സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്ത് ജനഹൃദയം കീഴടക്കിയ ചലച്ചിത്രകാരൻ; കെ.ജി ജോർജിന് പ്രണാമമർപ്പിച്ച് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്ത് ജനഹൃദയം കീഴടക്കിയ ചലച്ചിത്രകാരനായിരുന്നു കെ.ജി ജോർജെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കലാത്മകമായ സിനിമയും വാണിജ്യ സ്വഭാവമുള്ള സിനിമയും തമ്മിലുള്ള വേർതിരിവ് അങ്ങേയറ്റം കുറച്ചു കൊണ്ടുവന്ന ഇടപെടലുകളാണ് കെ.ജി ജോർജ് നടത്തിയതെന്നും മുഖ്യമന്ത്രി ഫെയിസ്ബുക്കിൽ കുറിച്ചു.
മുഖ്യമന്ത്രിയുടെ ഫെയിസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം
പ്രശസ്ത സംവിധായകൻ കെ.ജി ജോർജിന്റെ നിര്യാണത്തിൽ അനുശോചിക്കുന്നു. സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്തതിലൂടെ ആസ്വാദക ഹൃദയത്തിൽ സ്ഥാനം പിടിച്ച ചലച്ചിത്രകാരനായിരുന്നു കെ.ജി ജോർജ്. സമൂഹഘടനയും വ്യക്തിമനസ്സുകളുടെ ഘടനയും അപഗ്രഥിക്കുന്നത് അദ്ദേഹത്തിന്റെ സവിശേഷ രീതിയായിരുന്നു.
കലാത്മകമായ സിനിമയും വാണിജ്യ സ്വഭാവമുള്ള സിനിമയും തമ്മിലുള്ള വേർതിരിവ് അങ്ങേയറ്റം കുറച്ചു കൊണ്ടുവന്ന ഇടപെടലുകളാണ് കെ.ജി ജോർജിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. അതാകട്ടെ സിനിമയുടെ നിലവാരത്തെയും ആസ്വാദന നിലവാരത്തെയും ഒരുപോലെ ശ്രദ്ധേയമാവിധം ഉയർത്തി. ജനങ്ങൾക്ക് മറക്കാനാവാത്ത നിരവധി സിനിമകളുടെ സംവിധായകനാണ് അദ്ദേഹം.
സ്വപ്നാടനം എന്ന ആദ്യ ചിത്രത്തിനുതന്നെ ദേശീയ പുരസ്കാരം തേടിയെത്തി. യവനിക, പഞ്ചവടിപ്പാലം തുടങ്ങിയ സിനിമകൾ മലയാളി മനസ്സിൽ എന്നും ഇടം പിടിക്കുന്നവയാണ്. വ്യത്യസ്ത പ്രമേയങ്ങൾ കൈകാര്യം ചെയ്ത ഇതുപോലുള്ള സംവിധായകർ അധികം ഉണ്ടാവില്ല.
മലയാള ചലച്ചിത്ര രംഗത്തിന് നികത്താനാവാത്ത നഷ്ടമാണ് കെ ജി ജോർജിന്റെ നിര്യാണത്തിലൂടെ ഉണ്ടായിരിക്കുന്നത്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.