ടുണ്ട്.
മാതൃകമ്പനിയായ റിലയന്‍സ് കാപിറ്റല്‍ ലിമിറ്റഡിന്റെയും സഹോദര സ്ഥാപനമായ റിലയന്‍സ് കമ്യൂണിക്കേഷന്‍സിന്റെയും ആര്.സി.എഫ്.എല്ലിന്റെയും റേറ്റിങ് മാറാൻ സാധ്യതയുണ്ടെന്നും സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും ക്രെഡിറ്റ് ഏജന്‍സി ‘കെയറി’ന്റെ മുന്നറിയിപ്പും കെ.എഫ്.സി ഗൗനിച്ചില്ല.
2018 ഏപ്രിൽ 19ന് കെ.എഫ്.സിയുടെ അസറ്റ് ആന്‍ഡ് ലയബിലിറ്റി കമ്മിറ്റി 60.80 കോടി രൂപ റിലയൻസിൽ നിക്ഷേപിക്കാൻ തീരുമാനിച്ചതിന്റെ തൊട്ടടുത്ത ദിവസം അനില്‍ അംബാനിയുടെ റിലയൻസ് കോമേഴ്സ്യൽ ഫൈനാൻസ് ലിമിറ്റഡ് (ആര്.സി.എഫ്.എല്‍) പുറത്തിറക്കിയ 61 കോടി രൂപയുടെ കടപ്പത്രത്തിന്റെ (എന്‍.സി.ഡി) ഇന്‍ഫര്‍മേഷന്‍ മെമ്മോറാണ്ടത്തിൽ (ഐ.എം) നിക്ഷേപകരുടെ മൊത്തം തുകയും നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്നും ഒരു സുരക്ഷിതത്വവുമില്ലെന്നും വ്യക്തമാക്കിയിരുന്നു.
ഇത് സംബന്ധിച്ച രേഖകൾ റിലയൻസിന്റെ വെബ്സൈറ്റിലും ലഭ്യമാണ്. ഏപ്രിൽ 18നായിരുന്നു ക്രെഡിറ്റ് ഏജന്‍സി ‘കെയറി’ന്റെ മുന്നറിയിപ്പ്. രാജ്യത്തെ വിവിധ ദേശസാല്‍കൃത ബാങ്കുകള്‍ അനില്‍ അംബാനിയുടെ കമ്പനി കുടിശ്ശിക വരുത്തിയ 50000 കോടി രൂപയുടെ വായ്പ തിരിച്ചുകിട്ടുന്നതിന് കമ്പനി ലോ ട്രൈബ്യൂണലിനെ സമീപിച്ച കാലയളവിലാണ് കെ.എഫ്.സി നിക്ഷേപം നടത്തിയത്. ഫെഡറൽ ബാങ്കിൽ നാല് വര്‍ഷത്തേക്ക് കരുതല്‍ധനമായി നിക്ഷേപിച്ചിരുന്ന 61 കോടി രൂപ നിക്ഷേപ കാലാവധി തീരുന്നതിനു മുമ്പ് 20 ലക്ഷം നഷ്ടത്തിൽ പിൻവലിച്ചാണ് 60.80 കോടി റിലയൻസിന് നൽകിയത്.
ഫെഡറൽ ബാങ്കിൽ 8.69 ശതമാനം പലിശ നിരക്കുണ്ടായിരുന്ന നിക്ഷേപം പിൻവലിച്ചാണ് 8.90 ശതമാനം പലിശ നിരക്കിൽ റിലയൻസിലേക്ക് മാറ്റിയത്. കേവലം 0.21 ശതമാനം വ്യത്യാസത്തിലാണ് ഈ മാറ്റം. ഫെഡറല്‍ ബാങ്കില്‍നിന്നും നിക്ഷേപ കാലാവധി തീരുംമുമ്പ് 61 കോടി രൂപ പിന്‍വലിച്ചപ്പോള്‍ 20 ലക്ഷം രൂപ നഷ്ടത്തോടെ തിരികെ ലഭിച്ച 60.80 കോടിയാണ് ആര്.സി.എഫ്.എല്ലിൽ നിക്ഷേപിച്ചത്.
ഫെഡറല്‍ ബാങ്കിലായിരുന്നു പണമെങ്കില്‍ ഇപ്പോൾ 109 .30 കോടി രൂപയുടെ മൂല്യവും മുതലിനും പലിശക്കും സുരക്ഷിതത്വവുമുണ്ടാകുമായിരുന്ന നിക്ഷേപമാണ് പിൻവലിച്ചത്. ഇക്കാലയളവിൽ റിലയൻസിൽ നിന്ന് ഇതുവരെ ലഭിക്കേണ്ട 110.40 കോടിക്ക് പകരം ലഭിച്ചത് ഏഴരക്കോടി മാത്രം.
രാഷ്ട്രീയ പിന്തുണയോടെ പാര്‍ട്ടി ബന്ധുക്കളാണ് കോടികള്‍ കമീഷന് വാങ്ങി കെ.എഫ്.സിയുടെ പണം അംബാനിയുടെ കമ്പനിയില്‍ നിക്ഷേപിച്ചതെന്നും സര്‍ക്കാര്‍ മറുപടി പറയണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു.
അഴിമതി അന്വേഷിച്ചില്ലെങ്കില്‍ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, നിയമപരമാണ് എല്ലാ നിക്ഷേപമെന്നും കെ.എഫ്.സി വിയഷത്തിൽ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും മന്ത്രി കെ.എൻ. ബാലഗോപാൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.