2953 കോടിയുടെ പദ്ധതികൾക്കുകൂടി കിഫ്ബി അംഗീകാരം
text_fieldsതിരുവനന്തപുരം: ആരോഗ്യമേഖലയിലെ 816 കോടിയുടേത് ഉൾപ്പെടെ 2953 കോടി രൂപയുടെ പദ്ധതികൾക്ക് കിഫ്ബി അംഗീകാരം. പൊതുമരാമത്ത് വകുപ്പിെൻറ 1369.05 കോടി രൂപയുടെ പദ്ധതിക്കും കിഫ്ബി എക്സിക്യൂട്ടിവ്, ബോർഡ് യോഗങ്ങൾ അനുമതി നൽകിയതായി മന്ത്രി ഡോ. ടി.എം. തോമസ് ഐസക് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ സർജിക്കൽ ബ്ലോക്ക്, പീഡിയാട്രിക് ബ്ലോക്ക്, എം.എൽ.ടി ബ്ലോക്ക് നിർമാണം, പരിയാരം, കോന്നി മെഡിക്കൽ കോളജുകൾ, കോട്ടയം ജനറൽ ആശുപത്രി, കോഴിക്കോട് ജനറൽ ആശുപത്രി, കൊച്ചി കരുവേലിപ്പടി, കായംകുളം, ഫറൂക്ക്, ബാലുശേരി, കൊയിലാണ്ടി താലൂക്ക് ആശുപത്രികളുടെ നവീകരണം എന്നിവയാണ് ആരോഗ്യമേഖലയിലെ പ്രധാന പദ്ധതികൾ.
കെ.എസ്.ആർ.ടി.സിക്ക് 330 സി.എൻ.ജി ബസ് വാങ്ങാനുള്ള പണവും നൽകും. നിലവിലെ ഡീസൽ ബസുകൾ എൽ.എൻ.ജി ആക്കാൻ പണം വകയിരുത്തി. ഇതിന് കെ.എസ്.ആർ.ടി.സി-കിഫ്ബി ധാരണപത്രം ഒപ്പുവെക്കും. ഇതോടെ ന്യൂഡൽഹി കഴിഞ്ഞാൽ ഗ്രീൻ ട്രാൻസ്പോർട്ട് സംവിധാനമുള്ള രാജ്യത്തെ രണ്ടാമത്തെ സംസ്ഥാനം കേരളമാവും.
ശബരിമല ഇടത്താവള വികസനത്തിനുൾപ്പെടെ 143 കോടി രൂപ നീക്കിെവച്ചു. 24 ക്ലസ്റ്ററിലായി 336 സ്കൂളുകൾക്ക് ഒരു കോടി രൂപയുടേതാണ് അനുമതി. തീരദേശത്തെ എല്ലാ സ്കൂളുകളുടെയും വികസനം കിഫ്ബി ഏറ്റെടുക്കും. ഉന്നതവിദ്യാഭ്യാസ മേഖലയിൽ 60 കോടി രൂപയുടെ പദ്ധതികൾക്കും അംഗീകാരമുണ്ട്.
പാലക്കാട് കൊഴിഞ്ഞാമ്പാറ പത്തിരിപ്പാല, പത്തനംതിട്ട ഇലന്തൂർ, മലപ്പുറം ഡൗൺഹിൽ എന്നിവിടങ്ങളിൽ ആർട്സ് ആൻഡ് സയൻസ് കോളജുകൾക്കും അനുമതി നൽകി. പൊന്നാനിയിലെ ഹൗറ മാതൃക ഹാങ്ങിങ് ബ്രിഡ്ജിനും അംഗീകാരം ലഭിച്ചു. തിരുവനന്തപുരം-കാസർകോട് തീരദേശ ഇടനാഴിയുടെ ഭാഗമായി നിർമിക്കുന്ന പാലത്തിന് 289 കോടി രൂപയാണ് അനുവദിച്ചത്. ആലപ്പുഴ കടൽപ്പാല നിർമാണത്തിന് 15.26 കോടി രൂപയുടെ അനുമതി നൽകി.
അന്തൂർ, കണ്ണൂർ, കൂത്താട്ടുകുളം, പട്ടാമ്പി എന്നിവിടങ്ങളിലെ നാല് മുനിസിപ്പൽ ഓഫിസ് കെട്ടിടങ്ങൾക്ക് 50.79 കോടി രൂപയും പാലക്കാട്, പുനലൂർ, ആറ്റിങ്ങൽ, കോഴിക്കോട് എന്നിവിടങ്ങളിൽ അറവുശാലകൾ നിർമിക്കാൻ 38.77 കോടി രൂപയുടെയും പദ്ധതികൾക്കാണ് അംഗീകാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.