'എതിരാളിയെ വിറപ്പിക്കുന്നവർ' ഇനി ഒരുമിച്ച്; മുഖ്യമന്ത്രിക്ക് സഞ്ചരിക്കാൻ കിയ കാർണിവൽ വരുന്നു
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാഹന വ്യൂഹത്തിലേക്ക് കിയ കാർണിവൽ കൂടി എത്തുന്നു. 33 ലക്ഷം രൂപ വിലയുള്ള കിയ കാർണിവൽ ലിമോസിൻ പ്ലസ് 7 മോഡൽ ആണ് പുത്തൻ വാഹനം. നിലവിൽ മുഖ്യമന്ത്രി സഞ്ചരിക്കുന്ന കറുപ്പ് നിറത്തിലുള്ള ഇന്നോവ ക്രിസ്റ്റക്ക് പകരക്കാരനായാണ് കൂടുതൽ സൗകര്യങ്ങളുള്ള കറുത്ത കിയ കാർണിവൽ വാങ്ങാൻ സർക്കാർ തീരുമാനം.
ഈ വർഷം ജനുവരിയിൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് മൂന്ന് ക്രിസ്റ്റയും ഒരു ടാറ്റ ഹാരിയറും വാങ്ങാൻ 62.46 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതിൽ നിന്ന് 55.39 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് പുതിയ കറുത്ത ക്രിസ്റ്റ വാങ്ങിയത്. ഈ വാഹനങ്ങളിൽ രണ്ടെണ്ണം പൈലറ്റ്, എസ്കോർട്ട് കാറുകളായും ഒന്ന് മുഖ്യമന്ത്രിക്ക് സഞ്ചരിക്കാനുമാണ് ഉപയോഗിക്കുന്നത്.
ഹാരിയറിന് പകരം കൂടുതൽ സുരക്ഷാ സംവിധാനമുള്ള കാർണിവൽ വാങ്ങുന്നതാണ് അഭികാമ്യമെന്ന് പൊലീസ് മേധാവിയാണ് നിർദേശിച്ചത്. നേരത്തെ അനുവദിച്ചതിലെ ബാക്കി തുക കാർണിവൽ വാങ്ങാന്‍ തികയില്ല. അതിനാൽ, പുതിയ കാർ വാങ്ങാൻ 33.31 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായി. പുതിയ വണ്ടികൾക്കായി ഇതുവരെ അനുവദിച്ചത് 88.69 ലക്ഷം രൂപയാണ്.
മൂന്ന് പുതിയ ക്രിസ്റ്റകൾ വാങ്ങിയപ്പോൾ നേരത്തെ ഉപയോഗിച്ചിരുന്ന രണ്ട് ഇന്നോവ കാറുകൾ ആഭ്യന്തര വകുപ്പിന് കൈമാറാനായിരുന്നു തീരുമാനം. എന്നാൽ, കണ്ണൂർ, കോഴിക്കോട് തുടങ്ങിയ വടക്കൻ ജില്ലകളിലെ യാത്രയ്ക്ക് അധിക സുരക്ഷയെന്ന നിലയിൽ പൈലറ്റായോ എസ്കോർട്ടായോ ഈ വാഹനങ്ങൾ ഉപയോഗിക്കാനാണ് നിർദേശം.
ആരാണ്, എന്താണ് കിയ കാർണിവൽ
വർഷങ്ങളായി ടൊയോട്ട ഇന്നോവയെന്ന ഒരേയൊരു രാജാവ് അടക്കിവാണിരുന്ന എം.പി.വി (മൾട്ടി പർപസ് വെഹിക്കിൾ) ശ്രേണിയിയെ വിറപ്പിച്ചാണ് കാർണിവൽ എന്ന എതിരാളിയുമായി കൊറിയൻ കാർ നിർമാതാക്കളായ കിയ എത്തിയത്. 2020 ഫെബ്രുവരിയിലാണ് ഇന്ത്യയിലെ തങ്ങളുടെ രണ്ടാമത്തെ വാഹനമായ കാർണിവൽ കമ്പനി വിപണിയിലെത്തിച്ചത്.ഏഴ്, എട്ട്, ഒമ്പത് എന്നിങ്ങനെ മൂന്ന് സീറ്റിങ് ഓപ്ഷനുകളിലാണ് വാഹനം വിപണിയിലുള്ളത്. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനോട് കൂടിയ 2.2 ലിറ്റർ ഫോർ സിലിണ്ടർ സി.ആർ.ഡി.ഐ ടർബോ ഡീസൽ എഞ്ചിൻ, 440 എൻ.എം ടോർക്കും 200 എച്ച്.പി കരുത്തും പകരുന്നു. വെളുപ്പ്, കറുപ്പ്, സിൽവർ നിറങ്ങളിലാണ് വാഹനം ലഭ്യമാവുക.
