വിഴിഞ്ഞത്ത് വൃക്ക വിറ്റത് പത്തിലേറെ പേർ; പൊലീസ് രഹസ്യാന്വേഷണ വിഭാഗം റിേപ്പാർട്ട് സമർപ്പിച്ചു
text_fieldsവിഴിഞ്ഞം: വിഴിഞ്ഞത്ത് മാത്രം ഇതുവരെ സാമ്പത്തിക ബാധ്യതകളെ തുടർന്ന് വൃക്ക വിറ്റത് പത്തിലേറെപ്പേർ. പൊലീസിെൻറ പക്കലുള്ള അവയവ ദാന രേഖകൾ പ്രകാരമാണ് ഇൗ കണക്ക്.
തീരദേശം കേന്ദ്രീകരിച്ചുള്ള അവയവ മാഫിയയെ കുറിച്ചുള്ള 'മാധ്യമം'പുറത്തുവിട്ട നിരന്തരവാർത്തകളെ തുടർന്ന് സംസ്ഥാന പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തി ആദ്യഘട്ട റിപ്പോർട്ടും തുടർന്ന് അവസാനഘട്ട റിപ്പോർട്ടും സർക്കാറിന് കൈമാറി. തിരുവനന്തപുരം അഞ്ചുതെങ്ങും തൃശൂർ ചാവക്കാടും സമാന തരത്തിൽ വൃക്ക വിൽപന നടന്നതായി പൊലീസ് വിവരമുണ്ടെങ്കിലും സംഭവത്തിൽ പൊലീസ് അന്വേഷണം നടന്നാൽ മാത്രമേ കൂടുതൽ ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വരൂ. ഏജൻറ് നൽകുന്ന പണത്തിന് പുറമെ, അവയവദാനം ചെയ്യുന്നവർക്ക് നൽകുന്ന മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും പേരിലുള്ള ഫണ്ടുകൾ ലഭിക്കുമെന്ന് കൂടി പറഞ്ഞു പറ്റിച്ചാണ് ഇവരെ ഏജൻറുമാർ വെട്ടിലാക്കിയത്. തീരദേശ-മലയോര മേഖലകൾ കേന്ദ്രീകരിച്ചാണ് അവയവ മാഫിയയുടെ പ്രധാന പ്രവർത്തനം.
കേരളത്തിന് പുറത്ത് കർണാടകയിൽ വെച്ച് ഇവർ നിയമവിരുദ്ധമായി അവയവ ശസ്ത്രക്രിയകൾ നടത്തുന്നതായും സൂചനയുണ്ട്. ആശുപത്രികളിലെ സർക്കാർ വക അംഗീകാര കമ്മിറ്റികളിലെ ചിലർക്കും ഇതിൽ പങ്കുള്ളതായാണ് ആരോപണം. വിഴിഞ്ഞത്ത് വീട്ടമ്മമാർക്ക് പുറമെ പുരുഷന്മാരും വൃക്ക വിറ്റു. അഞ്ചുതെങ്ങും തൃശൂർ ചാവക്കാടും സമാന രീതിയിൽ വൃക്ക വിൽപന നടന്നതായി ഏജൻറ്. ഇതുവരെ ലഭ്യമായ വിവരങ്ങൾ അനുസരിച്ച് 2017ൽ 30 വയസ്സുകാരനായ യുവാവ് ആണ് ആദ്യമായി വൃക്ക വിറ്റത്. സാമ്പത്തിക ബാധ്യതകളെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ആണ് ഇയാളുടെ ശസ്ത്രക്രിയ നടന്നത്. കണ്ണൂർ സ്വദേശിക്കാണ് വൃക്ക നൽകിയത്.
മൂന്ന് ലക്ഷത്തോളം രൂപയാണ് അന്ന് ഇയാൾക്ക് ഏജൻറ് നൽകിയത്. നിലവിൽ ഇയാൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ട്. തുടർന്ന് 2018ൽ ഇയാളുടെ ഭാര്യയും കൊല്ലം സ്വദേശിക്ക് വേണ്ടി വൃക്ക വിറ്റിരുന്നു. ഇവർക്ക് ഏഴു ലക്ഷത്തോളം രൂപ ലഭിച്ചിരുന്നു. ഇവർക്ക് പിന്നാലെ മറ്റ് മൂന്ന് വനിതകൾ കൂടി വൃക്ക വിറ്റു. എറണാകുളത്ത് മാത്രം അമ്പതോളം അവയവ മാഫിയ ഏജൻറുമാർ ഉള്ളതായാണ് വിവരം.
ഇവർക്ക് കീഴിൽ വൃക്ക കൈമാറ്റത്തിെൻറ രേഖകൾ തയാറാക്കുന്നതിനും നടപടിക്രമങ്ങൾ വേഗത്തിൽ ആക്കുന്നതിനും പണത്തിെൻറ ഇടപാട് പൂർത്തിയാക്കാനും വേണ്ടി നിരവധി ജീവനക്കാരുമുണ്ട്. ഓരോ മേഖലയിലും പ്രാദേശിക ഏജൻറുമാർ വഴിയാണ് ഈ മാഫിയകളുടെ പ്രവർത്തനം. ഈ പ്രാദേശിക ഏജൻറുമാരിൽ ഭൂരിഭാഗവും ഇതിന് മുമ്പ് വൃക്ക വിൽപന നടത്തിയവരുമാണ്. തീരദേശത്ത് നിന്ന് വൃക്ക വിൽകാൻ തയാറാകുന്ന ഒരാളെ ലഭിച്ചാൽ തുടർന്ന് അയാൾ വഴി മണി ചെയ്ൻ മാതൃകയിലാണ് അടുത്ത ഇരയെ ഇവർ കണ്ടെത്തുന്നത്.
50,000 രൂപ മുതൽ ഒരു ലക്ഷം വരെ പ്രാദേശിക ഏജൻറിന് കമീഷനായി നൽകും. വിഴിഞ്ഞത്ത് തന്നെയുള്ള യുവാവ് വൃക്ക നൽകാനുള്ള നടപടികൾ പൂർത്തിയാക്കി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റ് ആയെങ്കിലും രക്തസമ്മർദം കൂടിയതിനാൽ ശസ്ത്രക്രിയ നടന്നില്ല. തുടർന്ന് വാങ്ങിയ പണം ഇയാൾ തിരികെ നൽകി മടങ്ങി. വൃക്ക വിൽപന നടത്തിയവരെല്ലാം സാമ്പത്തിക ബാധ്യതകൾ മൂലമാണ് ഇത് ചെയ്തിരിക്കുന്നത്. ആരെങ്കിലും പിന്നീട് ഇതിൽ നിന്ന് പിന്മാറാൻ ശ്രമിച്ചാൽ ആശുപത്രി പരിശോധനകൾക്കും മറ്റുമായി ലക്ഷങ്ങൾ ഇതിനോടകം ചെലവായി എന്നും അതിനാൽ ആ തുക തിരികെ നൽകണമെന്നും ഏജൻറുമാർ ഭീഷണിപ്പെടുത്തും. ഇതോടെ ഈ പണം നൽകാൻ കഴിയാതെ ഇവർ വൃക്ക വിൽക്കാൻ തയാറാകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.