ശസ്ത്രക്രിയക്ക് ശേഷം മുറിവ് തുന്നാത്ത സംഭവം: വിശദീകരണവുമായി ഡോക്ടർമാരുടെ സംഘടന
text_fieldsതിരുവനന്തപുരം: ചികിത്സപ്പിഴവ് ആരോപിച്ച് ഗണേഷ് കുമാർ നിയമസഭയിൽ അവതരിപ്പിക്കുകയും വിവാദമാവുകയും ചെയ്ത വീട്ടമ്മയുടെ മുറിവിലും ചികിത്സയിലും വിശദീകരണവുമായി മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.സി.ടി.എ.
2022 ഫെബ്രുവരിയിലാണ് വീട്ടമ്മ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ഗർഭാശയ നീക്ക ശസ്ത്രക്രിയ ചെയ്തത്. അതിന് ആറുമാസങ്ങൾക്കു ശേഷമാണ് രോഗി ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സ തേടുന്നത്. ഇതിനിടയിൽതന്നെ ഏഴ് ശസ്ത്രക്രിയകൾ അണുബാധ നീക്കം ചെയ്യുന്നതിനായി ഈ രോഗിക്ക് ചെയ്തിരുന്നു. എന്നിട്ടും അണുബാധ പൂർണമായി നീങ്ങിയിരുന്നില്ലെന്ന് സംഘടന പറയുന്നു.
സങ്കീർണമായ അവസ്ഥയിലാണ് ഇവർ മെഡിക്കൽ കോളജിൽ എത്തുന്നത്. മുറിവിലെ പഴുപ്പ് പരിശോധിച്ചപ്പോൾ ആന്റിബയോട്ടിക് റെസിസ്റ്റന്റായ എം.ഡി.ആർ ക്ലബ്സിയല്ല എന്ന മാരക രോഗാണുവിനെ തിരിച്ചറിഞ്ഞു. രോഗിയുടെ ബുദ്ധിമുട്ട് കുറക്കുന്നതിനായി ആദ്യം പഴുപ്പ് നീക്കം ചെയ്യാനും മുറിവ് തുന്നലിട്ട് ശരിയാക്കാനും ശ്രമിച്ചു. എന്നാൽ, വീണ്ടും അണുബാധ ഉണ്ടായതുകൊണ്ട് മുറിവ് താൽക്കാലികമായി തുറന്നിട്ട് ഒരാഴ്ചക്ക് ശേഷം വീണ്ടും തുന്നലിട്ട് ശരിയാക്കാനാണ് ശ്രമിച്ചത്.
നിലവിൽ രോഗിയുടെ തുടർച്ചയായ അണുബാധ കാരണം 11ാം തവണ ശസ്ത്രക്രിയ നടത്തിയതിനു ശേഷം മുറിവ് തുറന്നിടുകയും 12 ദിവസം കിടത്തി മുറിവ് വച്ചുകെട്ടുകയും ചെയ്തു. ലഭ്യമായ ചികിത്സാരീതികളെക്കുറിച്ചും അതു കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകളെ കുറിച്ചും രോഗിയുമായി ചർച്ച ചെയ്യുകയും അവരെ ധരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
നിലവിൽ എറണാകുളത്തു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിയുടെ നിലവിലെ ആരോഗ്യസ്ഥിതിയും, മുറിവിന്‍റെ ഇപ്പോഴത്തെ അവസ്ഥയെയും കുറിച്ച് ആരോഗ്യ വകുപ്പ് നേരിട്ട് അന്വേഷണം നടത്തണമെന്നും കെ.ജി.എം.സി.ടി.എ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.