5682 കോടിയുടെ 64 പദ്ധതികൾക്ക് കിഫ്ബി അംഗീകാരം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് 5681.93 കോടിയുടെ 64 പദ്ധതികൾക്ക് കൂടി കിഫ്ബി അനുമതി നൽകി. ഇതിൽ 3414 കോടി രൂപ സ്ഥലമേറ്റെടുക്കൽ അടക്കം 36 റോഡ് വികസന പദ്ധതികൾക്കാണ്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ബോർഡ് യോഗമാണ് പദ്ധതികൾക്ക് ധനാനുമതി നൽകിയത്. ഇതോടെ കിഫ്ബി വഴി നടപ്പാക്കുന്ന പദ്ധതികൾ 80352. 04 കോടിയുടേതായി ഉയർന്നു. മൊത്തം പദ്ധതികൾ 1057 എണ്ണമായെന്നും മന്ത്രി കെ.എൻ. ബാലഗോപാൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കോസ്റ്റൽ ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ വകുപ്പിനു കീഴിൽ കൊച്ചിയിലെ ചിലവന്നൂർ ബണ്ട് റോഡ് പാലത്തിന് 32.17 കോടിയും എളംകുളം സ്വിവറേജ് പ്ലാന്റിന് 341.97 കോടിയുടെ പദ്ധതിക്കും അംഗീകാരം നൽകി. 605.49 കോടിയുടെ ആരോഗ്യ വകുപ്പിന്റെ എട്ട് പദ്ധതികൾക്ക് അനുമതിയായി. ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിൽ ഒമ്പത് പദ്ധതികൾക്ക് 600.48 കോടിയും ജലവിഭവ വകുപ്പിനു കീഴിലുള്ള 467.32 കോടിയുടെ മൂന്നു പദ്ധതികൾക്കും തദ്ദേശ വകുപ്പിനു കീഴിൽ 42.04 കോടിയുടെ രണ്ടു പദ്ധതികൾക്കും അംഗീകാരമായി. പത്തനംതിട്ടയിലെ ഇൻഡോർ സ്റ്റേഡിയത്തിന് 47.93 കോടി അനുവദിച്ചു. എട്ട് സ്കൂളുകളുടെ നവീകരണത്തിന് 31.11 കോടിയും മൃഗസംരക്ഷണ വകുപ്പിനു കീഴിൽ ട്രാൻസ്ലേഷണൽ റിസർച് സെന്ററിനുവേണ്ടി 10.24 കോടിയുടേയും അനുമതി നൽകി.
മറ്റു പ്രധാന പദ്ധതികൾ:
പിണറായി വില്ലേജിലെ വിദ്യാഭ്യാസ സമുച്ചയ നിർമാണത്തിന് 232.05 കോടി
തൃശൂർ മെഡിക്കൽ കോളജ് വനിതാ ശിശു ബ്ലോക്കിന് 279.19 കോടി
കണ്ണൂർ എയർപോർട്ട് കണക്റ്റിവിറ്റി പാക്കേജിൽ മൂന്ന് റോഡുകൾക്ക് 1979.47 കോടിയുടെ സ്ഥലമേറ്റെടുപ്പ്
റിസർച് പാർക്കിനായി വിളപ്പിൽശാലയിൽ 50 ഏക്കർ സ്ഥലം ഏറ്റെടുക്കാൻ 203.93 കോടി.
മട്ടന്നൂർ- ഇരിട്ടി, കൊയിലാണ്ടി മുനിസിപ്പാലിറ്റി, താനൂർ മുനിസിപ്പാലിറ്റി കുടിവെള്ള പദ്ധതികൾക്കായി 467.37 കോടി.
മലയോര ഹൈവേയിൽ ഒമ്പത് പദ്ധതികൾക്ക് 582.82 കോടി.
തീരദേശ ഹൈവേയുടെ നാല് പദ്ധതി സ്ഥലം ഏറ്റെടുക്കാൻ 139.90 കോടി.
ആലുവ-പെരുമ്പാവൂർ റോഡ് സ്ഥലം ഏറ്റെടുപ്പിന് 262.75 കോടി. *അഞ്ച് ഇടങ്ങളിലെ ജങ്ഷൻ വികസനത്തിന് 20.55 കോടി.
ബാലരാമപുരം അടിപ്പാത ഉൾപ്പെടെ കൊടിനട-വഴിമുട്ട് റോഡ് വികസനത്തിന് സ്ഥലം ഏറ്റെടുക്കാൻ 113.90 കോടി.
ഹരിപ്പാട്, അടൂർ, കോതമംഗലം മുനിസിപ്പാലിറ്റികൾ, ഏഴോം, കല്യാശ്ശേരി, മൂത്തേടം, പനങ്ങാട്, പഴയന്നൂർ, തര്യോട്, തുവൂർ, വള്ളത്തോൾ നഗർ, വഴിക്കടവ് എന്നീ പഞ്ചായത്തുകളുടെയും ശ്മശാന നിർമാണത്തിന് 28.21 കോടി.
കൊട്ടാരക്കര ബൈപാസിന് സ്ഥലം ഏറ്റെടുക്കാൻ 110.36 കോടി.
കോവളം ബീച്ച് വികസനത്തിന് 89.09 കോടി.
മണക്കാട്-ആറ്റുകാൽ ക്ഷേത്രം റോഡ് സ്ഥലം ഏറ്റെടുക്കാൻ 52.99 കോടി.
മൂന്ന് ട്രാൻസ്ലേഷണൽ റിസർച് സെന്ററുകളുടെ നിർമാണത്തിന് 47.83 കോടി.
ഉന്നത വിദ്യാഭ്യാസ വകുപ്പിൽ മൂന്ന് ഹോസ്റ്റൽ നിർമാണത്തിന് 76.94 കോടി.
അഞ്ച് താലൂക്ക് ഓഫിസ് നവീകരണത്തിന് 271.85 കോടി.
തിരുവനന്തപുരം മെഡിക്കൽ കോളജ് ഇമേജോളജി വകുപ്പ് വികസനത്തിന് 43.75 കോടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.