ഞങ്ങൾക്ക് ആട്ടിൻകുട്ടികളെ കാണാതിരിക്കാൻ പറ്റില്ല; വൈറലായി കത്ത്
text_fieldsകൊച്ചി: വീട്ടിൽനിന്ന് വിറ്റുപോയെങ്കിലും പൊന്നുപോലെ സ്നേഹിക്കുന്ന ആട്ടിൻകുട്ടികളെ കാണാൻ അനുവാദം തേടി രണ്ട് കുരുന്നുകൾ എഴുതിയ കത്ത് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു. പേരോ വിലാസമോ ഒന്നും കുറിക്കാത്ത ഒരു കൊച്ചു കുട്ടിയും അനിയനും തങ്ങളുടെ ആട്ടിൻകുട്ടികളോടുള്ള ഇഷ്ടത്താൽ എഴുതിയ കത്താണ് നിഷ്കളങ്കതയുടെ അക്ഷരങ്ങളായി ഫേസ്ബുക്ക് ചുമരുകളിൽ പാറിനടക്കുന്നത്.
കൊല്ലം സ്വദേശിയായ നിഥിൻ ജി നെടുമ്പിനാൽ ആണ് കുട്ടികളുടെ കത്ത് ഫേസ്ബുക്കിൽ പങ്കുവെച്ചത്. 'പ്രിയപ്പെട്ട അങ്കിൾ, എനിക്കും എെൻറ അനിയനും ഒരു ചെറിയ അനുവാദം തരണം. ഞങ്ങൾക്ക് ആ ആട്ടിൻകുട്ടികളെ കാണാൻ ഒരു അനുവാദം തരണം. ഞങ്ങൾക്ക് അതിനെ കാണാതിരിക്കാൻ പറ്റില്ല. പെർമിഷൻ തരും എന്ന ഉറപ്പോടെ ഞാൻ നിർത്തുന്നു. എന്ന് ആടുകളെ വിൽക്കപ്പെട്ട വീട്ടിലെ കുട്ടികൾ'-ചിതറിയ കുരുന്നു കൈപ്പടയിൽ അക്ഷരതെറ്റേതുമില്ലാതെ ഇത്ര മാത്രം കുറിച്ച കത്താണ് സഹജീവി സ്നേഹത്തിെൻറ സൗരഭ്യം പരത്തുന്നത്.
തങ്ങളുടെ വീട്ടിൽനിന്ന് ആട്ടിൻ കുഞ്ഞുങ്ങളെ വാങ്ങിയ അഭിഭാഷകെൻറ വീട് തേടിപ്പിടിച്ചെത്തുകയായിരുന്നു ഇവരെന്ന് നിഥിൻ എഴുതുന്നു. വീട്ടിൽ ആരെയും കാണാത്തതിനാൽ ഇങ്ങനെയൊരു കത്തെഴുതി വെച്ച് കുട്ടികൾ മടങ്ങുകയായിരുന്നു. പതിവായി ഉച്ചക്ക് അഭിഭാഷകെൻറ വീട്ടിൽ വിശ്രമിക്കാനെത്തുന്ന നിഥിൻ ശനിയാഴ്ച വന്നപ്പോൾ വീട്ടിലാരുമുണ്ടായിരുന്നില്ല. മുന്നിലിരുന്ന് എഴുതികൊണ്ടിരിക്കെയാണ് കുഞ്ഞുങ്ങൾ െവച്ചുപോയ കത്ത് ശ്രദ്ധയിൽപെട്ടത്. ‘ഒന്നു വായിച്ചപ്പോൾ തന്നെ മനസ്സിൽ വല്ലാത്ത കുളിർമ തോന്നി.
കുഞ്ഞാടുകളെ വാങ്ങിയ ആളിെൻറ വീട് തേടിപ്പിടിച്ച് ഇതുപോലൊരു കത്തെഴുതിയ ആ കുട്ടികൾ നൽകുന്ന സന്ദേശം വളരെ വലുതാണ്. എനിക്കും അനിയനും ആട്ടിൻകുട്ടിയെ കാണാതിരിക്കാൻ കഴിയില്ല എന്ന ഒറ്റവരി മതി സ്നേഹം മരിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്തെ മനുഷ്യരെ ഇരുത്തി ചിന്തിപ്പിക്കാൻ’ എന്നും നിഥിൻ പറയുന്നു. കുഞ്ഞുങ്ങളുടെ നിഷ്കളങ്കതയും സ്നേഹാർദ്രതയും വാഴ്ത്തി, അവർക്ക് ആട്ടിൻകുട്ടികളെ തിരിച്ചുകിട്ടണേ എന്നു പ്രാർഥിച്ചാണ് പലരും പോസ്റ്റ് പങ്കുവെക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.