പ്രിയങ്ക പത്രിക നൽകുമ്പോൾ ഖാർഗെയെ കലക്ടറുടെ മുറിക്ക് പുറത്ത് നിർത്തിയെന്ന ബി.ജെ.പി ആരോപണം; എങ്ങനെ ഇത്തരം നുണകൾ പറയാൻ കഴിയുമെന്ന് കെ.സി. വേണുഗോപാൽ
text_fieldsന്യൂഡൽഹി: വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി പത്രിക നൽകുമ്പോൾ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ കലക്ടറുടെ ചേംബറിന് പുറത്ത് നിർത്തിയെന്ന ബി.ജെ.പി ആരോപണത്തിൽ രൂക്ഷ പ്രതികരണവുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ബി.ജെ.പിക്ക് എങ്ങനെയാണ് ഇത്തരം നുണകൾ പ്രചരിപ്പിക്കാൻ കഴിയുന്നതെന്ന് വേണുഗോപാൽ ചോദിച്ചു.
'ബി.ജെ.പിക്ക് എങ്ങനെയാണ് ഇത്തരം നുണകൾ പ്രചരിപ്പിക്കാൻ കഴിയുന്നത്?. യോഗം പൂർത്തിയാക്കി കലക്‌ടറേറ്റിൽ എത്തിയപ്പോൾ വാതിലടച്ചിരിക്കുകയായിരുന്നു. അപ്പോൾ രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും വന്നു. അവരും ഏതാനും മിനിറ്റ് കാത്തുനിന്നു. അതിനുശേഷം, മല്ലികാർജുൻ ഖാർഗെ വാതിൽ പൂട്ടിയതിനാൽ ഒരു മിനിറ്റ് പുറത്തു കാത്തുനിന്നു.
ഖാർഗെ നാമനിർദേശപത്രിക സമർപ്പിക്കുമ്പോൾ സന്നിഹിതരായിരുന്നു. ബി.ജെ.പി എപ്പോഴും കോൺഗ്രസ് അധ്യക്ഷനെ ലക്ഷ്യമിടുന്നു. എന്തിനാണ് പാർട്ടി അധ്യക്ഷനും കോൺഗ്രസ് പാർട്ടിക്കും എതിരെ നുണകൾ പ്രചരിപ്പിക്കുന്നത്? ഇത് അംഗീകരിക്കാവുന്നതല്ല'-കെ.സി. വേണുഗോപാൽ എ.എൻ.ഐയോട് പറഞ്ഞു.
പ്രിയങ്ക ഗാന്ധി പത്രിക നൽകുമ്പോൾ മല്ലികാർജുൻ ഖാർഗെയെ കലക്ടറുടെ ചേംബറിന് പുറത്ത് നിർത്തിയെന്ന ആരോപണം ബി.ജെ.പി ദേശീയ വക്താവ് സി.ആർ. കേശവൻ ആണ് ഉന്നയിച്ചത്. മല്ലികാർജുൻ ഖാർഗെയെ അവഹേളിച്ച അതിക്രൂരമായ നടപടി ഞെട്ടിപ്പിക്കുന്നതാണ്. ഇത്രയും മുതിർന്ന ദലിത് നേതാവിനോട് കോൺഗ്രസ് പാർട്ടി ഇത്ര അവജ്ഞയോടെയും അനാദരവോടെയും പെരുമാറിയത് ഭയപ്പെടുത്തുന്നതാണെന്നും കേശവൻ ചൂണ്ടിക്കാട്ടി.
സി.ആർ കേശവൻ ആരോപണം ഉന്നയിച്ചതിന് പിന്നിലെ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയും രംഗത്തു വന്നിരുന്നു. കോൺഗ്രസിൽ ദലിതരുടെ സ്ഥാനം എന്താണെന്ന് ഞങ്ങൾ കാണിച്ചുതന്നു. കോൺഗ്രസ് പാർട്ടി ദലിതുകളെ പിന്തുണക്കുകയും തുല്യപങ്കാളിത്തം നൽകുകയും ചെയ്യുന്നുവെന്നാണ് രാഹുൽ ഗാന്ധി പുറത്ത് പറയുന്നത്. എന്നാൽ, അകത്ത് ദലിതുകൾ അപമാനിക്കപ്പെടുന്നു. കഴിഞ്ഞ ദിവസം മല്ലികാർജുൻ ഖാർഗെക്ക് സംഭവിച്ചത്. ജനം കോൺഗ്രസിനെ തുറന്നുകാട്ടുന്നു. പാർട്ടിക്കുള്ളിൽ ദലിതരെ മൂന്നാംകിട പൗരന്മാരായി കണക്കാക്കുന്നതെന്നും തൊട്ടുകൂടായ്മ തുടരുന്നതായും ഹിമന്ത ബിശ്വ ശർമ ചൂണ്ടിക്കാട്ടി.
ബുധനാഴ്ച വലിയ റോഡ്ഷോ നടത്തിയ ശേഷമാണ് പ്രിയങ്ക ഗാന്ധി വരണാധികാരി കൂടിയായ കൽപറ്റ കലക്ടർക്ക് മുമ്പാകെ പത്രിക സമർപ്പിച്ചത്. റോഡ്ഷോയും സമ്മേളനവും പൂർത്തിയാക്കിയ ശേഷം വൈകിയാണ് പ്രിയങ്കയും മറ്റുള്ളവരും കലക്ടറേറ്റിൽ എത്തിയത്. പത്രിക സമർപ്പണത്തിനിടെ പല സമയത്തായി സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, കെ.സി. വേണുഗോപാൽ, സാദിഖലി ശിഹാബ് തങ്ങൾ, പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വാദ്ര, മകൻ റോഹൻ അടക്കമുള്ളവർ കലക്ടറുടെ ചേംബറിൽ ഹാജരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.