സൗജന്യ ഇന്റർനെറ്റ് കണക്ഷൻ: കേരള വിഷനെ ഒഴിവാക്കി കെ-ഫോൺ
text_fieldsകോട്ടയം: ബി.പി.എൽ കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് കണക്ഷൻ നൽകാൻ കേരള വിഷനുമായുണ്ടാക്കിയ കരാറിൽനിന്ന് സംസ്ഥാന സർക്കാർ ഉടമസ്ഥതയിലെ കെ-ഫോൺ കമ്പനി പിന്മാറി. ഇനി കെ-ഫോണിന്റെ നേതൃത്വത്തിൽ നേരിട്ട് കണക്ഷൻ നൽകാനാണ് തീരുമാനം.
കഴിഞ്ഞ ജൂണിൽ ഉദ്ഘാടനം കഴിഞ്ഞ് പത്ത് മാസം പിന്നിട്ടിട്ടും ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ച 14,000 സൗജന്യകണക്ഷനിൽ പകുതിപോലും നൽകാൻ സാധിച്ചിട്ടില്ല. ഇതിനായി കേബിൾ ടി.വി ഓപറേറ്റർമാരുടെ പങ്കാളിത്തവും ഉറപ്പാക്കാൻ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഒരുവര്‍ഷത്തെ പരിപാലനം ഉൾപ്പെടെ കേരള വിഷന്‍ നൽകിയ കരാറിൽനിന്ന് കെ-ഫോൺ പിന്മാറിയത്.
നൽകിയ കണക്ഷന്റെ ഒരുവര്‍ഷത്തെ പരിപാലനം കേരള വിഷനുണ്ടെങ്കിലും ഇക്കാര്യത്തിൽ കെ-ഫോൺ വ്യക്തത വരുത്തിയിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത പദ്ധതി എങ്ങും എത്താത്തത് സർക്കാറിനും കെ-ഫോണിനും ഒരുപോലെ തിരിച്ചടിയാണ്. കിഫ്ബിയും കെ-ഫോണിന് തുടർസഹായം ലഭ്യമാക്കില്ലെന്ന അവസ്ഥയിലാണ് കാര്യങ്ങൾ. പ്രവര്‍ത്തനച്ചെലവും വായ്പാ തിരിച്ചടവും ഉൾപ്പെടെ പ്രതിമാസം 15 കോടി വരുമാനമെങ്കിലുമില്ലാതെ കെ-ഫോണിന് മുന്നോട്ട് പോകാനാകാത്ത സ്ഥിതിയുണ്ട്.
വൻകിട സ്ഥാപനങ്ങളുൾപ്പെടെ 1,34,000 കമ്പനികൾ കെ- ഫോൺ കണക്ഷന് താൽപര്യമറിയിച്ചിരുന്നെങ്കിലും കണക്ഷൻ ലഭിക്കാത്തതിനാൽ പലരും പിന്നാക്കം പോയി. ശേഷിക്കുന്നത് 15,000ത്തോളം കമ്പനികൾ മാത്രമാണെന്നാണ് വിവരം. 50,000ത്തിലധികം ഗാര്‍ഹിക ഉപഭോക്താക്കളുടെ അന്വേഷണം ഉണ്ടായെങ്കിലും പതിനായിരം പേര്‍ക്ക് മാത്രമേ ഇപ്പോൾ കെ-ഫോണിനോട് താൽപര്യമുള്ളൂ. പക്ഷേ, അതിലും 5388 വീടുകളിൽ മാത്രമാണ് കെ-ഫോൺ കണക്ഷൻ നൽകിയത്. വിദ്യാലയങ്ങളിലെ ഇന്റർനെറ്റ് കണക്ഷന്റെ അവസ്ഥയും വ്യത്യസ്തമല്ല.
നിലവിലെ കണക്ഷൻ ഉപേക്ഷിച്ച് കെ-ഫോണിലേക്ക് മാറാൻ ശ്രമിച്ച വിദ്യാലയങ്ങൾ വെട്ടിലാകുകയും ചെയ്തു. പദ്ധതിയുമായി ബന്ധപ്പെട്ട് കെ-ഫോണിന് പ്രതിവര്‍ഷം 100 കോടി രൂപ കിഫ്ബിക്ക് മാത്രം തിരിച്ചടവുണ്ട്. ആദ്യ ഗഡു ജൂലൈയിൽ തിരിച്ചടക്കണമെന്നാണ് കരാർവ്യവസ്ഥ. അതെങ്ങനെ അടക്കാനാകുമെന്നതും കെ-ഫോണിനെ വലക്കുകയാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.