സ്കൂൾ സമയം രാവിലെ എട്ടു മുതൽ ഒന്നു വരെയാക്കാൻ നിർദേശം
text_fieldsതിരുവനന്തപുരം: സ്കൂളുകളിലെ പഠനസമയം രാവിലെ എട്ടു മുതൽ ഉച്ചക്ക് ഒന്നു വരെയാക്കാൻ ഡോ.എം.എ. ഖാദർ അധ്യക്ഷനായി സർക്കാർ നിയോഗിച്ച സമിതിയുടെ രണ്ടാം റിപ്പോർട്ടിൽ നിർദേശം. എന്നാൽ, പ്രാദേശിക ആവശ്യങ്ങൾ പരിഗണിച്ച് സ്കൂളുകൾക്ക് സമയം ക്രമീകരിക്കാമെന്ന് റിപ്പോർട്ടിൽ പറയുന്നു. നിർദേശങ്ങൾ ഓരോന്നും പ്രത്യേകം പരിശോധിച്ച് തീരുമാനം കൈക്കൊള്ളുമെന്ന വ്യവസ്ഥയോടെ റിപ്പോർട്ട് മന്ത്രിസഭ യോഗം തത്ത്വത്തിൽ അംഗീകിച്ചു. പ്രീ സ്കൂൾ/ അംഗൻവാടികളുടെ സമയം പ്രാദേശിക സമൂഹം തീരുമാനിക്കുന്നതായിരിക്കും ഉചിതമെന്നാണു നിർദേശം. നാല്-നാലര മണിക്കൂർ പ്രവർത്തിക്കണമെന്ന് തീരുമാനിച്ചാൽ മതി. നിലവിൽ സംസ്ഥാന സിലബസിലുള്ള സ്കൂളുകൾ രാവിലെ ഒമ്പതര മുതൽ മൂന്നര വരെയും 10 മുതൽ നാലുവരെയുമാണ് പ്രവർത്തിക്കുന്നത്. പഠനസമയം കഴിഞ്ഞു രണ്ടുമുതൽ നാലുവരെ കലാ-കായിക അഭിരുചി പ്രവർത്തനങ്ങൾക്കും ലൈബ്രറി, ലബോറട്ടറി, തൊഴിൽ വിദ്യാഭ്യാസം തുടങ്ങിയവക്കായി വിനിയോഗിക്കാം.
സമയമാറ്റ നിർദേശം പുരോഗമനപരമാണെന്നും എന്നാൽ, നിലവിലെ സാമൂഹിക സാഹചര്യം ഇത്തരമൊരു സമയമാറ്റത്തിന് അനുകൂലമായിട്ടില്ലെന്നും വിശദ ചർച്ചക്കു ശേഷം തീരുമാനമെടുക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. ശനിയാഴ്ചകൾ കുട്ടികളുടെ സ്വതന്ത്രദിനമായി മാറണം. പരീക്ഷണ നിരീക്ഷണങ്ങളിലേർപ്പെടാനും സ്കൂൾ ലൈബ്രറികളിൽ വായനക്കും റഫറൻസിനും സംഘപഠനത്തിനും സഹായകമായ ദിനമാക്കി ഇതു മാറ്റാം.
ഒന്നര വർഷത്തിലേറെ മുമ്പ് സർക്കാറിന് സമർപ്പിച്ച റിപ്പോർട്ട് സ്കൂൾ സമയമാറ്റം അടക്കം വിവാദ നിർദേശങ്ങൾ ഉള്ളതിനാൽ വിദ്യാഭ്യാസ വകുപ്പ് പൂഴ്ത്തിവെച്ചതായിരുന്നു. വിവാദ നിർദേശങ്ങൾ ഉള്ള സാഹചര്യത്തിൽ ഓരോന്നും പ്രത്യേകം പരിശോധിച്ച് മാത്രമേ നടപ്പാക്കാനാകൂ. ഓരോ നിർദേശവും നടപ്പാക്കാൻ മന്ത്രിസഭയുടെ ഉൾപ്പെടെ അംഗീകാരം ആവശ്യമായി വരും.
ആദ്യ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള മൂന്ന് ഡയറക്ടറേറ്റുകൾ ലയിപ്പിച്ച് ഡയറക്ടറേറ്റ് ഓഫ് ജനറൽ എജ്യുക്കേഷൻ (ഡി.ജി.ഇ) രൂപവത്കരിച്ചിരുന്നു. വിദ്യാഭ്യാസ ഓഫിസുകളുടെ ഘടന മാറ്റുന്നത് ഉൾപ്പെടെ നിർദേശങ്ങൾ നടപ്പാക്കാനായുള്ള കരട് സ്പെഷൽ റൂൾസ് സർക്കാർ പരിഗണനയിലുമാണ്.
അധ്യാപക സ്ഥാനക്കയറ്റത്തിന് അഭിരുചി പരിശോധന വേണം
അധ്യാപകരുടെ സ്ഥാനക്കയറ്റം സീനിയോറിറ്റി അടിസ്ഥാനത്തിൽ നടത്തുന്നതിന് പകരം കഴിവും അഭിരുചിയും പരിഗണിച്ച് നടത്തണമെന്നും റിപ്പോർട്ടിൽ നിർദേശിക്കുന്നു. ഇതിന് സുതാര്യസംവിധാനം വികസിപ്പിക്കണം.
അഭിരുചി പരീക്ഷ ഉൾപ്പെടെയുള്ള രീതികളാണ് കമ്മിറ്റി മുന്നോട്ടുവെക്കുന്നത്. അധ്യാപകരെ വിശ്വാസത്തിലെടുത്താകണം നിർദേശം നടപ്പിലാക്കേണ്ടത്. അധ്യാപക തസ്തിക നിർണയം കാലോചിതമായി പരിഷ്കരിക്കണം. അധ്യാപക വിദ്യാർഥി അനുപാതത്തിൽ കുറവ് വരുത്തണമെന്നും സമിതി നിർദേശിക്കുന്നു.
പ്രീ പ്രൈമറിയിൽ ഒരു ക്ലാസിൽ 25 വരെ കുട്ടികൾ ആകാം. പ്രൈമറി ക്ലാസുകളിൽ 35 ൽ കൂടരുത്. പഠന മാധ്യമം മാതൃഭാഷയാകണമെന്നും ഇംഗ്ലീഷ് പഠനം മെച്ചപ്പെടുത്തണമെന്നും റിപ്പോർട്ട് പറയുന്നു. പാഠ്യേതര മേഖലയിലെ മികവിന് നൽകുന്ന ഗ്രേസ് മാർക്ക് തുടരണമെന്ന് നിർദേശിക്കുന്ന റിപ്പോർട്ടിൽ നിയന്ത്രണം കൊണ്ടുവരണമെന്നും പറയുന്നു. ഇതിനായി ഗ്രേസ് മാർക്ക് സമ്പ്രദായം പരിഷ്കരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.