തിരുവനന്തപുരത്ത് തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ കണ്ടെത്തി
text_fieldsതിരുവനന്തപുരം: തിരുവനന്തപുരം ചാക്കയിൽ നിന്ന് തട്ടിക്കൊണ്ടുപോയ നാടോടി ദമ്പതികളുടെ കുട്ടിയെ കണ്ടെത്തി. നഗരത്തിലെ ഓടയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയതെന്ന് ഡി.സി.പി നിധിൻ രാജ് അറിയിച്ചു. കുട്ടിയെ ആരോഗ്യ പരിശോധനക്കായി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയെ കാണാതായി 19 മണിക്കൂറിന് ശേഷമാണ് കണ്ടെത്തിയത്.
കൊച്ചുവേളി റെയിൽവേ സ്റ്റേഷന് സമീപത്ത് ബ്രഹ്മോസിനരികിലെ വഴിയിലെ ഓടയിലാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ വൈകീട്ട് 7.30ഓടെ കണ്ടെത്തിയത്.
ഹൈദരാബാദ് സ്വദേശികളായ അമർദീപ്-റബീന ദേവി ദമ്പതികളുടെ രണ്ട് വയസുള്ള മകൾ മേരിയെയാണ് ഇന്ന് പുലർച്ചെ മുതൽ കാണാതായത്. വഴിയരികിൽ മൂന്ന് സഹോദരങ്ങൾക്കൊപ്പമാണ് കുഞ്ഞ് ഉറങ്ങിയിരുന്നത്. അർധരാത്രി ഒരു മണിക്ക് ശേഷം ഉണർന്നപ്പോൾ കുട്ടിയെ കാണാനില്ലെന്നാണ് രക്ഷിതാക്കൾ പറഞ്ഞത്.
രാത്രി 12 മണിക്ക് ശേഷം രണ്ടുപേർ ബൈക്കിൽ പോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഇവർക്കിടയിൽ കുട്ടിയുള്ളതായി സംശയിച്ചിരുന്നു. പൊലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് കുട്ടിയെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയിരുന്നു.
ശംഖുമുഖം ആഭ്യന്തര ടെർമിനൽ, ബ്രഹ്മോസ് എന്നിവ സ്ഥിതി ചെയ്യുന്ന ചാക്കയിൽ നിന്ന് വിമാനത്താവളത്തിലേക്ക് വരുന്ന പ്രധാന പാതയുടെ സമീപത്തെ ലോറികൾ നിർത്തിയിടുന്ന തുറസ്സായ സ്ഥലത്താണ് കുട്ടിയുടെ കുടുംബം കഴിഞ്ഞിരുന്നത്. തേൻ എടുക്കുന്ന ജോലി ചെയ്യുന്നവരാണ് രക്ഷിതാക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.