ഡോക്ടർമാർക്ക് ഇനി ഖാദി കോട്ട്: സംസ്ഥാനതല ഉദ്ഘാടനം നാളെ കണ്ണൂരിൽ
text_fieldsകണ്ണൂർ: സംസ്ഥാനത്തെ മുഴുവൻ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരും ഇനി ഖാദി കോട്ട് ധരിക്കും. ഖാദി ബോർഡ് തയാറാക്കിയ പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകിയതോടെയാണ് സംസ്ഥാനത്ത് പദ്ധതിക്ക് തുടക്കമാകുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ഖാദി കോട്ട് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഖാദി വ്യവസായ ബോര്‍ഡ് പയ്യന്നൂര്‍ ഖാദി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ചൊവ്വാഴ്ച രാവിലെ 10.30ന് പരിയാരം കണ്ണൂർ ഗവ. മെഡിക്കല്‍ കോളജില്‍ നടക്കും. ഖാദി ബോര്‍ഡ് വൈസ് ചെയര്മാന് പി. ജയരാജന് ഉദ്ഘാടനം ചെയ്യും.
സർക്കാർ ഓഫിസുകളിലെ ജീവനക്കാർ ആഴ്ചയിൽ ഒരുദിവസം ഖാദി ധരിക്കണമെന്ന നിർദേശത്തിന് പുറമെയാണ് കൂടുതൽ വരുമാനം ലക്ഷ്യമിട്ടുള്ള ബോർഡിന്റെ നീക്കം. ദേശീയ മെഡിക്കൽ മിഷൻ നിർദേശം മുൻനിർത്തിയാണ് സർക്കാർ ഡോക്ടർമാർക്കും നഴ്സുമാർക്കും ഖാദി കോട്ട് നിർബന്ധമാക്കണമെന്ന നിർദേശം സർക്കാറിനുമുന്നിൽ ഖാദി ബോർഡ് സമർപ്പിച്ചത്. ഇതുസംബന്ധിച്ച് ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ അപേക്ഷക്ക് അംഗീകാരം നൽകുകയായിരുന്നു. ഡോക്ടർമാക്കും നഴ്സുമാർക്കും ആവശ്യമായ ഖാദി കോട്ടിന്റെ മാതൃകയടക്കം തയ്പ്പിച്ചാണ് ജയരാജൻ മുഖ്യമന്ത്രിക്ക് അപേക്ഷ നൽകിയത്. ഇതോടെ വലിയ വിപണിയും വൻ സാമ്പത്തിക നേട്ടവുമായിരിക്കും കേരളത്തിൽ ഖാദിക്ക് ലഭിക്കുക.
സർക്കാർ ആശുപത്രികൾക്കുപുറമെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരെക്കൂടി പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും മുഖ്യമന്ത്രിക്ക് നൽകിയ അപേക്ഷയിൽ സൂചിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്വകാര്യ ആശുപത്രി അധികൃതർക്കും ഇതുസംബന്ധിച്ച സർക്കുലർ ഖാദി ബോർഡ് കൈമാറും. നിലവിൽ സംസ്ഥാനത്തെ സർക്കാർ, സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർ ആഴ്ചയിൽ ഒരുദിവസം ഖാദി ധരിക്കണമെന്ന നിർദേശമുണ്ട്. ഇതിനുപുറമെ സഹകരണ ബാങ്കുകളിലെ ജീവനക്കാർക്കിടയിലും സംസ്ഥാനത്തെ മറ്റു അർധ സർക്കാർ സ്ഥാപനങ്ങളിലും പദ്ധതി വിപുലപ്പെടുത്താനും നീക്കമുണ്ട്. നിർദേശം നടപ്പിലായാൽ കൂടുതൽ ഉൽപാദനവും വരുമാനവും നിരവധി പേർക്ക് തൊഴിലും ഇതുവഴി യാഥാർഥ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.