ഖാദർ കമ്മിറ്റി റിപ്പോർട്ട്; എയ്ഡഡ് സ്കൂൾ നിയമനം പി.എസ്.സിക്ക് വിടാൻ കടമ്പകളേറെ
text_fieldsതിരുവനന്തപുരം: എയ്ഡഡ് സ്കൂൾ നിയമനം പി.എസ്.സിക്ക് വിടാനുള്ള ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ നിർദേശം നടപ്പാക്കാൻ സർക്കാറിന് മുന്നിൽ കടമ്പകളേറെ. കേരള വിദ്യാഭ്യാസ നിയമത്തിൽ ഭേദഗതി വരുത്തുന്നതോടൊപ്പം സാമുദായിക സംഘടനകളിൽനിന്ന് ഉയർന്നുവരാവുന്ന എതിർപ്പുകളെ മറികടക്കേണ്ടിയും വരും. ഒന്നാം ഇ.എം.എസ് സർക്കാറിനെ പിരിച്ചുവിടുന്നതിന് കാരണമായ ജോസഫ് മുണ്ടശ്ശേരി അവതരിപ്പിച്ച കേരള വിദ്യാഭ്യാസ ബില്ലിലെ സുപ്രധാന വ്യവസ്ഥയായിരുന്നു എയ്ഡഡ് സ്കൂളുകളിൽ പി.എസ്.സി പട്ടികയിൽനിന്നുള്ള നിയമനവും അധ്യാപകർക്കുള്ള ശമ്പളം സർക്കാർ നേരിട്ടോ പ്രധാന അധ്യാപകൻ വഴിയോ നൽകുന്നതും.
ബിൽ സുപ്രീംകോടതി കയറിയിട്ടും ഈ വ്യവസ്ഥകൾ റദ്ദാക്കിയിരുന്നില്ല. എന്നാൽ, ഇ.എം.എസ് സർക്കാറിനെ പിരിച്ചുവിട്ട ശേഷം വന്ന പട്ടംതാണുപിള്ള മന്ത്രിസഭ ഓർഡിനൻസിലൂടെ എയ്ഡഡ് സ്കൂളുകളിലെ നിയമനം പി.എസ്.സി വഴിയാക്കാനുള്ള വ്യവസ്ഥ എടുത്തുകളഞ്ഞു. ഇതോടെ നിയമനാധികാരം എയ്ഡഡ് മാനേജ്മെന്റുകൾക്ക് തിരികെ ലഭിച്ചു. സർക്കാർ ഗ്രാന്റ് ഇൻ എയ്ഡായി നൽകുന്ന തുകയിൽനിന്ന് മാനേജറുടെ ഇഷ്ടപ്രകാരം അധ്യാപകർക്ക് ശമ്പളം നൽകുന്ന രീതി അവസാനിപ്പിച്ച് സർക്കാർ അധ്യാപകർക്ക് നേരിട്ട് ശമ്പളം നൽകാൻ വ്യവസ്ഥ ചെയ്യുന്ന ഡയറക്ട് പേമെന്റ് എഗ്രിമെന്റ് ഇ.എം.എസ് സർക്കാറിന്റെ കാലത്ത് ഉത്തരവിലൂടെയാണ് ആദ്യം നടപ്പാക്കിയത്. ഇത് പിന്നീട് 1958ലെ കേരള വിദ്യാഭ്യാസ നിയമത്തിന്റെ ഭാഗമാക്കി. ഒരു സർക്കാറിന്റെ പതനത്തിന് തന്നെ വഴിയൊരുക്കിയ വ്യവസ്ഥക്ക് സമാനമായ നിർദേശമാണ് ആറര പതിറ്റാണ്ടിനിപ്പുറം സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയതും മന്ത്രിസഭ തത്ത്വത്തിൽ അംഗീകരിച്ചതും.
കേരള വിദ്യാഭ്യാസ നിയമത്തിലെ 11ാം വകുപ്പു പ്രകാരം നിലവിൽ എയ്ഡഡ് സ്കൂളുകളിലെ നിയമനാധികാരം മാനേജർക്കാണ്. നിയമനം പി.എസ്.സിക്ക് വിടണമെങ്കിൽ വിദ്യാഭ്യാസ നിയമത്തിൽ ഭേദഗതി വേണം. സാമുദായിക സംഘടനകളുടെ പിൻബലമുള്ള കോർപറേറ്റ് മാനേജ്മെന്റുകളുടെ എതിർപ്പും നേരിടേണ്ടിവരും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കാനും നിയന്ത്രിക്കാനും ന്യൂനപക്ഷങ്ങൾക്ക് അവകാശം നൽകുന്ന ഭരണഘടന വ്യവസ്ഥയും സർക്കാറിന് വെല്ലുവിളിയാകും. ക്രിസ്ത്യൻ, മുസ്ലിം മതന്യൂനപക്ഷങ്ങൾ നടത്തുന്ന എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനത്തിൽ സർക്കാറിന് ഇടപെടാനാകുമോ എന്ന നിയമപ്രശ്നവും ഉയർന്നുവരും. തൊട്ടാൽ പൊള്ളുമെന്ന് ഉറപ്പുള്ള എയ്ഡഡ് സ്കൂൾ നിയമനം പി.എസ്.സിക്ക് വിടണമെന്ന നിർദേശം ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയത് സർക്കാറിന്റെ മൗനാനുവാദത്തോടെയാണെന്നാണ് സൂചന.
