കിഫയുടെ വാദം തെറ്റ്; കടുവകളുടെ എണ്ണം പുറത്തുവിട്ട് വനംവകുപ്പ്
text_fieldsമാനന്തവാടി: വയനാടൻ കാടുകളിൽ 154 കടുവകളുണ്ടെന്ന വിവരം ചിത്രസഹിതം പുറത്തുവിട്ട കർഷക സംഘടനയായ കിഫയുടെ വാദം തെറ്റാണെന്ന് സമർഥിക്കുന്ന കണക്കുകൾ പുറത്തുവിട്ട് വനംവകുപ്പ്. കേരള വനംവകുപ്പിന്റെ 2023ലെ കടുവ കണക്കെടുപ്പ് പ്രകാരം വയനാട്ടിലുള്ളത് 84 കടുവകൾ മാത്രം.
ഏപ്രിൽ മുതൽ മനുഷ്യ-വന്യജീവി സംഘർഷത്തിന്റെ ഭാഗമായി ഇവിടെനിന്ന് പിടിച്ചതും സ്ഥലംമാറ്റപ്പെട്ടതുമായ കടുവകളുടെ എണ്ണം ആറാണ്. ഈ മാസം മുതൽ ഇതുവരെ മൂന്നു കടുവകൾ ചത്തു. 2022ൽ ദേശീയ കടുവ കൺസർവേഷൻ അതോറിറ്റിയുടെ കണക്കെടുപ്പ് പ്രകാരം വയനാട്ടിൽ ആകെയുള്ളത് 80 കടുവകളാണ്. വയനാട്ടിലെ ആകെ വനവിസ്തൃതി 1138 സ്ക്വയർ കി.മീ. ആണ്. വയനാട് വന്യജീവി സങ്കേതം, ആറളം വന്യജീവി സങ്കേതം. കൊട്ടിയൂർ വന്യജീവി സങ്കേതം, വയനാട് നോർത്ത് ഡിവിഷൻ, വയനാട് സൗത്ത് ഡിവിഷൻ, കണ്ണൂർ ഡിവിഷൻ എന്നിവ ഇതിൽ ഉൾപ്പെടും.
മുള്ളൻകൊല്ലിയിൽ കടുവയെ പിടികൂടിയതിനു പിന്നാലെയാണ് വയനാടൻ കാടുകളിൽ 154 കടുവകളുണ്ടെന്ന വിവരം ചിത്രസഹിതം കിഫ പുറത്തുവിട്ടത്. 2020ലെ നാഷനൽ ടൈഗർ കൺസർവേഷൻ അതോറിറ്റി (എൻ.ടി.സി.എ) പുറത്തുവിട്ട ആൽബത്തിൽനിന്ന് ഓരോ കടുവയുടെ തിരിച്ചറിയൽ നമ്പറുകൾ അടക്കം രണ്ടുവീതം ചിത്രങ്ങൾ പുറത്തുവിടുന്നുവെന്നായിരുന്നു അവകാശവാദം. എന്നാൽ, 2022ലെ ഇതേ അതോറിറ്റിയുടെ കണക്കുകളിൽ 80 കടുവകളാണെന്നാണ് വനംവകുപ്പ് പുറത്തുവിട്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.