'ലിംഗനീതി പോലുള്ള സുപ്രധാന അജണ്ടകളോട് മുഖംതിരിച്ച് ഒരു രാഷ്ട്രീയ പാർട്ടിക്കും മുന്നോട്ട് പോകാനാവില്ല' -ഹരിതയെ പിന്തുണച്ച് കെ.എച്ച്.എസ്.ടി.യു സംസ്ഥാന പ്രസിഡന്‍റ്
text_fieldsകോഴിക്കോട്: ഹരിതയുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിൽ ഉയർന്ന വിവാദങ്ങൾക്കിടെ ഹരിതക്ക് പിന്തുണയുമായി ലീഗ് അനുകൂല അധ്യാപക സംഘടനയായ കെ.എച്ച്.എസ്.ടി.യു സംസ്ഥാന പ്രസിഡന്‍റ് നിസാർ ചേലേരി. ലിംഗനീതി ഉറപ്പ് വരുത്തുക പോലുള്ള സുപ്രധാന അജണ്ടകളോട് മുഖം തിരിക്കുന്ന സമീപനവുമായി ഒരു രാഷ്ട്രീയ പാർട്ടിക്കും മുന്നോട്ട് പോകാൻ സാധിക്കില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പാർട്ടിയിൽ ഉന്നയിക്കപ്പെടുന്ന പരാതികളും വിമർശനങ്ങളും യഥാസമയം കേൾക്കാതെ പോകുന്നതാണ് പലപ്പോഴും പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന പാർട്ടിക്ക് മുറിവേൽക്കപ്പെടുന്ന പരസ്യ പ്രതികരണങ്ങളായി പൊതു സമൂഹത്തിലെത്തുന്നത്. വിമർശനങ്ങളെയും പരാതികളെയും തിരുത്തലിനുള്ള അവസരമായി ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്.
സോഷ്യൽ എൻജിനീയറിങ്ങിൽ നിർണ്ണായക പങ്ക് നിർവഹിക്കാൻ കെൽപുള്ളവരാണ് പുതിയ കാലത്തെ പെൺകുട്ടികൾ. ഈ വസ്തുതയുടെ തിരിച്ചറിവിൽ നിന്ന് തന്നെയാണ് 'ഹരിത ' എന്ന പെൺകുട്ടികളുടെ കൂട്ടായ്മ ക്യാമ്പസ്സുകളിൽ 10 വർഷങ്ങൾക്ക് മുമ്പ് എം.എസ്.എഫിൻ്റെ നേതൃത്വത്തിൽ രൂപം കൊണ്ടത്.
ദീർഘവീക്ഷണത്തോടുകൂടിയുള്ള ഈ തീരുമാനം എം.എസ്.എഫിന്‍റെ രാഷ്ട്രീയ ചരിത്രത്തിലെ മറ്റൊരു നവോത്ഥാന പ്രക്രിയയുടെ തുടക്കമായിരുന്നു.
മാതൃ പ്രസ്ഥാനമായ മുസ്ലിം ലീഗിനും എം.എസ്.എഫിനും അഭിമാനിക്കാൻ വക നൽകുന്ന തരത്തിൽ, ക്യാമ്പസ്സുകളിൽ ഉയർന്ന രാഷ്ട്രീയ ബോധവും ജനാധിപത്യ മൂല്യവും ഉയർത്തിപ്പിടിച്ച് സക്രിയമായി ഇടപെടൽ നടത്തി ഹരിതക്ക് അക്കാദമിക്, പൊതു ഇടങ്ങളിൽ വലിയ അടയാളപ്പെടുത്തലുകൾ നടത്താൻ സാധിച്ചിട്ടുണ്ടെന്നതിൽ ആർക്കും തർക്കമുണ്ടാകില്ല.
ലിംഗനീതി ഉറപ്പ് വരുത്തുക പോലുള്ള സുപ്രധാന അജണ്ടകളോട് മുഖം തിരിക്കുന്ന സമീപനവുമായി ഒരു രാഷ്ട്രീയ പാർട്ടിക്കും മുന്നോട്ട് പോകാൻ സാധിക്കില്ല. നയപരമായ തീരുമാനങ്ങൾ ഹരിതയിലേക്കുള്ള പെൺകുട്ടികളുടെ വാതിലുകൾ കൊട്ടിയടക്കപ്പെടാൻ കാരണമാകരുത്.
ക്യാമ്പസ്സുകളിൽ പുതിയ രാഷ്ട്രീയത്തോട് സംവദിക്കുകയും അനീതിക്കെതിരെയും അരാഷ്ട്രീയ വാദത്തോടും പോരാടുകയും ചെയ്യുന്ന പെൺകരുത്തായി മാറാൻ സാധിച്ച ഹരിതക്ക് കൂടുതൽ ഊർജ്ജവും ആത്മവിശ്വാസവും പകർന്ന് നൽകലാണ് പാർട്ടിയിൽ നിന്ന് ഉണ്ടാകേണ്ടത്.
അക്കാദമിക് മികവിന്‍റെയും സർഗാത്മകതയുടെയും ക്യാമ്പസ്സുകളിലെ നേതൃത്വം പെൺകുട്ടികളിൽ എത്തുന്ന കാലത്തെ കുറിച്ച് സ്വപ്നം കണ്ട മഹാനായ സി.എച്ച്. മുഹമ്മദ് കോയ സാഹിബിന്‍റെ ദീർഘവീക്ഷണത്തിന് ഉത്തരം നൽകിയവരെ തളർത്തരുതെന്നും നിസാർ ചേലേരി ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.