തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസ്; മൂന്നുപേർ പിടിയിൽ
text_fieldsകോലഞ്ചേരി: മോചനദ്രവ്യം ആവശ്യപ്പെട്ട് ആയൂർവേദ മരുന്ന് കമ്പനി ഉടമെയ തട്ടികൊണ്ടുപോയ സംഭവത്തിൽ മൂന്ന് പേരെ കുന്നത്തുനാട് പൊലീസ് പിടികൂടി. നെല്ലാട് ഹരിദേവ് ഫോർമുലേഷൻസ് സ്ഥാപന ഉടമ എം.എസ്. രഘുവിനെയാണ് തട്ടികൊണ്ടുപോയത്. ഒറ്റപ്പാലം പാലപ്പുറം എട്ടുങ്ങൽപ്പടി ബിനീഷ് (43), തിരുപ്പൂർ സന്തപ്പെട്ട ശിവ (അറുമുഖൻ - 40), കഞ്ചിക്കോട് ചെമ്മണംകാട് കാർത്തിക (പുത്തൻ വീട്) യിൽ ശ്രീനാഥ് (33) എന്നിവരെയാണ് പിടികൂടിയത്.
കമ്പനി പുതിയതായി വിപണിയിൽ എത്തിച്ച ആയൂർവേദ മരുന്ന് തമിഴ്നാട്ടിൽ വിതരണം ചെയ്യുന്നതിന് താത്പര്യമുണ്ടെന്ന് അറിയിച്ച് പ്രതികൾ ഇദ്ദേഹത്തെ സമീപിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ ബിസിനസ് കാര്യങ്ങൾ സംസാരിക്കാൻ കോയമ്പത്തൂരിൽ വിളിച്ച് വരുത്തിയശേഷം വിതരണ കമ്പനിയുടെ പ്രധാന പാർട്ണർ കസ്റ്റംസ് ഉദ്യോഗസ്ഥനാണെന്നും അയാൾ തിരുപ്പൂരിലുണ്ടെന്നും പറഞ്ഞ് വിജനമായ സ്ഥലത്ത് ഫാമിലെത്തിച്ച ശേഷം മൊബൈൽ പിടിച്ച് വാങ്ങി മർദ്ദിക്കുകയായിരുന്നു.
വൈകിട്ട് വരെ തുടർന്ന ഭീഷണിക്കും മർദ്ദനത്തിനും ശേഷം രാത്രി മകനെ വിളിച്ച് 42 ലക്ഷം രൂപ മോചനദ്രവ്യം നൽകിയില്ലെങ്കിൽ പിതാവിനെ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി. മകന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപീകരിച്ച് ഒറ്റരാത്രി കൊണ്ട് പൊലീസ് നടത്തിയ ഓപ്പറേഷനിലാണ് പ്രതികൾ പിടിയിലായത്. പണം നിറച്ച ബാഗുമായി മകനെ പ്രതികളുടെ അടുത്തേയ്ക്ക് പറഞ്ഞയച്ച ശേഷം അവരുടെ ലൊക്കേഷൻ മനസിലാക്കി തിരുപ്പൂർ പൊലീസ് സഹായത്തോടെ സംഘടിപ്പിച്ച ബൈക്കിൽ പിന്തുടർന്ന് തിരുപ്പൂർ മാർക്കറ്റിനുള്ളിൽ നടത്തിയ ഏറ്റുമുട്ടലിലാണ് പ്രതികളെ കീഴ്പെടുത്തിയത്. പൊലീസ് മകന്റെ പിന്നിലുണ്ടെന്ന് തിരിച്ചറിഞ്ഞ പ്രതികൾ രഘുവും ഡ്രൈവറുമായി രക്ഷപെടാൻ ശ്രമിച്ചെങ്കിലും
കിലോമീറ്ററുകൾ പിന്തുടർന്നാണ് പിടികൂടിയത്. ബിനീഷിന് ഒറ്റപ്പാലത്ത് മോഷണത്തിനും ആലത്തൂർ, കൊല്ലം, തിരുപ്പൂർ എന്നിവിടങ്ങളിൽ തട്ടിക്കൊണ്ടു പോകലിനും കേസുകളുണ്ട്. ശിവയ്ക്ക് ആലത്തൂർ, കൊല്ലം എന്നിവടങ്ങളിൽ തട്ടിക്കൊണ്ട് പോകലിന് കേസുണ്ട്. എ.എസ്.പി അനൂജ് പലിവാൽ, ഇൻസ്‌പെക്ടർ വി.പി. സുധീഷ് , എ.എസ്.ഐമാരായ എ.കെ രാജു, ബോബി കുര്യാക്കോസ്, സീനിയർ സി.പി.ഒ പി.എ. അബ്ദുൾ മനാഫ്, സി.പി.ഒമാരായ കെ.എ സുബീർ, ടി.എ.അഫ്‌സൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.