2011ൽ നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവം; ഡ്രൈവർ പിടിയിൽ
text_fieldsകൊച്ചി: 2011ൽ നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ ഡ്രൈവർ കസ്റ്റഡിയിൽ. നടിയെ തട്ടിക്കൊണ്ടുപോയ ടെമ്പോ ട്രാവലറിന്‍റെ ഡ്രൈവറായ കണ്ണൂർ പടിച്ചാൽ സ്വദേശി സുനീഷിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ കണ്ണൂരിൽ നിന്ന് പിടികൂടിയ സുനീഷിന്‍റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. പയ്യന്നൂർ പൊലീസാണ് സുനീഷിനെ പിടികൂടിയത്. സുനീഷിനെ പൊലീസ് എറണാകുളത്തേക്ക് കൊണ്ടുവന്നു. ഇയാളെ ചോദ്യം ചെയ്യുന്നതിൽ നിന്ന് കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയുമെന്നാണ് പൊലീസ് കരുതുന്നത്. പൾസർ സുനിയോടൊപ്പം സമാനമായ കേസുകളിൽ ഇയാൾ പങ്കെടുത്തിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കും. കോതമംഗലം സ്വദേശികളായ എബിൻ, വിബിൻ എന്നിവരെ പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു.
2010ലും മറ്റൊരു നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമമുണ്ടായതായി സൂചനയുണ്ട്. പിടിയിലായ സുനീഷാണ് ഇതുസംബന്ധിച്ച വിശദാംശങ്ങൾ പൊലീസിന് നൽകിയത്. അതേസമയം, മറ്റ് പല നടികളും സമാനമായ പരാതിയുമായി മുന്നോട്ടുവന്നിട്ടുണ്ടെന്നാണ് അറിയാൻ കഴിയുന്നത്.
ഇപ്പോൾ ജയിലിലുള്ള പൾസർ സുനിയുടെ അറസ്റ്റ് 2011ലെ കേസുമായി ബന്ധപ്പെട്ട് നേരത്തെ രേഖപ്പെടുത്തിയിരുന്നു. കൊച്ചി സിറ്റി പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. 2011 നവംബറിൽ 'ഓർക്കൂട്ട് ഓർമക്കൂട്ട് ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടിയെ ടെമ്പോ ട്രാവലറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നാണ് കേസ്. ചിത്രത്തിന്റെ നിർമാതാവ് ജോണി സാഗരിഗയാണ് പരാതിക്കാരൻ. സംഭവസമയത്ത് പൾസർ സുനിയായിരുന്നു ജോണി സാഗരിഗയുടെ ഡ്രൈവർ.
അതേസമയം, തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച നടിയുടെ മൊഴിയെടുത്തു. തിരുവനന്തപുരത്തെ ഇവരുടെ വീട്ടിലെത്തിയാണ് കൊച്ചി സിറ്റി പൊലീസ് മൊഴിയെടുത്തത്. കുറേനേരം വണ്ടിയിൽ ചുറ്റിക്കറങ്ങിയപ്പോൾ സംശയം തോന്നി നടി നിര്‍മ്മാതാവിനെ ഫോണില്‍ വിളിക്കുകയുമായിരുന്നു. റമദാ ഹോട്ടലിലെ റിസപ്ഷനില്‍ എത്തിച്ചെങ്കിലും അവിടെ മുറി ബുക്ക് ചെയ്തിരുന്നില്ല. എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനില്‍ നിന്നാണ് വാഹനത്തില്‍ കയറിയതെന്നും മുന്‍കാല നടി മൊഴി നല്‍കിയിട്ടുണ്ട്. ഡ്രൈവറെക്കൂടാതെ മറ്റ് രണ്ടുപേർ കൂടി വാഹനത്തിലുണ്ടായിരുന്നതായും നടി മൊഴി കൊടുത്തിട്ടുണ്ട്. പ്രമുഖ നിർമാതാവായ ഇവരുടെ ഭര്‍ത്താവിന്‍റെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.
കൊച്ചിയിലെത്തിയ നടിയെ പള്‍സര്‍ സുനിയുടെ നിര്‍ദേശം അനുസരിച്ച് രണ്ടംഗ സംഘം വാഹനത്തില്‍ കയറ്റുകയും നഗരത്തിന്‍റെ പലഭാഗത്തും ചുറ്റിയതിനുശേഷം ഇറക്കിവിടുകയുമായിരുന്നു. യുവസംവിധായകന്‍റെ ഭാര്യയായ നടിക്കുവേണ്ടി ഒരുക്കിയ വലയിലാണ് ഈ നടി പെട്ടതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കേസിൽ പള്‍സര്‍ സുനിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നതിനായി വിട്ടുകിട്ടാന്‍ പൊലീസ് ഇന്ന് അപേക്ഷ നല്‍കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.