യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമം: നാലുപേർ പിടിയിൽ
text_fieldsവർക്കല: റിസോര്‍ട്ടില്‍നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലെ നാലുപേർ പിടിയിലായി.
കൊല്ലം കിളികൊല്ലൂർ മണ്ണാമല ഒരുമ നഗര്‍ 170ല്‍ കൊള്ളി നിയാസ് എന്ന നിയാസ് (27), കിളികൊല്ലൂര്‍ ടി.കെ.എം കോളജിന് സമീപം റെയ്ഹാന് മന്‍സിലില്‍ സഞ്ജു (21), കൊല്ലം തൃക്കോവില്‍വട്ടം മൈലാപ്പൂര് നവാസ് മന്‍സിലില്‍ നവാസ് (19), കൊല്ലം മങ്ങാട്ട് മൂന്നാംകുറ്റി പള്ളിവിള പുത്തന്‍ വീട്ടില്‍ മുഹമ്മദ് അസ്ലം (26) എന്നിവരാണ് പിടിയിലായത്.
ഇവരെ പൂവാറില്‍നിന്നാണ് അറസ്റ്റ് ചെയ്തത്. വര്‍ക്കല ക്ലിഫിലെ മാംഗോ റിസോര്‍ട്ടില്‍ താമസിച്ചുവന്നിരുന്ന കൊല്ലം ജില്ലയില്‍ തഴുത്തല മൈലാപ്പൂര് പുതുച്ചിറ ഷെമീന മന്‍സിലില്‍ ഷെഫീക്കിനെയാണ് (28) കഴിഞ്ഞ ഡിസംബർ പതിനൊന്നിന് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
വാടകക്കെടുത്ത കാറുകൾ തിരിച്ചുനല്കാത്തതിനെതുടര്ന്നുള്ള തര്‍ക്കംമൂലമാണ് ഷെഫീക്കിനെ വര്‍ക്കല ക്ലിഫിലെ റിസോര്‍ട്ടില്‍ കയറി പ്രതികൾ ആക്രമിച്ചത്. ദേഹമാസകലം വടിവാളിന് വെട്ടിയശേഷം ചുറ്റിക കൊണ്ട് കാല്‍മുട്ട് അടിച്ചുപൊട്ടിച്ചശേഷമാണ് പ്രതികൾ ഷെഫീക്കിനെ കാറില്‍ കടത്തിക്കൊണ്ടുപോയത്. കൊല്ലം കിളികൊല്ലൂര്‍ ചെന്താപ്പൂര് എന്ന സ്ഥലത്ത് കൊണ്ടുപോയും കെട്ടിയിട്ട് മര്‍ദിച്ചു.
ഷെഫീക്ക് മരിച്ചെന്ന് കരുതി പരവൂര്‍ പോളച്ചിറ ഏലായില്‍ ഉപേക്ഷിച്ചശേഷം പ്രതികൾ കടന്നുകളയുകയായിരുന്നു. പിടിയിലായ പ്രതികളെല്ലാം നിരവധി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ളവരും നിരവധി കേസുകളിലെ പ്രതികളുമാെണന്ന് പൊലീസ് പറഞ്ഞു.
കൊല്ലം ഈസ്റ്റ്, കിളികൊല്ലൂര്‍, കുണ്ടറ, ഇരവിപുരം സ്റ്റേഷനുകളില്‍ കൂട്ടായ്മ കവര്‍ച്ച, കൊലപാതക ശ്രമം, മാലപൊട്ടിക്കല്‍ ഉള്‍പ്പെടെ മുപ്പതോളം കേസുകളില്‍ പ്രതിയാണ് അറസ്റ്റിലായ കൊള്ളി നിയാസ്. കിളികൊല്ലൂര്‍, കുണ്ടറ സ്റ്റേഷനുകളില്‍ വധശ്രമക്കേസുകളിലെ പ്രതിയാണ് മുഹമ്മദ് അസ്ലം.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഷെഫീക്കും ഈ കേസില്‍ ഇനിയും പിടിയിലായിട്ടില്ലാത്ത കൊല്ലം സ്വദേശിയും നിരവധി കേസുകളിലെ പ്രതിയുമായ അജിംഷായും തമ്മില്‍ കാര്‍ വാടകക്കെടുത്തത് സംബന്ധിച്ച വിഷയമാണ് ഷെഫീഖിനെ കൊലപ്പെടുത്താനുള്ള സംഭവങ്ങളിലേക്ക് നയിച്ചത്.
ഷെഫീക്കിനെ വര്‍ക്കലയില്‍ ആക്രമിച്ചതിന് പകരമായി അക്രമിസംഘത്തിലുണ്ടായിരുന്ന കൊല്ലം അയത്തില്‍ സ്വദേശി ഷെമീറീനെ കൊട്ടിയം പൊലീസ് സ്റ്റേഷന് പരിധിയില്െവച്ച് വെട്ടിക്കൊലപ്പെടുത്താനുള്ള ശ്രമവും നടന്നിരുന്നു.
വര്‍ക്കല സംഭവത്തെതുടര്‍ന്ന് കൊല്ലം സിറ്റിയിലെ വിവിധ പൊലീസ് സ്റ്റേഷന് പരിധികളില്‍ ഇരുസംഘങ്ങളും ഏറ്റുമുട്ടലും നടത്തിവരികയായിരുന്നു.
തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. അശോകന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തില്‍ വര്‍ക്കല പൊലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ ജി. ഗോപകുമാര്‍, സബ് ഇന്‍സ്പെക്ടര്‍മാരായ അജിത് കുമാര്‍.പി, മനീഷ്, തിരുവനന്തപുരം റൂറല്‍ ജില്ലാ ഷാഡോ ടീം എസ്.ഐ ബിജുഹഖ്, ഷാഡോ പൊലീസുകാരായ അനൂപ്, സുധീര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതികളെ വര്‍ക്കല കോടതി ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.