'ആർത്തിരമ്പുന്ന സാഗരം സാക്ഷി, നിലതെറ്റിയ കപ്പലിൽ നീറിപ്പുകഞ്ഞത് ആശങ്കയുടെ മണിക്കൂറുകൾ'
text_fieldsകൊച്ചി: ''നടുക്കടലിൽ എന്തുചെയ്യണമെന്നറിയാതെ കഴിച്ചുകൂട്ടിയ നിമിഷങ്ങളിൽനിന്ന് സുരക്ഷിതരായി ഞങ്ങളെ കരയിലെത്തിച്ച നാഥനാണ് സർവസ്തുതിയും'' ആന്ത്രോത്ത് സ്വദേശിയായ അധ്യാപകൻ കെ. ഖാലിദിെൻറ വാക്കുകളാണിത്.
കവരത്തിയിൽനിന്ന് ആന്ത്രോത്തിലേക്കുള്ള യാത്രാമധ്യേ തീപിടിത്തമുണ്ടായി കടലിൽ അകപ്പെട്ട ലക്ഷദ്വീപ് കപ്പൽ എം.വി കവരത്തിയിലെ യാത്രക്കാരനായിരുന്നു ഖാലിദ്. കരയിലെ ആരെയും ബന്ധപ്പെടാനാകാത്ത സാഹചര്യത്തിൽ ധൈര്യം നൽകി കപ്പൽ ജീവനക്കാർ ഒപ്പമുണ്ടായിരുന്നുവെന്ന് ഖാലിദ് 'മാധ്യമ'ത്തോട് പറഞ്ഞു.
സുഹൃത്ത് എച്ച്.കെ. ആദിലിനൊപ്പമുള്ള യാത്രക്കിടെ ചെറുതായൊന്ന് മയങ്ങി. ബുധനാഴ്ച ഉച്ചക്ക് 12.10 ആയപ്പോൾ എല്ലാവരും സീറ്റുകളിൽനിന്ന് പുറത്തേക്ക് വരണമെന്ന് മലയാളിയായ ക്യാപ്റ്റൻ ബാലകൃഷ്ണെൻറ അനൗൺസ്മെൻറ് കേട്ട് ഉണർന്നു. അൽപസമയത്തിനകം കാബിനിലുള്ളിലേക്ക് പുകവരുന്നതായി തോന്നി.
ഉടൻ പുറത്തേക്ക് ഓടി. ഈസമയം ആളുകൾ കപ്പലിന് മുകളിലേക്ക് ഒഴുകിയെത്തി. എൻജിൻ ഭാഗത്ത് തീപിടിച്ചതാെണന്നും എൻജിൻ കൂളറിന് കേടുപറ്റിയെന്നുമുള്ള വാർത്ത പരന്നു.
കപ്പൽ ജീവനക്കാരുടെ സമയോചിത ഇടപെടലും ദൈവാനുഗ്രഹവും കാരണം വേഗത്തിൽ തീയണക്കാനായി. എന്നാൽ, ഈനേരം കപ്പലിലെ ജനറേറ്റർ ഓഫായി. മുറികളിലേക്ക് പോകാനാകാതെ ആളുകൾ അഞ്ചുനില കപ്പലിെൻറ പുറംഭാഗത്തായി നിലയുറപ്പിച്ചു. വിശന്നുവലഞ്ഞ് പുറത്തുനിൽക്കുന്നവർക്ക് കാൻറീൻ ജീവനക്കാർ ബ്രഡും പഴവും എത്തിച്ചു.
കപ്പൽ കവരത്തിയിലേക്ക് കെട്ടിവലിക്കാൻ കോറൽ ഷിപ് വരുന്നുവെന്ന അനൗൺസ്മെൻറ് എത്തിയെങ്കിലും അനുമതി ലഭിച്ചില്ലെന്ന വാർത്ത വന്നതോടെ യാത്രക്കാർ നിരാശരായി.
ശേഷം നടുക്കടലിൽ നീലാകാശം നോക്കി പ്രാർഥനയുമായി ഇരുന്നവരിലേക്ക് കെട്ടിവലിക്കാൻ കപ്പൽ എത്തുന്നുവെന്ന മറ്റൊരു വാർത്ത വന്നു. ആറോടെ എത്തിയ രണ്ട് കപ്പലുമായി ഒരുമണിക്കൂറെടുത്ത് എം.വി കവരത്തി ബന്ധിപ്പിച്ച് മുന്നോട്ട് നീങ്ങിയപ്പോഴാണ് യാത്രക്കാരുടെ മുഖത്ത് ആശ്വാസത്തിെൻറ പുഞ്ചിരി തെളിഞ്ഞത്. വൈദ്യുതിബന്ധം തകരാറിലായ കപ്പലിൽ കിടന്നുറങ്ങാൻ പിഞ്ചുകുട്ടികളും പ്രായമായവരും രോഗികളുമൊക്കെ ഏറെ ബുദ്ധിമുട്ടി.
പുലർച്ച 4.45ഓടെ ദൂരെ ആന്ത്രോത്ത് ദ്വീപ് തെളിഞ്ഞുകണ്ടപ്പോഴുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്യാപ്റ്റനും കപ്പൽ ജീവനക്കാർക്കും കോസ്റ്റ്ഗാർഡ് ഉദ്യോഗസ്ഥർക്കുമടക്കം ഒപ്പം നിന്ന എല്ലാവർക്കും നന്ദി പറയുകയാണെന്നും ഖാലിദ് പറഞ്ഞു. 624 യാത്രക്കാരും 85 ജീവനക്കാരുമായിരുന്നു കപ്പലിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.