തട്ടിക്കൊണ്ടുപോകൽ കേസ്: ചോദ്യങ്ങൾ അവശേഷിക്കും
text_fieldsകൊല്ലം: പത്തുലക്ഷത്തിന്റെ പെട്ടെന്നുള്ള ആവശ്യം പരിഹരിക്കാനെന്ന പഴയ കഥയിൽ ഉറച്ച് ബാലികയെ തട്ടിക്കൊണ്ടുപോയ കേസ് അവസാനിപ്പിക്കുമ്പോൾ നിരവധി ചോദ്യങ്ങൾ അവശേഷിക്കും. 11 ദിവസം മുമ്പ് മൂന്നംഗ കുടുംബത്തെ പിടികൂടിയപ്പോൾ പറഞ്ഞ കാര്യങ്ങൾ ഉറപ്പിക്കാനാവശ്യമായ തെളിവുകൾ സംഘടിപ്പിച്ച് മൂന്നുദിവസത്തെ കസ്റ്റഡി പൂർത്തിയാക്കി ഇന്ന് പ്രതികളെ കോടതിയിൽ ഹാജരാക്കുമ്പോൾ പൊരുത്തക്കേടുകളും സംശയങ്ങളും അതേപടി തുടരുകയാണ്.
കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറിലെ നാലാമത്തെയാളും കുട്ടിയുടെ അമ്മയെ ഫോൺ ചെയ്യാൻ പാരിപ്പള്ളിയിലെ കടയിലെത്തിയ, പൊലീസ് തന്നെ പുറത്തുവിട്ട രേഖാചിത്രത്തിൽ പറയുന്ന ആളും ആരെന്നതിൽ ഇപ്പോഴും വ്യക്തതയില്ല. നിരവധി കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ കുടുംബം ലക്ഷ്യമിട്ടിരുന്നുവത്രെ. ചെറിയ തുക ചോദിച്ചാൽ ആരും പൊലീസിൽ പരാതിയുമായി എത്തില്ലെന്നും പണം നൽകി കുട്ടിയുമായി രക്ഷാകർത്താക്കൾ പോയിക്കൊള്ളുമെന്ന ‘റാംജിറാവു’ സിനിമ സ്റ്റൈൽ തട്ടിക്കൊണ്ടുപോകലാണ് കുടുംബം ഉദ്ദേശിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഈ ഒരു കുട്ടിയെ മാത്രം ലക്ഷ്യമിട്ടിരുന്നതായും ദിവസങ്ങളോളം കുട്ടിക്ക് പിന്നാലെ ഇവർ ഉണ്ടായിരുന്നുവെന്നും പൊലീസ് ഭാഷ്യത്തിൽനിന്നും കുട്ടിയുടെ സഹോദരന്റെ മൊഴിയിൽ നിന്നും വ്യക്തമാണ്. അതിലെ അവ്യക്തതയും അവസാനിക്കുന്നില്ല.
കുട്ടിയുടെ മാതാവിന്റെ മൊബൈൽ നമ്പർ പ്രതികൾക്ക് കിട്ടിയതെങ്ങനെ എന്നതിലും വ്യക്തതയില്ല. തന്നെയും താൻ ഭാരവാഹിയായ സംഘടനയെയും പൊലീസ് ടാർഗറ്റ് ചെയ്യുന്നതായി അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ ബാലികയുടെ പിതാവ് പറഞ്ഞിരുന്നു.
അതേപറ്റി പൊലീസ് പിന്നീട് ഒന്നും പറഞ്ഞില്ല. പ്രതി പത്മകുമാറിന്റെ സാമ്പത്തികബാധ്യത സംബന്ധിച്ച് ഇനിയും വ്യക്തമായ വിവരം നൽകാൻ പൊലീസ് തയാറായിട്ടില്ല.
പത്മകുമാറുമായി ബന്ധമുള്ള ക്വട്ടേഷൻ സംഘത്തെപ്പറ്റി ആരോപണം ഉയർന്നിരുന്നു. സംഭവസമയത്ത് പറഞ്ഞുകേട്ട നാലാമനെയും അഞ്ചാമനെയും കുറിച്ചൊക്കെ വേറെ ചില ദൃക്സാക്ഷികൾ പറയുന്നത് പരിഗണിക്കാൻപോലും പൊലീസ് തയാറായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.