പുനർജനി തേടി ഖാദി വ്യവസായം
text_fieldsകരുനാഗപ്പള്ളി: നിരവധിപേരുടെ ഉപജീവനമാർഗമായ കരുനാഗപ്പള്ളി മേഖലയിലെ ഗ്രാമീണ ഖാദി വ്യവസായ സഹകരണ സംഘങ്ങൾ തകർച്ചയിലേക്ക് നീങ്ങുകയാണ്. ഓണം, വിഷു, പെരുന്നാൾ, ക്രിസ്മസ് തുടങ്ങി ഉത്സവ സീസണുകളിലാണ് ഖാദി സഹകരണ സംഘങ്ങൾക്ക് വിറ്റുവരവ് ഇനത്തിൽ കൂടുതൽ തുക ലഭിക്കുന്നത്. ഇത്തരത്തിൽ 70-80 കാലഘട്ടത്തിൽ ഓണക്കാലത്ത് മാത്രം 50 ലക്ഷം രൂപ വരെ ലഭിച്ചിരുന്നതായാണ് മുൻകാലങ്ങളിൽ ഈ മേഖലയിൽ പ്രവർത്തിച്ചിരുന്നവർ പറയുന്നത്.
എന്നാൽ, ഇപ്പോൾ ഓണക്കാലത്ത് പരിമിതമായി മാത്രമാണ് കച്ചവടം നടക്കുന്നതെന്ന് തൊഴിലാളികളും ഭാരവാഹികളും സാക്ഷ്യപ്പെടുത്തുന്നു. തഴവ വടക്കുംമുറി കിഴക്ക് ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രിയൽ കോഓപറേറ്റിവ് സൊസൈറ്റിയുടെ കീഴിൽ ഇപ്പോൾ ഏഴോളം തൊഴിലാളികൾ മാത്രമാണ് ജോലി ചെയ്തുവരുന്നത്. ഒരു ദിവസം പരമാവധി 250 രൂപ വരെയാണ് ഈ മേഖലയിൽ നിന്ന് ഇവർക്ക് വരുമാനം കണ്ടെത്താൻ കഴിയുന്നത്. അതുകൊണ്ടുതന്നെ ഭൂരിഭാഗം തൊഴിലാളികളും ഈ ജോലി ഉപേക്ഷിച്ച് ദേശീയ തൊഴിലുറപ്പ് ഉൾപ്പെടെയുള്ള മേഖലകളിലേക്ക് കൂട്ടത്തോടെ ചേക്കേറുകയാണ്. പരിമിതമായ വരുമാനം മാത്രമുള്ള ഇവർക്ക് സർക്കാറിൽ നിന്ന് ലഭിക്കേണ്ട ഇൻസെന്റിവ് തുടർച്ചയായി കുടിശ്ശിക വരുകയാണെന്നാണ് തൊഴിലാളികൾ പരാതി പറയുന്നത്. കഴിഞ്ഞ ഏപ്രിൽ മുതൽ കുടിശ്ശികയായി കിടക്കുന്ന ഇൻസെന്റിവ് ഓണക്കാലത്ത് കിട്ടുമെന്നുള്ള പ്രതീക്ഷയാണ് തൊഴിലാളികൾക്കുള്ളത്. മുൻകാലങ്ങളിൽ ഓണത്തിന് മുന്നോടിയായി മൂന്നുമാസം വരെ അധിക പ്രവൃത്തി സമയം ലഭിച്ചിരുന്നെങ്കിലും വിപണന സാധ്യത കുറഞ്ഞതോടെ അധിക ജോലിയോ അധിക വേതനമോ ലഭിക്കാത്ത അവസ്ഥയാണ്. സോപ്പ് ഉൾപ്പെടെ ഗാർഹിക ആവശ്യങ്ങൾക്കുള്ള സാധനങ്ങൾ മുൻകാലങ്ങളിൽ ഖാദി ഉപയോഗിച്ചായിരുന്നു പായ്ക്ക് ചെയ്തിരുന്നത്.
എന്നാൽ, ഈ മേഖല പ്ലാസ്റ്റിക് കൈയടക്കിയതോടെയാണ് ഗ്രാമീണ മേഖലയിൽ ഖാദി വ്യവസായത്തിന്റെ നട്ടെല്ലൊടിഞ്ഞത്. പിന്നീട്, വസ്ത്ര നിർമാണത്തിലേക്ക് മാത്രം ഖാദി വ്യവസായം ചുരുങ്ങിയെങ്കിലും ഖാദി വസ്ത്രങ്ങൾക്ക് ഗ്രാമീണ മേഖലയിൽ പ്രചാരം ലഭിക്കാത്തതും തൊഴിലാളികൾക്ക് തിരിച്ചടിയായി. കൃത്യമായി ഇൻസെന്റിവ് തുക നൽകുന്നതിനും റിബേറ്റ് ഇനത്തിൽ സ്ഥാപനങ്ങൾക്ക് കുടിശ്ശിക വരുത്താതിരിക്കാനും ശ്രമിച്ചാൽ പോലും ഖാദി മേഖലയെ നിലനിർത്താൻ കഴിയുമെന്നാണ് ഈ മേഖലയിലുള്ളവർ പറയുന്നത്. തഴവയിലെ ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രിയൽ കോഓപറേറ്റിവ് സൊസൈറ്റിക്കു പോലും റിബേറ്റിനത്തിൽ ഇതിനകം തന്നെ നാലു കോടി രൂപയാണ് സർക്കാർ കുടിശ്ശിക വരുത്തിയിട്ടുള്ളത്.
വൻ തുക റിബേറ്റിനത്തിൽ കുടിശ്ശിക വരുന്നതോടെ പ്രവർത്തന മേഖല വിപുലീകരിക്കാൻ കഴിയാതെ മിക്ക സംഘങ്ങളും തകർച്ചയെ അഭിമുഖീകരിക്കുന്ന സാഹചര്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.