സാഹോദര്യത്തിന്റെ മുറിവുകളുമായി കൂട്ട വൃക്കദാനം
text_fieldsകൊച്ചി: ഈ മുറിവുകൾ വെറും മുറിവുകളല്ല; സാഹോദര്യത്തിന്റെയും സമർപ്പണ സാഫല്യത്തിന്റെയും നേരടയാളങ്ങളാണ്. സിസ്റ്റർ ജാൻസി ഗ്രെയ്സിനാകട്ടെ ഇത് സമർപ്പണ ജീവിതത്തിലെ അനുപമമായ സഫലതയും. വൃക്ക ലഭിക്കാൻ നിർവാഹമില്ലാത്ത പാവപ്പെട്ട ഒരാൾക്ക് വൃക്ക നൽകണമെന്നായിരുന്നു സ്റ്റാഫ് നഴ്സായ സിസ്റ്റർ ജാൻസിയുടെ ആഗ്രഹം. ഒ-പോസിറ്റിവ് ആയതിനാൽ സിസ്റ്ററുടെ വൃക്ക ഏത് ഗ്രൂപ്പിലുള്ളവർക്കും നൽകാമായിരുന്നു.
അങ്ങനെയിരിക്കെയാണ് ഒ-പോസിറ്റിവ് ഗ്രൂപ്പിൽപെട്ട വൃക്ക ലഭിക്കാൻ നാളുകളായി കാത്തിരുന്ന തൃശൂർ ചെങ്ങാലൂർ ലാൽ കിഷൻ, തന്റെ ഭാര്യ ശ്രുതിയുടെ എ-പോസിറ്റിവ് വൃക്ക നൽകിയാൽ തനിക്ക് ഒ-പോസിറ്റിവ് വൃക്ക കിട്ടുമോ എന്നുചോദിച്ച് ലിസി ആശുപത്രിയിലെ കിഡ്നി ട്രാൻസ്പ്ലാൻറ് വിഭാഗത്തെ സമീപിക്കുന്നത്. വൈകാതെ നന്മയുടെ ശൃംഖല വളരെ വേഗം കോർത്തിണക്കപ്പെട്ടു.
എ-പോസിറ്റിവ് വൃക്കക്കുവേണ്ടി നാളുകളായി കാത്തിരിക്കുന്ന നിർമാണത്തൊഴിലാളിയായ ആലപ്പുഴ തോട്ടപ്പള്ളി പഴയചിറ അനിലിന് ശ്രുതിയുടെ വൃക്ക നൽകാൻ തീരുമാനമായി. ദാനമായി ലഭിച്ചതിന്റെ കടം ദാനമായിത്തന്നെ വീട്ടാൻ അനിലിനുവേണ്ടി മുന്നോട്ട് വന്നത് ജ്യേഷ്ഠൻ സിജു ആണ്. തന്റെ ബി-പോസിറ്റിവ് വൃക്ക ദാനം ചെയ്യാൻ സിജു തീരുമാനിച്ചു.
മലപ്പുറം സൗത്ത് പള്ളുവങ്ങാട്ടിലെ പാവപ്പെട്ട കുടുംബാംഗമായ അർച്ചന കാത്തിരുന്നതും ബി-പോസിറ്റിവ് വൃക്കക്ക് വേണ്ടിയാണ്.കൂട്ടായ ശ്രമത്തിനൊടുവിൽ ആലപ്പുഴ എത്തിക്സ് കമ്മിറ്റി കൂട്ട വൃക്കദാനത്തിന് അനുമതി നൽകി. മാർച്ച് ആദ്യവാരം ആറുപേരും ആശുപത്രിയിൽ അഡ്മിറ്റായി. വൃക്ക മാറ്റിെവക്കൽ ശസ്ത്രക്രിയകൾ വിജയകരമായി നടന്നു.
ദാതാക്കളെല്ലാം നേരെത്തതന്നെ ആശുപത്രി വിട്ടു. മൂന്ന് സ്വീകർത്താക്കളും ഈ മാസം 19ന് വീടുകളിലേക്ക് മടങ്ങും. കേക്ക് മുറിച്ച് സന്തോഷം പങ്കുവെച്ചാണ് ആശുപത്രിയിൽനിന്ന് എല്ലാവരെയും യാത്രയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.