പ്രസാധകരെ കാത്ത് കിളിമാനൂർ എൽ.പി.എസിലെ കുട്ടി എഴുത്തുകാർ
text_fieldsകിളിമാനൂർ: ഗവ.എൽ.പി.എസിലെ ഒന്നാം ക്ലാസിലെ 25 നവ സാഹിത്യകാരാണ് പ്രസാധകരെ കാത്തിരിക്കുന്നത്. സ്വന്തമായി രചനയും ചിത്രീകരണവും പൂർത്തിയാക്കിയ കഥകളുമായാണ് കുട്ടികളുടെയും അധ്യാപകരുടെയും കാത്തിരിപ്പ്.
സമഗ്ര ശിക്ഷ കേരളം ഈ വർഷം ഒന്നാം ക്ലാസിൽ നടപ്പാക്കിയ സചിത്ര പാഠപുസ്തകത്തിന്റെയും സംയുക്ത ഡയറിയുടെയും ക്ലാസ് പ്രവർത്തനങ്ങളുടെയും ഭാഗമായാണ് കുട്ടികൾ സ്വന്തമായി പുസ്തകങ്ങൾ തയാറാക്കിയിരിക്കുന്നത്. ചിത്രങ്ങളിലൂടെ ആശയ രൂപവത്കരണത്തിലേക്ക് എത്തുന്നതാണ് സചിത്ര പാoപുസ്തക സമീപനം.
കുട്ടികളിൽ 24 പേർ എല്ലാവരും സ്വന്തമായി കഥ പറയുന്നതിനും എഴുതുന്നതിനും പ്രാപ്തരാണ്. വിഭിന്നശേഷിക്കാരനായ ഒരുകുട്ടി കഥാപുസ്തകത്തിന്റെ പുറംചട്ടക്ക് ആവശ്യമായ ചിത്രങ്ങൾ വരച്ചുനൽകി. ഓരോ കുട്ടിയെയും ഓരോ യൂനിറ്റായി പരിഗണിച്ച് എല്ലാവർക്കും പ്രത്യേക പിന്തുണ നൽകുന്നതിന് ഉദാഹരണമാണിത്.
ജൂണിൽ രക്ഷാകർത്താക്കളുടെ സഹായത്തോടെ ഡയറി എഴുത്താരംഭിച്ചു. കുട്ടികൾക്കുണ്ടായ വളർച്ചയോടൊപ്പം രക്ഷാകർത്താക്കളും എഴുത്തിലും വായനയിലും താൽപര്യമുള്ളവരായി മാറിയെന്നതാണ് പദ്ധതിയുടെ വിജയം. ഈ നേട്ടത്തിന് ചുക്കാൻ പിടിച്ചത് ഒന്നാം ക്ലാസിലെ അധ്യാപികയായ അൻസി എം. സലിമാണ്.
കുട്ടികളുടെ രചനകൾ സമീപത്തെ വായനശാലകളിലേക്ക് നൽകുകയും സമൂഹത്തിലെ എല്ലാവർക്കും വായിക്കാൻ പ്രാപ്തമാക്കുകയും ചെയ്യുക എന്നതിനാണ് സ്കൂൾ ലക്ഷ്യമിടുന്നത്. ഇതിനായി അവർ പ്രസാധകരെ തേടുകയാണ്.
കിളിമാനൂർ ബി.ആർ.സി ഹാളിൽ നടന്ന പുസ്തക പ്രകാശനം വിദ്യാഭ്യാസ ഗവേഷകനായ ഡോ. ടി.പി. കലാധരൻ പ്രഥമാധ്യാപിക ലേഖാകുമാരിക്ക് നൽകി നിർവഹിച്ചു. എ.ഇ.ഒ വി.എസ്. പ്രദീപ്, ട്രെയിനർ വിനോദ്, സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ് അംഗം സൈജ, പി.ടി.എ പ്രസിഡൻറ് സജികുമാർ, രതീഷ് പോങ്ങനാട്, ഷമീന, ബി.എസ്. റെജി, അധ്യാപകർ, ബി.ആർ.സി പ്രവർത്തകർ, രക്ഷാകർത്താക്കൾ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.