സ്കൂൾ സമയമാറ്റവും എയ്ഡഡ് സ്കൂൾ നിയമനം പി.എസ്.സിക്ക് വിടുന്നതും വിവാദമാകുമെന്ന ഭയത്താലാണ് റിപ്പോർട്ട് ഒന്നര വർഷത്തിലധികം സർക്കാർ പുറത്തുവിടാതിരുന്നത്. എയ്ഡഡ് നിയമനങ്ങളിൽ പൂർണമായും അവഗണിക്കപ്പെട്ട ദലിത്, പിന്നാക്ക വിഭാഗങ്ങൾ വർഷങ്ങളായി ഉയർത്തുന്ന ആവശ്യം നടപ്പാക്കാൻ സർക്കാർ തയാറാകുമോ എന്നതും നിർണായകമാണ്. ചർച്ച ചെയ്ത് മാത്രമേ തീരുമാനത്തിലേക്ക് പോകൂവെന്ന മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസ മന്ത്രിയുടെയും നിലപാട് ധിറുതിപ്പെട്ടുള്ള തീരുമാനമില്ലെന്നതിന്റെ സൂചനയാണെങ്കിലും നിലമൊരുക്കലാണെന്ന വിലയിരുത്തലുമുണ്ട്.
നിർദേശങ്ങൾ വിവരക്കേട് -എയ്ഡഡ് മാനേജ്മെന്റ് അസോ.
തിരുവനന്തപുരം: കേരളത്തിലെ പൊതുവിദ്യാഭ്യാസത്തെ ദുർബലപ്പെടുത്തുന്നതും മുൻകൂട്ടിയുള്ള അജണ്ട നടപ്പാക്കാനും ലക്ഷ്യമിടുന്നതാണ് ഖാദർ കമ്മിറ്റി റിപ്പോർട്ടെന്ന് കേരള പ്രൈവറ്റ് സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ (കെ.പി.എസ്.എം.എ). 2009ലെ വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കാൻ അന്നത്തെ സർക്കാർ രൂപവത്കരിച്ച സി.പി. നായർ കമ്മിറ്റി, ലിഡ ജേക്കബ് കമ്മിറ്റി എന്നിവരുടെ റിപ്പോർട്ടുകളും വിദ്യാഭ്യാസ അവകാശ നിയമ വ്യവസ്ഥകളെയും അട്ടിമറിക്കുന്നതുമാണ് റിപ്പോർട്ട്. സ്കൂളിലെ കുട്ടികളുടെ എണ്ണം നിയന്ത്രിക്കണമെന്നത് ഉൾപ്പെടെ റിപ്പോർട്ട് നിർദേശങ്ങൾ ശുദ്ധ വിവരക്കേടാണ്.
ക്ലാസിലെ കുട്ടികളുടെ എണ്ണം സംബന്ധിച്ച് വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അടിസ്ഥാനത്തിൽ സുപ്രീംകോടതി വിധിയുള്ളതിനാൽ ഖാദർ കമ്മിറ്റി നിർദേശം നടപ്പാക്കാനാകില്ല. അംഗീകാരമില്ലാത്ത സ്കൂളുകളുടെ പ്രവർത്തനം സംബന്ധിച്ച് കമ്മിറ്റി പരാമർശിക്കാതിരുന്നത് ദുരൂഹമാണ്. റിപ്പോർട്ട് സംബന്ധിച്ച ആശങ്കകൾ പരിഹരിക്കാത്ത പക്ഷം സമാനചിന്താഗതിക്കാരായ സംഘടനകളുമായി ചേർന്ന് സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് കെ.പി.എസ്.എം.എ സംസ്ഥാന ജനറൽ സെക്രട്ടറി മണി കൊല്ലം, വർക്കിങ് പ്രസിഡന്റ് നാസർ എടരിക്കോട് എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.