ഹരിതയെ പിരിച്ചുവിട്ട നടപടിയെ പിന്തുണച്ച് ഖമറുന്നീസ അൻവർ
text_fieldsതിരൂർ: ലൈംഗികാധിക്ഷേപ വിഷയത്തിൽ എം.എസ്.എഫ് നേതാക്കൾ മാപ്പ് പറഞ്ഞിട്ടും ഹരിത നേതാക്കൾ പരാതി പിൻവലിക്കാത്തത് അച്ചടക്ക ലംഘനമാണെന്ന് വനിതാ ലീഗ് ദേശീയ വൈസ്പ്രസിഡൻറും സംസ്ഥാന വനിതാ വികസന കോർപറേഷൻ മുൻ ചെയർപേഴ്‌സനുമായ ഖമറുന്നിസ അൻവർ. ഗുരുതരമായ അച്ചടക്ക ലംഘനമാണ് ഹരിതാ നേതാക്കൾ നടത്തിയത്. പാർട്ടി അറിയാതെ വനിതാ കമ്മീഷനെ സമീപിച്ചത് തെറ്റായ നടപടിയാണ്.
മുസ്‌ലിം ലീഗ് നേതാക്കളെയോ മുതിർന്ന വനിതാ നേതാക്കളെയോ അവർക്ക് സമീപിക്കാമായിരുന്നു. ആരംഭ കാലത്ത് നേതാക്കൾ നൽകിയ മാർഗ നിർദേശങ്ങൾ പാലിച്ചാണ് പാർട്ടി ഇന്നും മുന്നോട്ട് പോകുന്നത്. അതനുസരിച്ച് സ്ത്രീകൾ അച്ചടക്കവും അനുസരണയും കാത്ത് സൂക്ഷിക്കണം. എം.എസ്.എഫ് നേതാക്കൾക്കെതിരെ വനിതാ കമ്മീഷനിൽ നൽകിയ പരാതി പിൻവലിക്കാൻ പാർട്ടി സമയം നൽകിയിട്ടും അവർ അതിന് തയാറാകാതിരുന്നത് ധിക്കാരമാണ്.
എം.എസ്.എഫ് നേതാക്കൾ മാപ്പ് പറയാൻ തയാറായിട്ടും പരാതിയുമായി മുന്നോട്ട് പോകാനുള്ള ഹരിതാ നേതൃത്വത്തിൻെറ തീരുമാനം അപക്വമാണ്. വിഷയത്തിൽ സമവായമാണ് പാർട്ടിയും നേതാക്കളും ആഗ്രഹിക്കുന്നത്. എന്നാൽ പരസ്പരം ഒരുമിച്ചിരുന്ന് വിഷയത്തിൽ ഉചിതമായ തീരുമാനമെടുക്കാനുള്ള സാവകാശം പോലും ഹരിതാ നേതാക്കൾ നൽകിയില്ല.
ഒരു പാർട്ടിയുടെ ഭാഗമാകുമ്പോൾ നേതാക്കൾ പറയുന്നത് അനുസരിച്ചാണ് പ്രവർത്തിക്കേണ്ടത്. നേതാക്കളെയും മുതിർന്നവരെയും ധിക്കരിച്ച് പാർട്ടിയിൽ തുടരാനാകില്ല. അതിനാൽ ഹരിതക്കെതിരെ മുസ്‌ലിം ലീഗിന്റെ ഉന്നതാധികാര സമിതിയുടെ തീരുമാനം ശരിയാണെന്നും ഖമറുന്നിസ അൻവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.