മോദി രാവണനാണോ എന്ന് ഖാർഗെ; വിവാദമാക്കാൻ ബി.ജെ.പി
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ 'രാവണൻ'എന്ന് വിശേഷിപ്പിച്ചതിനെച്ചൊല്ലി വിവാദം. ഖാർഗെയുടെ പരാമർശം ഓരോ ഗുജറാത്തിക്കും നേരെയുള്ള അവഹേളനമാണെന്ന് ബി.ജെ.പി ആരോപിച്ചപ്പോൾ ഖാർഗെക്കുനേരെയുള്ള ആക്രമണം ദലിതർക്കു നേരെയുള്ള ആക്രമണമാണെന്ന് കോൺഗ്രസ് പ്രതികരിച്ചു. കോൺഗ്രസ് നടത്തിയ അവഹേളനത്തിന് 'മണ്ണിന്റെ മകനായ'മോദിക്കുവേണ്ടി ഗുജറാത്ത് തെരഞ്ഞെടുപ്പിൽ വോട്ടുചെയ്ത് പകരംവീട്ടണമെന്ന് ബി.ജെ.പി വക്താവ് സംബിത് പത്ര ആവശ്യപ്പെട്ടു.
അഹ്മദാബാദിലെ ബെഹ്റംപുര മേഖലയിൽ തിങ്കളാഴ്ച രാത്രി നടന്ന റാലിയിൽ സംസാരിക്കവെയാണ് ഖാർഗെ മോദിക്കുനേരെ ഒളിയമ്പെയ്തത്. 'എല്ലാ തെരഞ്ഞെടുപ്പിലും തന്റെ മുഖത്തേക്കുനോക്കി വോട്ടുചെയ്യാനാണ് പ്രധാനമന്ത്രി ആവശ്യപ്പെടുന്നത്. താങ്കൾ രാവണനെപ്പോലെ നൂറു തലയുള്ള ആളാണോ'എന്നാണ് ഖാർഗെ ചോദിച്ചത്.
വികസനപദ്ധതികളോ ജനപിന്തുണയോ ഇല്ലാത്ത കോൺഗ്രസ് ഗുജറാത്തിനെയും ഗുജറാത്തികളെയും അപമാനിക്കുകയാണെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ട്വിറ്ററിൽ പറഞ്ഞു. ഇതേ കാര്യം ബി.ജെ.പി ഐ.ടി സെൽ തലവൻ അമിത് മാളവ്യയും ആരോപിച്ചു.
ഒരു ദലിത് വിഭാഗത്തിൽപെട്ടയാളാണ് കോൺഗ്രസിന്റെ തെരഞ്ഞെടുക്കപ്പെട്ട അധ്യക്ഷനെന്ന കാര്യം എന്തുകൊണ്ടാണ് ബി.ജെ.പിക്ക് ദഹിക്കാത്തതെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര ചോദിച്ചു. ഖാർഗെയെക്കുറിച്ച് തങ്ങൾക്ക് അഭിമാനം മാത്രമേയുള്ളൂവെന്ന് കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനാഥെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.