ഖാദർ കമ്മിറ്റി റിപ്പോർട്ട്: ഘടന മാറ്റത്തിൽ പൊതുജനാഭിപ്രായം തേടി വിദ്യാഭ്യാസ വകുപ്പ്
text_fieldsതിരുവനന്തപുരം: സ്കൂൾ വിദ്യാഭ്യാസത്തിന്‍റെ ഘടനമാറ്റം സംബന്ധിച്ച് ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ ശിപാർശകൾ നടപ്പാക്കുന്നതിൽ പൊതുവിദ്യാഭ്യാസ വകുപ്പ് പൊതുജനങ്ങളുടെയും സംഘടനകളുടെയും അഭിപ്രായം തേടി. സ്കൂൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട മൂന്ന് ഡയറക്ടറേറ്റുകളുടെ ലയനവും ഇതിനനുസൃതമായി വരുത്തേണ്ട ഘടനാപരമായ മാറ്റങ്ങളുമാണ് ഖാദർ കമ്മിറ്റി റിപ്പോർട്ടിന്‍റെ ഒന്നാം ഭാഗത്തിൽ ശിപാർശ ചെയ്തിരുന്നത്.
ഇതുപ്രകാരം ഡി.പി.ഐ, ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ ഡയറക്ടറേറ്റുകൾ ലയിപ്പിച്ച് ഡയറക്ടറേറ്റ് ഓഫ് ജനറൽ എജുക്കേഷൻ രൂപവത്കരിക്കുകയും ഡി.ജി.ഇ എന്ന തസ്തിക സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഹയർസെക്കൻഡറിയും ഹൈസ്കൂളും ഒരേ കാമ്പസിൽ പ്രവർത്തിക്കുന്നവയിലും കമ്മിറ്റി റിപ്പോർട്ട് പ്രകാരമുള്ള ശിപാർശ നടപ്പാക്കിയിരുന്നു. ഇതുപ്രകാരം പ്രിൻസിപ്പലിനെ സ്കൂൾ മേധാവിയാക്കുകയും ഹൈസ്കൂൾ ഹെഡ്മാസ്റ്റർ തസ്തിക വൈസ് പ്രിൻസിപ്പൽ എന്ന് പുനർനാമകരണം ചെയ്യുകയുമുണ്ടായി. മൂന്ന് ഡയറക്ടറേറ്റുകൾക്കും താഴെതലം മുതലുള്ള മറ്റ് ഓഫിസ് ഘടനയിൽ ഇതുവരെ മാറ്റം വരുത്തിയിട്ടില്ല.
ഡി.പി.ഐക്ക് കീഴിലായിരുന്ന എ.ഇ.ഒ, ഡി.ഇ.ഒ, ഡി.ഡി.ഇ ഓഫിസുകളും ഹയർസെക്കൻഡറി ഡയറക്ടറേറ്റിന് കീഴിലായിരുന്ന ആർ.ഡി.ഡി ഓഫിസുകളും വി.എച്ച്.എസ്.ഇ ഡയറക്ടറേറ്റിന് കീഴിലായിരുന്ന അസിസ്റ്റന്‍റ് ഡയറക്ടറുടെ ഓഫിസും പഴയരീതിയിൽതന്നെ പ്രവർത്തിക്കുന്നുണ്ട്. ഏകോപിപ്പിച്ച പുതിയ ഡയറക്ടറേറ്റിന് കീഴിൽ ഉണ്ടായിരിക്കേണ്ട ഓഫിസ് ഘടന സംബന്ധിച്ച് ഖാദർ കമ്മിറ്റി ശിപാർശ സമർപ്പിച്ചിരുന്നു. പ്ലസ് ടു വരെയുള്ള സെക്കൻഡറി വിദ്യാഭ്യാസത്തിന് ജില്ലതലത്തിൽ ഒറ്റ ഓഫിസ് സംവിധാനമാണ് ശിപാർശ ചെയ്തത്. ജില്ല ഓഫിസിന് കീഴിൽ േബ്ലാക്ക്/ മുനിസിപ്പാലിറ്റി/ കോർപറേഷൻ ഭൂപരിധിയിലും സ്കൂൾ വിദ്യാഭ്യാസ ഓഫിസുകൾക്കും ശിപാർശയുണ്ടായിരുന്നു.
സംസ്ഥാനതലം മുതൽ ഘടനമാറ്റത്തിന് സ്പെഷൽ റൂളുകൾ സമഗ്രമായി പരിഷ്കരിക്കുകയും വേണം. ഇതിനുള്ള നടപടികൾക്കായി സെക്രട്ടേറിയറ്റിൽ പ്രത്യേക സെൽ നേരത്തേ രൂപവത്കരിച്ചിരുന്നു. സഹായത്തിനായി ആറംഗ കോർ കമ്മിറ്റിയും രൂപവത്കരിച്ചു. സെല്ലിന്‍റെയും കോർ കമ്മിറ്റിയുടെയും പ്രവർത്തനങ്ങളുടെ ഭാഗമായാണ് പൊതുവിദ്യാഭ്യാസ മന്ത്രിയുടെ പേരിലുള്ള അഭ്യർഥന സഹിതം അഭിപ്രായ ശേഖരണം നടത്തുന്നത്.
സ്കൂൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട മൂന്ന് ഡയറക്ടറേറ്റുകൾ ഏകോപിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച് ആഗസ്റ്റ് 15നകം integrationcorecommittee@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ കൺവീനർ, ഏകീകരണം കോർ കമ്മിറ്റി, സീമാറ്റ് കേരള, എം.ജി റോഡ്, കിഴക്കേകോട്ട, തിരുവനന്തപുരം -695036 വിലാസത്തിലോ അഭിപ്രായം അറിയിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.