ആഡംബരവും ആധുനിക സജ്ജീകരണങ്ങളും
ആഡംബരവും സവിശേഷതകളുമാണ് ചുരുങ്ങിയ കാലത്തിനുള്ളിൽ കാർണിവൽ പ്രിയങ്കമാവാൻ കാരണം. ഫീച്ചറുകളാൽ സമ്പന്നമായ പ്രീമിയം എം.പി.വിയാണിത്. പവർ സ്ലൈഡിങ് റിയർ ഡോറുകളാണ് വാഹനത്തിന്‍റെ പ്രധാന പ്രത്യേകത.സ്മാർട്ഫോൺ കണക്ടിവിറ്റിയുള്ള 8-ഇഞ്ചുള്ള ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്‍റ്റ് സിസ്റ്റം, രണ്ടാം നിര യാത്രക്കാർക്ക് വേണ്ടിയുള്ള രണ്ട് 10.1-ഇഞ്ച് ടച്ച്സ്ക്രീൻ ഡിസ്പ്ലേ, ത്രീ-സോൺ ക്ലൈമറ്റ് കണ്ട്രോൾ, ഡ്യൂവൽ പാനൽ ഇലക്ട്രിക്ക് സൺറൂഫ്, കിയയുടെ യു.വി.ഒ കണക്ട് ചെയ്ത കാർ ടെക്, ഇലക്ട്രിക്ക് ടെയിൽഗേറ്റ് എന്നിങ്ങനെ നീളുന്നു പട്ടിക. ഡ്യൂവൽ ടോൺ ബ്ലാക്ക്, ബെയ്ജ് എന്നിങ്ങനെ മൂന്ന് ഇന്റീരിയർ കളർ ഓപ്ഷനിലാണ് കിയ കാർണിവൽ എത്തുന്നത്.
ഇന്ത്യൻ നിരത്തുകളിലെ സുരക്ഷയുള്ള എം.പി.വി
സുരക്ഷയുടെ കാര്യത്തിലും കാർണിവൽ ഏറെ മുന്നിലാണ്. ഓസ്‌ട്രേലിയന്‍ എന്‍ ക്യാപ് ക്രാഷ് ടെസ്റ്റിലാണ് കിയ കാര്‍ണിവല്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് നേടി സുരക്ഷയില്‍ കരുത്തനെന്ന് തെളിയിച്ചത്.കാര്‍ണിവലിന്റെ എട്ട് സീറ്റര്‍ ഓപ്ഷനാണ് ഇടിപരീക്ഷയ്ക്ക് വിധേയമാക്കിയത്. വാഹനത്തിനുള്ളിലെ യാത്രക്കാര്‍ക്ക് സുരക്ഷയൊരുക്കുന്നതിലും കൊളീഷൻ അവോയിഡൻസ് അസെസ്മെന്‍റിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
മുൻ ഭാഗങ്ങൾ, വശങ്ങൾ എന്നിവിടങ്ങളിൽ ഉണ്ടായേക്കാവുന്ന ആഘാതങ്ങളിൽ നിന്ന് കാർണിവൽ, സുരക്ഷിത കവചം തീർക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ. ഐ.എസ്.ഒ ഫിക്സ് ആങ്കറുകൾ, ഹെഡ് പ്രൊട്ടക്റ്റിങ് എയർ ബാഗുകൾ, എമര്‍ജന്‍സി ബ്രേക്കിങ്ങ് സംവിധാനം, ആക്ടീവ് ലെയ്ന്‍ കീപ്പിങ്ങ്, ഇന്റലിജെന്റ് സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറുകള്‍ എന്നിവയും സുരക്ഷക്ക് കരുത്തേകുന്നു.ബ്രേക്ക് അസിസ്റ്റ്, ടയർ പ്രെഷർ മോണിറ്റർ, എഞ്ചിൻ ഇമോബിലൈസർ, ക്രാഷ് സെൻസർ, എഞ്ചിൻ ചെക്ക് വാണിങ്, ഇലക്ട്രിക് സ്റ്റെബിലിറ്റി കൺട്രോൾ, റോൾ ഓവർ മിറ്റിഗേഷൻ, കൺസേണിങ് ബ്രേക്ക് കൺട്രോൾ, കർട്ടൻ എയർബാഗുകൾ, സ്‌പീഡ് സെൻസ് ചെയ്യാൻ കഴിയുന്ന ഓട്ടോ ഡോർ ലോക്ക് എന്നിവയും സുരക്ഷ ഒരുക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.